Sections

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്

Friday, Apr 03, 2026
Reported By Admin
Heartfulness Joins Global Biodiversity Alliance

ഹൈദരാബാദ്: ആഗോളതലത്തിൽ ജൈവവൈവിധ്യ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യത്തിൽ (ഗ്ലോബൽ ബയോഡൈവേഴ്സിറ്റി അലയൻസ് - ജിബിഎ) അംഗമായി. അന്താരാഷ്ട്ര തലത്തിൽ ജൈവവൈവിധ്യം നിലനിർത്തുന്നതിനും പരിസ്ഥിതി നാശം തടയുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് കരുത്തുപകരുകയാണ് ഈ പങ്കാളിത്തത്തിലൂടെ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.

ജോർജ് ടൗൺ ഡിക്ലറേഷൻ, കുൺമിങ്ങ് മോൺട്രിയൽ ആഗോള ജൈവവൈവിധ്യ ചട്ടക്കൂട് എന്നിവയുടെ തത്വങ്ങളെ മുൻനിർത്തി, പ്രകൃതിയുടെ വീണ്ടെടുപ്പിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വേദികളിൽ ഹാർട്ട്ഫുൾനെസ് ഇനി സജീവമാകും.

ലോകത്തെ 160 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അയ്യായിരത്തോളം കേന്ദ്രങ്ങളുടെ ശൃംഖല വഴി ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കാൻ ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻകൈ എടുക്കും. നിലവിൽ ഇന്ത്യയിലെ പരിസ്ഥിതി പുനരുദ്ധാരണ മേഖലയിലെ വിവരങ്ങളുടെ കുറവ് പരിഹരിക്കാനും ജിബിഎയുമായുള്ള ഈ സഹകരണം വഴി സാധിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.

ഈ അംഗത്വത്തിലൂടെ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരുമായി സാങ്കേതിക വിവരങ്ങളും വിഭവങ്ങളും പങ്കുവെക്കാൻ സാധിക്കുമെന്ന് ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിശ്വാസ് സുബ്രഹ്മണ്യം പറഞ്ഞു. 2030-ഓടെ ഭൂമിയുടെയും സമുദ്രങ്ങളുടെയും 30 ശതമാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി20 രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണ തീരുമാനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം, വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ചെറുത്ത് വരുംതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാനുള്ള വിപുലമായ പ്രവർത്തനങ്ങൾക്കാണ് സഖ്യം നേതൃത്വം നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.