Sections

കെഎസ്എഫ്ഇ ലാഭവിഹിതം 35 കോടി കൈമാറി

Thursday, Mar 14, 2024
Reported By Admin
KSFE Divident

കെഎസ്എഫ്ഇയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിത തുകയായ 35 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ എൻ ബാലഗോപാലിന് കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ തുകയ്ക്കുള്ള ചെക്ക് കൈമാറി. സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന നിലയിലേക്ക് കെഎസ്എഫ്ഇ പ്രവർത്തനം വിപൂലീകരിക്കപ്പെടുന്നതായി ധനമന്ത്രി പറഞ്ഞു. മുൻവർഷങ്ങളിലേത് അടക്കം 105 കോടി രൂപയാണ് ലാഭവിഹിതമായി ഈ വർഷം കെഎസ്എഫ്ഇ സർക്കാരിന് കൈമാറിയത്. പുറമെ ഗ്യാരണ്ടി കമ്മീഷൻ ഇനത്തിൽ 114.51 കോടി രൂപയും നൽകി. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ആദായകരമായ ചെറിയ ചിട്ടികൾക്ക് മുൻണന നൽകുന്നു. ഇതിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ചിട്ടിയുടെ ഗുണഫലം എത്തിക്കുകയുമുണ്ടായി. മിതമായ പലിശ നിരക്കിൽ നിരവധി വായ്പാ പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിലൂടെ വായ്പാ -നിക്ഷേപ അനുപാതത്തിൽ എട്ടു ശതമാനം വർദ്ധന നേടാനായി.

ഏപ്രലിൽ തുടങ്ങുന്ന സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി കമ്പനി പ്രവർത്തനം വിപുലപ്പെടുത്തുകയാണ്. സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയുടെ അറ്റമൂല്യം 1134 കോടി രൂപയായി ഉയർന്നു. അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തി. 24 മൈക്രോ ശാഖകൾ ഉൾപ്പെടെ 682 ശാഖകൾ നിൽവിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്നു.

കഴിഞ്ഞവർഷം 371 കോടി രൂപയുടെ റെക്കോർഡ് ലാഭം കമ്പനി നേടി. നടപ്പുസാമ്പത്തിക വർഷത്തിൽ ഫെബ്രുവരിയിൽതന്നെ ചിട്ടി ബിസിനസ്സ് ലക്ഷ്യം പൂർത്തിയാക്കി. നിലവിൽ ആകെ വിറ്റുവരവ് 81,000 കോടി രൂപയായി. സാധാരണക്കാർക്ക് ഏറെ സഹായകരമായ സ്വർണ്ണപ്പണയ വായ്പ 5000 കോടി രൂപയായി ഉയർന്നു. നിക്ഷേപങ്ങൾക്ക് മാറ്റ് ധനകാര്യ സ്ഥാപനങ്ങളേക്കാൾ മികച്ച പലിശ നിരക്കായ 8.25 ശതമാനം ലഭ്യമാക്കുന്നു. ചിട്ടിപ്പണത്തിന് 8.50 ശതമാനം പലിശ ഉറപ്പാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളിൽ ഏറെയും സാധാരണക്കാരാണ്. കമ്പനി പൊതുനന്മാ ഫണ്ട് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും, ദാരിദ്ര നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കുമായി നീക്കിവയ്ക്കുന്നു. ഇത്തരത്തിൽ 4.14 കോടി രൂപ അടുത്തിടെ വിനിയോഗിച്ചു. 'കെഎസ്എഫ്ഇ പവർ ആപ്പ്' എന്ന മൊബൈൽ ആപ്പ് ലക്ഷക്കണക്കിന് ഇടപാടുകാർക്ക് സഹായകരമാകുന്നു. 2021 മെയ് മുതൽ 2016 പേർക്ക് പിഎസ്സി വഴി കെഎസ്എഫ്ഇയിൽ നിയമന ഉത്തരവ് നൽകി. ഇതിൽ 1652 പേർ ഈ സർക്കാർ വന്നതിനുശേഷം ജോലിയിൽ പ്രവേശിച്ചതായും ധനമന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ് കെ സനിൽ, നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി മനോജ്, ജനറൽ മാനേജർ (ഫിനാൻസ്) എസ് ശരത് ചന്ദ്രൻ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ അരുൺബോസ്, വിനോദ്, സുശീലൻ തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.