Sections

7 ലക്ഷം സന്ദർശകർ; കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് സമാപിച്ചു

Wednesday, Apr 01, 2026
Reported By Admin
Kochi Biennale 2026 Attracts Over 7 Lakh Visitors

കൊച്ചി: മൂന്നു മാസത്തിലധികം കൊച്ചി നഗരത്തെ രാജ്യത്തിൻറെ സമകാലീന കലാതലസ്ഥാനമാക്കി കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് സമാപനമായി. ഈ മേളയിലൂടെ രൂപപ്പെട്ട സർഗ്ഗാത്മക ഊർജ്ജം ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് തുടർന്നും പ്രചോദനമാകുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി. പറഞ്ഞു.

കലാകാരന്മാരുടെ ശക്തമായ പങ്കാളിത്തം, വൈവിധ്യമാർന്ന പ്രമേയങ്ങൾ, വിപുലമായ ജനകീയ പങ്കാളിത്തം എന്നിവയിലൂടെ ആറാം ലക്കം വൻ വിജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വേദികളിലാണ് ഇത്തവണ കൊച്ചിയിൽ പ്രദർശനം നടന്നത്. 29 വേദികളിലും മേളയിലുടനീളം വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആകെ 7 ലക്ഷത്തിലധികം കലാപ്രേമികൾ ആണ് കൊച്ചി മുസിരിസ് ബിനാലെ സന്ദർശിച്ചത്.

കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ ചുമതല തന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയതും വെല്ലുവിളികൾ നിറഞ്ഞ അനുഭവമായിരുന്നുവെന്ന് ക്യൂറേറ്റർ നിഖിൽ ചോപ്ര വിശേഷിപ്പിച്ചു. ക്യൂറേറ്റർ എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിൽ എച്ച്എച്ച് ആർട്ട് സ്പേസസിന്റെ പിന്തുണ വിലമതിക്കാനാവാത്തതായി.

ആറാം പതിപ്പ് സമാപിക്കുമ്പോൾ കൊച്ചി-മുസിരിസ് ബിനാലെ കേവലം ഒരു കലാമേള മാത്രമല്ലെന്നും അത് പഠിക്കാനും പങ്കുവെക്കാനുമുള്ള വലിയ പാഠശാല ആയിരുന്നെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് പറഞ്ഞു. കലാകാരന്മാർ, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, സംഘാടകർ എന്നിവരുടെ കഠിനാധ്വാനമാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഈ പതിപ്പിനെ ജനങ്ങളുടെ ബിനാലെ'ആക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വെയർഹൗസുകളെ പ്രദർശന വേദികളാക്കി മാറ്റിയ കരാറുകാർ, സാങ്കേതിക വിദഗ്ധർ, തൊഴിലാളികൾ എന്നിവർക്കൊപ്പം അഡ്മിനിസ്ട്രേഷൻ, പ്രൊഡക്ഷൻ, പ്രോഗ്രാംസ്, ഹോസ്പിറ്റാലിറ്റി, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ വിഭാഗങ്ങളിലെ ടീമുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

140-ലധികം വോളന്റിയർമാർ, ആർട്ട് മീഡിയേറ്റർമാർ, ജീവനക്കാർ തുടങ്ങിയവർ നൽകിയ സംഭാവനകളെയും സിഇഒ അഭിനന്ദിച്ചു. സന്ദർശകർക്ക് മികച്ചെ സേവനങ്ങൾ നൽകാൻ സഹായിച്ച കുടുംബശ്രീ പോലുള്ള കമ്മ്യൂണിറ്റി സംരംഭങ്ങൾക്കും കൊച്ചി കോർപ്പറേഷന്റെ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ചീഫ് ജനറൽ മാനേജർ (എച്ച്ആർ) ജോർജ് തോമസ് ടീം അംഗങ്ങൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.