- Trending Now:
മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗം ഉണ്ടാക്കുന്നത്. ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ കന്നുകാലികൾ, പന്നി, കുതിര, പട്ടി, പലതരത്തിലുള്ള കരണ്ടു മുറിക്കുന്ന ജീവികളായ എലി, അണ്ണാൻ എന്നിവയിലും കാണപ്പെടുന്നു. കേരളത്തിൽ എലികളിലാണ് ഈ രോഗാണുക്കളെ കൂടുതലായി കണ്ടുവരുന്നത്.
എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. ഒരു തുള്ളി എലി മൂത്രത്തിൽ കോടിക്കണക്കിന് ബാക്ടീരിയകൾ ഉണ്ടാകും. ഇവ എലികളിൽ രോഗമുണ്ടാക്കാറില്ല. ഇവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നതിലൂടെയും, തൊലിയിലുള്ള മുറിവുകളിൽ കൂടിയോ, വായ വഴിയോ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. പഴകിയ ആഹാരം, വേവിക്കാത്ത ആഹാരം എന്നിവ കഴിക്കുന്നതും, ജന്തുക്കളുടെ കണ്ണുകൾ, മൂക്ക് എന്നിവ തൊടുന്നതും വഴി മനുഷ്യരിലേക്ക് രോഗം പരക്കാം.
ഏകദേശം 5-15 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടാകും. പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ പനി കഠിനമായ തലവേദന പേശി വേദന പനിയോടൊപ്പം ചിലപ്പോൾ ഉണ്ടാകുന്ന വിറയൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കാൽ വെണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പ് നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറം ഉണ്ടാവുക, മൂത്രം മഞ്ഞനിറത്തിൽ പോകുക എന്നീ രോഗലക്ഷണങ്ങളും ഉണ്ടാകാം. മഞ്ഞപ്പിത്തം ശക്തമായ പനിയോടൊപ്പമാണ് ഉണ്ടാകുന്നതെങ്കിൽ എലിപ്പനി ആണോ എന്ന് സംശയിക്കണം.'വീൽസ് സിൻഡ്രോം' എന്ന അവസ്ഥ വളരെ അപകടകരവും, ചികിത്സ കൃത്യമായി കിട്ടിയാൽ പോലും ഒരു വലിയ ശതമാനം പേരിൽ മാരകവും ആണ്. മറ്റു പല പനികളിൽ കാണുന്നതുപോലെ എലിപ്പനിയിലും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നു. ഇതും രക്തസ്രാവത്തിനു കാരണമാകുന്നു.
യഥാസമയത്ത് കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്തില്ലെങ്കിൽ ഹൃദയം, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതൽ സങ്കീർണമാകുന്നത്.
എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.