- Trending Now:
കൊച്ചി: കേരളത്തിന്റെ തനത് കലകളും സംസ്കാരവും പാരമ്പര്യങ്ങളും നേരിട്ട് അനുഭവിച്ചറിയുന്നതിനുള്ള അവസരമൊരുക്കി കേരള ട്രാവൽ മാർട്ട് 2026 (കെടിഎം). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടൂർ ഓപ്പറേറ്റർമാർക്കും ബിസിനസ് പ്രതിനിധികൾക്കും കേരളത്തിന്റെ തനിമ അറിയുന്നതിനുള്ള അപൂർവ്വ വേദിയാണ് ഇതിലൂടെ ഒരുങ്ങിയത്.
പുലികളി, കഥകളി, പരമ്പരാഗത കരകൗശല വിദ്യകൾ, സംഗീതം, ഭക്ഷണം, വള്ളം നിർമ്മാണം എന്നിങ്ങനെയുള്ള കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് പേർ കെടിഎം വേദിയിൽ തങ്ങളുടെ കലയും പാരമ്പര്യവും ജീവിതാനുഭവങ്ങളും പങ്കുവെച്ചത് വേറിട്ട അനുഭവമായി.
മട്ടാഞ്ചേരിയുടെ സംഗീതപാരമ്പര്യം ആറ് പതിറ്റാണ്ടായി സംരക്ഷിക്കുന്ന നെൽസൺ സേവ്യർ മലയാളത്തിലെ പഴയകാല ഗാനങ്ങൾ അവതരിപ്പിച്ചു. പത്താം വയസിൽ പിതാവിൽ നിന്ന് ക്ലാർനെറ്റ് വായിക്കാൻ പഠിച്ച അദ്ദേഹം പിന്നീട് സാക്സോഫോണിലും പ്രാവീണ്യം ആർജ്ജിച്ചു. സംഗീതജ്ഞനും അധ്യാപകനുമായ അദ്ദേഹം 'പ്രാണസഖി ഞാൻ' ഉൾപ്പെടെയുള്ള ഗാനങ്ങൾ അവതരിപ്പിച്ച് സന്ദർശകരുടെ മനം കവർന്നു.
കോഴിക്കോടുകാരനായ മിഠായി ബഷീർ എന്നറിയപ്പെടുന്ന എ.ടി ബഷീർ അഞ്ച് പതിറ്റാണ്ടിലേറെയായി സംരക്ഷിച്ചുവരുന്ന പഞ്ചാരപ്പാൽ മിഠായി നിർമ്മാണം പ്രതിനിധികൾക്ക് പരിചയപ്പെടുത്തി. പഞ്ചസാര, വെള്ളം, നാരങ്ങനീര് എന്നിവ ഉപയോഗിച്ച് വിവിധ രൂപങ്ങളിലുള്ള മിഠായികൾ തയ്യാറാക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
തൃശൂരിന്റെ പ്രശസ്തമായ പുലികളിയും പരിപാടിയിൽ അവതരിപ്പിച്ചു. പുലികളിയുടെ പാരമ്പര്യം നിലനിർത്തിപ്പോരുന്ന കലാകാരൻമാരിൽ ഒരാളായ ഒല്ലൂരിൽ നിന്നുള്ള ടോണി സി.എസ് ആണ് സദസ്യർക്ക് മുന്നിൽ ഈ പരമ്പരാഗത കലാരൂപത്തിന്റെ സവിശേഷതകൾ അവതരിപ്പിച്ചത്.
തെങ്ങോല ഉപയോഗിച്ച് ഓലപ്പീപ്പിയും വിവിധ കളിപ്പാട്ടങ്ങളും നിർമ്മിക്കുന്ന രീതി പിന്തുടരുന്ന പുരുഷൻ മാരാരിക്കുളം അവയുടെ നിർമ്മാണ രീതി പരിചയപ്പെടുത്തി. അന്യംനിന്നു പോകുന്ന ഈ കരകൗശല പാരമ്പര്യം പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനായി അദ്ദേഹം ശില്പശാലകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
കേരളത്തിലെ നാടൻ കലാരൂപങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ കേരള പോലീസിലെ മുൻ ഉദ്യോഗസ്ഥനായ സത്യൻ എടക്കാട് പങ്കുവെച്ചു.
കേരളത്തിന്റെ കായൽ ടൂറിസത്തിന്റെ ഭാഗമായ കെട്ടുവള്ളങ്ങളുടെ ചരിത്രവും പരിപാടിയിൽ പരിചയപ്പെടുത്തി. പരമ്പരാഗത വള്ളം നിർമ്മാണ വിദ്യ സംരക്ഷിക്കുന്ന കുടുംബാംഗമായ കൊല്ലം, ആലുംകടവ് സ്വദേശി സുദേവൻ വള്ളം നിർമ്മാണത്തെക്കുറിച്ചും ചരക്കുവള്ളമായിരുന്ന കെട്ടുവള്ളം എങ്ങനെ ഹൗസ്ബോട്ടായി മാറിയെന്നും വിശദീകരിച്ചു.
കൊല്ലം തഴവയിലെ കൈതോല ഉത്പന്നങ്ങളുടെ നിർമ്മാണത്തെ പറ്റിയും അവതരണമുണ്ടായി. കേരളത്തിന്റെ കലകളും കരകൗശലങ്ങളും പാരമ്പര്യവും മാത്രമല്ല, സംസ്ഥാനത്തിന്റെ പ്രകൃതിദത്തമായ വൈവിധ്യങ്ങളും സന്ദർശകർക്ക് പരിചയപ്പെടാനുള്ള വേദിയായിരുന്നു കെടിഎം 2026.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.