Sections

ജില്ലാതല വ്യവസായ പ്രദർശന വിപണന മേളക്ക് തുടക്കമായി

Monday, Jan 15, 2024
Reported By Admin
District Level Industry Exhibition

കോഴിക്കോട്: ജില്ലാതല സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ പ്രദർശന വിപണന മേളക്ക് തുടക്കമായി. മേയർ ഡോ.ബീന ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടു കൂടിയാണ് മേള സംഘടിപ്പിക്കുന്നത്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണ് മേള. ഉപഭോക്താക്കൾക്ക് ഉൽപ്പാദകരെ നേരിൽ കാണുന്നതിനും സംവദിക്കുന്നതിനും മേള അവസരമൊരുക്കുന്നു.

ഭക്ഷ്യ സംസ്കരണം, കരകൗശലം, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ഗാർമെന്റ്സ്, മൺപാത്ര നിർമാണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള നവീന ഉൽപ്പന്നങ്ങൾക്ക് പുറമേ, പരമ്പരാഗത മേഖലയിൽ നിന്നുള്ള കയർ, കൈത്തറി ഉൽപ്പന്നങ്ങളും മേളയിലുണ്ട്. ജനുവരി 15 വരെ മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് മേള നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ചടങ്ങിൽ നബാർഡ് ജില്ലാ വികസന മാനേജർ (മലപ്പുറം ആന്റ് കോഴിക്കോട്) മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. കെഎസ്എസ്ഐഎ പ്രസിഡന്റ് എം അബ്ദുറഹ്മാൻ, ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ, ഡിഐസി മാനേജർമാരായ ഐ ഗിരീഷ്, പി നിതിൻ, ഡെപ്യൂട്ടി രജിസ്ട്രാർ എം വി ബൈജു, അസി. ഡയറക്ടർ പി സ്മിത എന്നിവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.