- Trending Now:
കൊച്ചി: വികസിത വിപണികളിലെ സ്വകാര്യ സംരംഭങ്ങൾക്ക് കഴിഞ്ഞ 60ലേറെ വർഷങ്ങളായി സാമ്പത്തിക സഹായവും ഉപദേശങ്ങളും നൽകി വരുന്ന ഡിഇജിയും വെൽത്ത് മാനേജുമെൻറിലെ ആഗോള മുൻനിരക്കാരും അമേരിക്കയിലെ മികച്ച പേഴ്സണൽ ബാങ്കായ സിറ്റിയും മുൻനിര എൻബിഎഫ്സി ആയ ശ്രീറാം ഫിനാൻസിന് 76 ദശലക്ഷം ഡോളറിൻറെ സംയുക്ത സാമ്പത്തിക പാക്കേജ് ലഭ്യമാക്കും.
എല്ലാവരേയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്തൽ, ഗ്രാമവികസനം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ സംയുക്ത വായ്പാ പദ്ധതിയുടെ ഭാഗമായി ഡിഇജി 40 ദശലക്ഷം യൂറോയും സിറ്റി 260 കോടി രൂപയുമാകും ലഭ്യമാക്കുക. മുൻഗണനാ മേഖലകളിലെ കമ്പനിയുടെ നവീനമായ വായ്പാ പദ്ധതികൾ വഴി ഇന്ത്യയിലെ കുറഞ്ഞ അളവിൽ മാത്രം സേവനം ലഭ്യമായ മേഖലകളിലെ പ്രവർത്തങ്ങൾ ശക്തമാക്കാൻ ഇതു പിന്തുണയേകും.
ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയിലും വൈദ്യുത വാഹന വായ്പാ മേഖലയിലും വനിതാ സംരഭകരുടെ മേഖലയിലും സേവനങ്ങൾ ലഭ്യമാക്കുകയും കുറഞ്ഞ തോതിൽ മാത്രം സാമ്പത്തിക സേവനങ്ങൾ ലഭ്യമായ മേഖലകളിൽ ഔപചാരിക സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിന് ഡിഇജിയുടെ വായ്പ പിന്തുണ നൽകും. ചെറുകിട കർഷകർക്ക് സിറ്റിയുടെ വായ്പകളും പിന്തുണ നൽകും.
വൻ നേട്ടങ്ങൾ സൃഷ്ടിക്കുന്ന ഈ നീക്കത്തിനായി ഡിഇജിയും സിറ്റിയുമായി സഹകരിക്കാൻ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ശ്രീറാം ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഉമേഷ് രെവങ്കർ പറഞ്ഞു. ഇന്ത്യയിലുടനീളം ഔപചാരിക സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ നീക്കത്തിന് ഇതു പിന്തുണ നൽകുമെന്നും ഇതു ചെറുകിട സംരംഭകർ, വനിതാ സംരംഭകർ, വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർ, ചെറുകിട കർഷകർ തുടങ്ങിയവർക്കു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർത്ഥവത്തായ വികസന നേട്ടങ്ങൾ കൈവരിക്കുന്നതിനായി ആഗോള സാമ്പത്തിക സ്ഥാപനങ്ങൾക്ക് എങ്ങനെ ഫലപ്രദമായി പങ്കാളികളാകാം എന്നതിൻറെ ഉദാഹരണമാണ് ഈ സംയുക്ത ധനസഹായമെന്ന് സിറ്റി ഇന്ത്യയുടെ കോർപ്പറേറ്റ് ബാങ്കിംഗ് വിഭാഗത്തിലെ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻസ് ഹെഡും മാനേജിംഗ് ഡയറക്ടറായ അനുരാധ ചൗധരി പറഞ്ഞു. ശ്രീറാം ഫിനാൻസിൻറെ സഹായത്തോടെ മുൻഗണന നൽകേണ്ടതും സേവനങ്ങൾ കുറഞ്ഞതുമായ മേഖലകളിലേക്ക് കടന്നുചെല്ലുന്നതിലൂടെ, ഏറ്റവും ആവശ്യമുള്ള ഇടങ്ങളിൽ സാമ്പത്തിക ശാക്തീകരണം സാധ്യമാക്കാൻ തങ്ങൾക്ക് കഴിയും. 2030-ഓടെ സുസ്ഥിര ധനകാര്യത്തിനായി 1 ട്രില്യൺ യുഎസ് ഡോളർ ലഭ്യമാക്കുക എന്ന ആഗോള ലക്ഷ്യം 2021-ൽ സിറ്റി പ്രഖ്യാപിച്ചിരുന്നു. ബാങ്കിൻറെ ഈ സുസ്ഥിരതാ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ് നിലവിലെ ഈ നടപടിയെന്ന് അനുരാധ ചൗധരി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.