- Trending Now:
പത്തനംതിട്ട: വി സുരക്ഷ റിസ്റ്റ് ബാൻഡുകളിലൂടെ ആശങ്കകളില്ലാതെ സുരക്ഷിതമായ ശബരിമല തീർത്ഥാടനം ഉറപ്പാക്കാനായി കേരള പോലീസ് കേരളത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വിയുമായി വീണ്ടും കൈകോർക്കുന്നു.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വി യുടെ നെറ്റ്വർക്ക് കൂടുതൽ ശക്തിപ്പെടുത്തി. എൽ900, എൽ1800, എൽ2100, എൽ2300, എൽ2500 എന്നീ സ്പെക്ട്രം ബാൻഡുകളിലായി ആകെ 70 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയിൽ 13 പുതിയ സൈറ്റുകൾ കൂടി സ്ഥാപിക്കുകയും ചെയ്തു.
എല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനും തിരക്കുള്ള സമയങ്ങളിലും ശക്തമായ ഡേറ്റയും വോയ്സ് സേവനങ്ങളും ഉറപ്പാക്കുന്നതിനുമായി വി മാസ്സീവ് എംഐഎംഒ സാങ്കേതിക വിദ്യയോടുകൂടിയ അഡ്വാൻസ്ഡ് എഫ്ഡിഡി, ടിഡിഡി ലെയറുകളും വിന്യസിച്ചിട്ടുണ്ട്.
ഗണപതി കോവിൽ, നടപ്പന്തൽ, അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ, പമ്പ- സന്നിധാനം നടപ്പാത, നിലയ്ക്കൽ പാർക്കിംഗ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അയ്യപ്പഭക്തർക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും, വിവരങ്ങൾ അറിയാനും അവരുടെ ആത്മീയ അനുഭവങ്ങൾ തടസ്സമില്ലാതെ പങ്കുവെക്കാനും സാധിക്കും.

കഴിഞ്ഞ വർഷം 'വി സുരക്ഷ' പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ഈ വർഷവും കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആർ കോഡോടുകൂടിയ റിസ്റ്റ് ബാൻഡുകൾ നൽകുന്നതിന് വി വീണ്ടും കേരള പോലീസുമായി സഹകരിക്കുന്നത്. കുട്ടികളുടെ കൈയ്യിലെ റിസ്റ്റ് ബാൻഡ് രക്ഷിതാവിൻറെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിൻറെ പക്കൽ ഏൽപ്പിക്കാൻ ഇതിലൂടെ പോലീസിന് സാധിക്കും.
വി യുടെ ലളിതമായ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ ശബരിമലയിൽ എത്തുന്നതിന് മുൻപ് തന്നെ വി സുരക്ഷ റിസ്റ്റ് ബാൻഡിനായി രജിസ്റ്റർ ചെയ്ത് പമ്പയിലെ എതെങ്കിലും വി സുരക്ഷ കിയോസ്കിൽ നിന്നും ബാൻഡ് കൈപ്പറ്റാം.
കേരള പോലീസിൻറെ കണക്കനുസരിച്ചു കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശബരിമല തീർത്ഥാടകരിൽ കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മൊത്തം തീർത്ഥാടകരിൽ ഏകദേശം 10-15 ശതമാനം കുട്ടികളായിരുന്നു. അതോടൊപ്പം ഓരോ സീസണിലും നൂറുകണക്കിന് കുട്ടികൾ കാണാതാകുന്ന കേസുകളാണ് കേരള പൊലീസ് കൈകാര്യം ചെയ്യുന്നത്. ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സമയത്തു കുട്ടികളുടെ സുരക്ഷ ഒരു പ്രധാന വെല്ലുവിളിയാക്കി മാറ്റുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ വി കേരള ബിസിനസ് ഹെഡ് ജോർജ് മാത്യു വി.യുടെ സാന്നിധ്യത്തിൽ ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ (ഐ.പി.എസ്) 'വി സുരക്ഷാ' പദ്ധതിയുടെ മുൻകൂർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 25 വി സ്റ്റോറുകളിലും 103 വി മിനി സ്റ്റോറുകളിലും ഈ സൗകര്യം ലഭിക്കും. കൂടാതെ പമ്പയിൽ വെർച്വൽ ക്യൂ കിയോസ്കുകൾക്കു സമീപമായി 3 വി സുരക്ഷ കിയോസ്കുകളും ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകരെ വളരെയധികം സഹായിക്കുകയും ശബരിമല യാത്രയ്ക്കിടെ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തങ്ങളുടെ തുടർച്ചയായ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന വി സുരക്ഷാ' പദ്ധതിയുടെ ഭാഗമായി വിയുമായിട്ടുള്ള ഈ സഹകരണം തുടരുന്നതിൽ ജില്ലാ പോലീസിന് സന്തോഷമുണ്ട്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിൽ 'വി സുരക്ഷാ ക്യൂ.ആർ കോഡ് ബാൻഡുകൾ' സഹായിക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ (ഐ.പി.എസ്) പറഞ്ഞു.
സുരക്ഷിതവും സ്മാർട്ടുമായ സമൂഹങ്ങളെ സൃഷ്ടിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമല തീർത്ഥാടനം നടത്തുന്നത്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നത് അത്യന്തം പ്രധാനമാണ്. വി സുരക്ഷയുടെ നൂതനമായ ക്യൂ.ആർ കോഡ് ബാൻഡുകൾ ഉപയോഗിച്ച് അപ്രതീക്ഷിത സാഹചര്യങ്ങളിൽ പോലും കുടുംബങ്ങൾക്ക് അവരുടെ കുട്ടികളുമായി ബന്ധം തുടരാനും കുട്ടികളെ വേഗത്തിൽ കണ്ടെത്താനും കഴിയും. വി സുരക്ഷ പദ്ധതിയിൽ കേരള പോലീസുമായുള്ള സഹകരണത്തിലൂടെ കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും കുടുംബങ്ങൾക്ക് ആശങ്കമില്ലാത്തതുമായ ഒരു തീർത്ഥാടനം സാധ്യമാക്കാൻ വീണ്ടും സഹായിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുടനീളമുള്ള മെച്ചപ്പെടുത്തിയ നെറ്റ്വർക്ക് അയ്യപ്പ ഭക്തർക്ക് അവരുടെ ആത്മീയ യാത്രയ്ക്കിടയിൽ കുടുംബവുമായുള്ള ബന്ധം നിലനിർത്താൻ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്ന് വോഡഫോൺ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോർജ് മാത്യു വി. പറഞ്ഞു.
കഴിഞ്ഞ വർഷം വി 20,000-ത്തിലധികം 'വി സുരക്ഷാ റിസ്റ്റ് ബാൻഡുകൾ' വിതരണം ചെയ്തിരുന്നു. ഇതിലൂടെ തീർത്ഥാടനം സമയത്ത് വഴിതെറ്റിയ 150ഓളം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ കേരള പോലീസിനെ സഹായിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.