- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിലെ പ്രമുഖ ഇന്നവേഷൻ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ. തുടർച്ചയായ മൂന്നാംവർഷമാണ് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ (ജിപിടിഡബ്ല്യു) യുടെ അംഗീകാരം ലഭിക്കുന്നത്.
തൊഴിലിട നിലവാരത്തിൻറെ രാജ്യാന്തര അംഗീകാരമാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ. ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയെ അടിസ്ഥാനമാക്കിയാണ് റിഫ്ളക്ഷൻസിന് ജിപിടിഡബ്ല്യു സർട്ടിഫിക്കേഷൻ ലഭിച്ചത്.
ജീവനക്കാർക്ക് ലഭിക്കുന്ന മികച്ച അനുഭവങ്ങളിലൂടെ സുസ്ഥിരമായ ബിസിനസ്സ് വളർച്ച ആരംഭിക്കുമെന്ന് വിശ്വസിക്കുന്നതായി റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിൻറെ പീപ്പിൾ ആൻഡ് കൾച്ചർ മേധാവി ജിതിൻ ചക്കാലക്കൽ പറഞ്ഞു. റിഫ്ളക്ഷൻസിലെ ജീവനക്കാർക്ക് ലഭിക്കുന്ന മികച്ച അനുഭവങ്ങളുടേയും സ്ഥിരതയുടേയും പ്രതിഫലനമാണ് തുടർച്ചയായ മൂന്നാം വർഷവും ലഭിക്കുന്ന ജിപിടിഡബ്ല്യു സർട്ടിഫിക്കേഷൻ.
റിഫ്ളക്ഷൻസിലെ ജീവനക്കാർക്ക് നല്ല അനുഭവങ്ങൾ നല്കുന്നതിനായി വിവിധ കാര്യങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനൊപ്പം ചില പരിഷ്കാരങ്ങളും കൊണ്ടുവരാറുണ്ട്. ഞങ്ങളുടെ ടീമിലെ ജീവനക്കാരുടെ പിന്തുണയോടെയാണ് അത് നടപ്പിലാക്കുന്നത്. ആഗോളതലത്തിൽ വികസിക്കുന്നതിനാവശ്യമായ നവീകരണവും ചടുലതയും നിറഞ്ഞ പ്രവർത്തനങ്ങളാണ് റിഫ്ളക്ഷൻസിനെ മുന്നോട്ട് നയിക്കുന്നത്. ഇതിനായി പ്രവർത്തിക്കുന്ന ഓരോ ജീവനക്കാരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരസ്പര വിശ്വാസം, ഉദ്ദേശ്യലക്ഷ്യം, ജനങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനം എന്നിവയിലൂടെയാണ് ഒരു മികച്ച ജോലിസ്ഥലം നിർമ്മിക്കപ്പെടുന്നതെന്ന് വിശ്വസിക്കുന്നതായി ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ സിഇഒ ബൽബീർ സിംഗ് പറഞ്ഞു. ജീവനക്കാരുടെ മികച്ച അനുഭവത്തിന് മുൻഗണന നൽകുന്ന സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിൻറെ പ്രതിബദ്ധതയ്ക്ക് ജിപിടിഡബ്ല്യു സർട്ടിഫിക്കേഷൻ തെളിവാണ്. മികവിന് പ്രചോദനമാകുന്ന ഒരു ജോലിസ്ഥലം സൃഷ്ടിക്കുന്നതിനുള്ള ടീമിൻറെ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ സാങ്കേതിക നവീകരണത്തിൽ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റൽ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ൽ സ്ഥാപിതമായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, എഐ, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക നവീകരണ സേവന ദാതാവാണിത്. ഉയർന്ന ഗുണനിലവാരത്തിനും സുരക്ഷയ്ക്കുമുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സർട്ടിഫിക്കേഷനുകൾ കമ്പനി നേടിയിട്ടുണ്ട്.
മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്ന ആഗോള അതോറിറ്റിയാണ് ജിപിടിഡബ്ല്യു. ലോകത്തെമ്പാടുമുള്ള തൊഴിലിടങ്ങളുടെ നിലവാരം അളക്കാൻ ജിപിടിഡബ്ല്യു വിൻറെ സർട്ടിഫിക്കേഷൻ പ്രക്രിയയിലൂടെ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.