Sections

കേരള ടു നേപ്പാൾ: ഇലക്ട്രിക് കാറിൽ യാത്ര ആരംഭിച്ച് മലയാളി സംഘം

Thursday, May 01, 2025
Reported By Admin
EV Road Trip from Kochi to Kathmandu Promotes Green Energy Awareness

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീൻ എനർജി ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറിൽ യാത്ര ആരംഭിച്ച് മലയാളി സംഘം. ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഇവി വാഹനത്തിൽ രണ്ടായിരത്തോളം കിലോമീറ്റർ താണ്ടി കാഠ്മണ്ഡുവിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. യൂട്യൂബറും ട്രാവലറുമായ യാസിൻ മുഹമ്മദ്,കേരളത്തിലെ മുൻനിര ഇ.വി ഫാസ്റ്റ് ചാർജ്ജിങ് സ്റ്റേഷൻ കമ്പനിയായ ഗോ ഇ.സി നേപ്പാൾ ഡയറക്ടർ ഉണ്ണികൃഷ്ണൻ, ഗോ ഇ.സി ചീഫ് ടെക്നിക്കൽ ഓഫീസർ യദു കൃഷ്ണൻ എന്നിവരാണ് സംഘാംഗങ്ങൾ. കൊച്ചിയിൽ നിന്നും യാത്ര ആരംഭിച്ച ഇവർ ബാംഗ്ലൂർ, ഹൈദരബാദ്,നാഗ്പൂർ,ജംബൽപൂർ, പ്രയാഗ്രാജ്, വാരണാസി, പട്ന വഴി കാഠ്മണ്ഡുവിൽ പ്രവേശിക്കും. പ്രമുഖ ഇവി വാഹന നിർമ്മാതാക്കളായ ടാറ്റാ ഇവിയുമായി ചേർന്നുകൊണ്ട് ഗോ ഇ.സിയാണ് യാത്ര സംഘടിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിയുടെ പ്രവർത്തനം നേപ്പാളിലേക്ക് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബോധവത്കരണ യാത്ര സംഘടിപ്പിച്ചത്.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന യാത്ര മെയ് എട്ടിന് സമാപിക്കും. കൊച്ചിയിൽ നിന്നും യാത്ര തുടങ്ങിയ സംഘത്തിന് തൃശൂരിൽ സ്വീകരണം നൽകി. ആദ്യ ദിന യാത്ര പാലക്കാട് വിൻഡ് മില്ലിലാണ് സമാപിച്ചത്. കേരളത്തിൽ നിന്നും രണ്ടായിരത്തിലധികം കിലോമീറ്റർ താണ്ടുന്ന ഇവർ യാത്രയിലുടനീളം പ്രമുഖ സർവകലാശാലകൾ, സോളാർ എനർജി പാടങ്ങൾ എന്നിവ സന്ദർശിക്കും. കൂടാതെ, വിവിധയിടങ്ങളിൽ സുസ്ഥിരത, ഇ-മൊബിലിറ്റി, പ്രകൃതി സംരക്ഷണം എന്നിവയെ സംബന്ധിച്ചുള്ള നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ദീർഘദൂര യാത്രയ്ക്ക് ഇവി വാഹനം ഗുണകരമാണന്ന സന്ദേശം വാഹനപ്രേമികളിലേക്ക് എത്തിക്കുക, ഇവി വാഹന ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രകൃതി സൗഹൃദ യാത്ര ശക്തിപ്പെടുത്തുക എന്നിവയാണ് യാത്രയുടെ ലക്ഷ്യമെന്ന് ഗോഇസി സിഇഒ പിജി രാംനാഥ് പറഞ്ഞു. കൊച്ചിയിലെ ടാറ്റാ ഇവി ഷോറൂമിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്ളോഗർ വിവേക് വോണുഗോപാൽ ഫ്ളാഗ് ഓഫ് ചെയ്തു. ഗോഇസിയുടെ സിഇഒയും സഹസ്ഥാപകനുമായ പിജി രാംനാഥ്, ഗോ ഇസി സഹസ്ഥാപകൻ എ.പി ജാഫർ, ജനറൽ മാനേജർ ജോയൽ യോഹന്നാൻ, മാർക്കറ്റിങ് മാനേജർ നവനീത് ജോസ്, ടാറ്റാ മോട്ടോഴ്സ് സീനിയർ മാനേജർമാരായ ശ്രീറാം രാജീവ്, നിതിൻ മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.