Sections

കലാസംസ്കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയൻ കെടിഎമ്മിലെ മുഖ്യ ആകർഷണം

Monday, Sep 28, 2026
Reported By Admin
KTM 2026 Showcases Kerala Culture Through Theyyam Pavilion

കൊച്ചി: കലാസംസ്കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയൻ കേരള ട്രാവൽ മാർട്ടിലെ (കെടിഎം-2026) പ്രധാന ആകർഷണമാകുന്നു. 'ദി മാജിക്കൽ എവരിബഡി' എന്ന പ്രമേയത്തിൽ കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെയും സംസ്കാരത്തെയും തെയ്യക്കോലത്തിലൂടെ ചിത്രീകരിക്കുന്നതാണ് കെടിഎം എക്സ്പോയിലെ കേരള ടൂറിസം പവലിയൻ.

കെടിഎമ്മിലെത്തുന്ന വിദേശ, ഇതര സംസ്ഥാന ബയേഴ്സിനെയും ആഭ്യന്തര പ്രതിനിധികളെയും ഒരുപോലെ ആകർഷിക്കുന്നതാണിത്.

എക്സ്പോ ഉദ്ഘാടനത്തിനെത്തിയ ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പവലിയൻ സന്ദർശിക്കുകയും നിർമ്മാണത്തെ അഭിനന്ദിക്കുകയും ചെയ്തു.
കേരള ടൂറിസത്തിന്റെ ഉൽപന്നങ്ങളിൽ സാംസ്കാരിക ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പവലിയൻ തയ്യാറാക്കിയിട്ടുള്ളത്. 'ദി മാജിക്കൽ എവരിബഡി' എന്ന ആശയത്തിലുള്ള പവലിയനിലൂടെ സംസ്ഥാനത്തെ തനത് കലകളും സാംസ്കാരികമായ സവിശേഷതകളും നേരിട്ടറിയാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നു.

കേരളീയ കലാരൂപങ്ങളും സംസ്കാരവും അറിയാൻ താൽപര്യപ്പെടുന്ന വിദേശ, ആഭ്യന്തര സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം നൽകുന്നതായിരിക്കുമെന്നും ഈ പവലിയനെന്ന് ടൂറിസം വകുപ്പ് വിലയിരുത്തുന്നു. കേരളീയ കലകൾ ആസ്വദിക്കാൻ സഞ്ചാരികളെ ക്ഷണിക്കുന്നതിലൂടെ അനുഭവവേദ്യ ടൂറിസത്തിന് സംസ്ഥാനം നൽകുന്ന പ്രാധാന്യത്തിനും അടിവരയിടുന്നു. വടക്കൻ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ ചിത്രീകകരണം മലബാർ മേഖലയിലെ ടൂറിസം പ്രോത്സാഹനവും ലക്ഷ്യമിടുന്നു.

40 ചതുരശ്ര മീറ്റർ സ്ഥലത്താണ് പവലിയൻ ഒരുക്കിയിട്ടുള്ളത്. കണ്ടനാർ കേളൻ എന്ന തെയ്യക്കോലത്തിന്റെ പൂർണകായ രൂപമാണ് തയ്യാറാക്കിയിട്ടുള്ളത്. 11 അടി ഉയരത്തിലും 6 അടി വീതിയിലുമാണിത്. പ്രധാനമായും കാസർകോട്, പയ്യന്നൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ കെട്ടിയാടുന്നതാണ് കണ്ടനാർ കേളൻ തെയ്യം. അഗ്നിപ്രവേശനമാണ് ഇതിലെ പ്രധാന ചടങ്ങുകളിലൊന്ന്. ഇതിനെ പ്രതിനിധീകരിക്കുന്നതിനായി തെയ്യത്തിനു സമീപം കൃത്രിമ കനൽക്കൂനയും തയ്യാറാക്കിട്ടുണ്ട്. രാത്രിയിൽ നടക്കുന്ന ചടങ്ങുകളെ സൂചിപ്പിക്കാൻ തെയ്യക്കോലത്തിനു ചുറ്റും കുത്തിനിർത്തിയ നാലു തീപ്പന്തങ്ങളും കാണാം. കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നിപ്രവേശ ചടങ്ങിന്റെ കൂറ്റൻ ചിത്രമാണ് പവലിയന്റെ പശ്ചാത്തലത്തിലുള്ളത്. തെയ്യത്തിന്റെ ആചാരപ്പെരുമയും സവിശേഷതകളും വിശദമാക്കുന്ന വീഡിയോ പ്രദർശനവും സജ്ജമാക്കിയിട്ടുണ്ട്.

രാജ്യത്തെ മുൻനിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ പതിമൂന്നാം പതിപ്പിന്റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം സംരംഭകരുടെ 383 സെല്ലർ സ്റ്റാളുകളും കേരളം, തമിഴ്നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 27 വരെയാണ് കെടിഎം നടക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.