Sections

സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ് അവസരമൊരുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ

Wednesday, May 20, 2026
Reported By Admin
KSUM Launches ‘Business for Startups’ Initiative

  • 'ബിസിനസ് ഫോർ സ്റ്റാർട്ടപ്പ്' സംരംഭത്തിലേക്ക് താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: ആഗോള വിപണി സാധ്യതയുള്ള ഉത്പന്നങ്ങളും വരുമാനവുമുള്ള സ്റ്റാർട്ടപ്പുകൾക്ക് മികച്ച ബിസിനസ് അവസരങ്ങളൊരുക്കുന്ന 'ബിസിനസ് ഫോർ സ്റ്റാർട്ടപ്പ്' സംരംഭവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം). നവീന ആശയങ്ങളേയും പുതുതലമുറ സംരംഭകരെയും പിന്തുണയ്ക്കുന്ന കെഎസ്യുഎമ്മിൻറെ പുതുസംരംഭത്തിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് ഇപ്പോൾ താല്പര്യപത്രം സമർപ്പിക്കാം.

സ്റ്റാർട്ടപ്പുകൾക്ക് ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് വ്യാപിക്കുന്ന വ്യാവസായിക പങ്കാളിത്തങ്ങൾക്ക് അവസരമൊരുക്കുക, പുത്തൻ വിപണിയിലേക്കുള്ള പ്രവേശനം സാധ്യമാക്കുക, ബിസിനസ് മേഖലയിലെ വെല്ലുവിളികൾക്കുള്ള നൂതന പരിഹാരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗിക്കുക എന്നിവയിലൂടെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഈ സംരംഭത്തിലൂടെ കെഎസ്യുഎം ലക്ഷ്യമിടുന്നു.

സ്റ്റാർട്ടപ്പുകളും ബിസിനസ് ദാതാക്കളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ് വളർച്ച സാധ്യമാക്കാനുള്ള ശ്രമമാണ് ബിസിനസ് ഫോർ സ്റ്റാർട്ടപ്പ് സംരംഭമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഇതിൻറെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് മെൻറർഷിപ്പ് ഉൾപ്പെടെയുള്ള പിന്തുണ കെഎസ്യുഎം ലഭ്യമാക്കും. സംരംഭകമികവുള്ള കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നതിലൂടെ കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കും. ഭാവി സാധ്യതയുള്ള കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പുകളെ പുതിയ തലത്തിലേക്ക് എത്തിക്കാൻ ബിസിനസ് ഫോർ സ്റ്റാർട്ടപ്പ് സംരംഭം ലക്ഷ്യമിടുന്നു.

സ്റ്റാർട്ടപ്പുകൾക്ക് പുതുവിപണി കണ്ടെത്താനും പ്രൊഫഷണൽ നെറ്റ് വർക്കുകൾ വികസിപ്പിക്കാനും കോർപ്പറേറ്റ് സഹകരണത്തിലൂടെ ബിസിനസ്സ് വളർച്ച ത്വരിതപ്പെടുത്താനും ഇതിലൂടെ സാധിക്കും. ആഗോള വിപണിയിലേക്ക് ചുവടുവെക്കുന്ന കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് അനന്തമായ ബിസിനസ് അവസരങ്ങളാണുള്ളത്. കേരളം രൂപീകരിച്ച സ്റ്റാർട്ടപ്പ് നയത്തിൻറെ ഭാഗമായാണ് ഇത്തരം നൂതന സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർട്ടപ്പുകൾക്ക് നാളിതുവരെ 20 കോടിയോളം രൂപയുടെ ബിസിനസ് നേടിക്കൊടുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന് സാധിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻറെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബലിലെ സ്റ്റാർട്ടപ്പ് -നിക്ഷേപക നെറ്റ് വർക്കിംഗ് പരിപാടിയിലൂടെയും വൻ ബിസിനസ് അവസരമാണ് സ്റ്റാർട്ടപ്പുകൾക്ക് തുറന്നു കിട്ടിയത്.

പ്രാദേശിക വിപണിയ്ക്ക് പുറമെ അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് എത്തുന്നതിലൂടെ സ്റ്റാർട്ടപ്പുകളുടെ ബിസിനസിൻറെ വളർച്ചാ നിരക്ക് വർദ്ധിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളും ഉപഭോക്തൃ ആവശ്യങ്ങളും മനസ്സിലാക്കുന്നതിലൂടെ ഉത്പന്നങ്ങളിലും സേവനങ്ങളിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കും. കെഎസ്യുഎം പിന്തുണയും ഡിജിറ്റൽ വളർച്ചയും ഉപയോഗപ്പെടുത്തി ആഗോളതലത്തിൽ സാന്നിധ്യമറിയിക്കാൻ സംരംഭകർക്ക് ഇത് വഴിയൊരുക്കും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ), മറൈൻ റോബോട്ടിക്സ്, ഹെൽത്ത് കെയർ, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അന്താരാഷ്ട്ര നിക്ഷേപകരെയും ഉപഭോക്താക്കളെയും കണ്ടെത്താൻ 'ബിസിനസ് ഫോർ സ്റ്റാർട്ടപ്പ്' സംരംഭത്തിലൂടെ സാധിക്കും.

വിദേശ രാജ്യങ്ങളിലെ എക്സിബിഷനുകൾ, ബിസിനസ്സ് മീറ്റുകൾ, ഗ്ലോബൽ എക്സ്പോഷർ ട്രിപ്പുകൾ തുടങ്ങിയവയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ട്ര പങ്കാളികളെ കണ്ടെത്താൻ കെഎസ്യുഎം വഴിയൊരുക്കും. ആഗോള കോർപ്പറേറ്റ് ഭീമൻമാരുമായി ചേർന്ന് പ്രവർത്തിക്കാനും ഇന്നൊവേഷൻ പ്രോഗ്രാമുകളിൽ ഭാഗമാകാനും കേരളത്തിലെ സംരംഭങ്ങൾക്ക് അവസരം ലഭിക്കും.

മികച്ച ഉത്പന്നങ്ങളും വരുമാനവുമുള്ള സ്റ്റാർട്ടപ്പുകൾക്ക് താല്പര്യപത്രം സമർപ്പിക്കാം.

അപേക്ഷിക്കാനുള്ള സമർപ്പിക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/1DKrLRuobopaBizLmIp14oUoT1sDkrhCGuWpHCDsDNF0/viewform?ts=69f9c4da&edit_requested=true.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.