Sections

അതിജീവനത്തിന്റെ അടയാളങ്ങളായ പുതപ്പുകൾ : മുറിവുണക്കിയ സ്ത്രീകളുടെ കഥ പറഞ്ഞു ഭാഷാ ചക്രവർത്തി ബിനാലെയിൽ

Friday, Feb 20, 2026
Reported By Admin
Diaspora Transcriptions 2025 at Kochi Biennale

കൊച്ചി: ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിലെ കൊച്ചി-മുസിരിസ് ബിനാലെ വേദിയിൽ ഭാഷാ ചക്രവർത്തിയുടെ കലാപ്രതിഷ്ഠ തുന്നിച്ചേർത്ത കുറെ തുണികളാണ്. 'ഡയസ്പോറ ട്രാൻസ്ക്രിപ്ഷൻസ് 2025' എന്ന സൃഷ്ടി നൂറ്റാണ്ടുകൾ നീണ്ടുനിന്ന അതിജീവനത്തിന്റെയും ഉണങ്ങുന്ന മുറിവുകളുടെയും കഥ പറയുന്നു.

ആഫ്രിക്കൻ വംശജരുടെയും മറ്റ് കുടിയേറ്റക്കാരുടെയും ചരിത്രവും അവർ നടത്തിയ അതിജീവനത്തിന്റെയും കഥയാണ് ഭാഷാ ചക്രവർത്തി അവതരിപ്പിക്കുന്നത്. കൂട്ടിത്തുന്നിയ പുതപ്പുകൾ കുടിയേറ്റക്കാരുടെ കലയും രാഷ്ട്രീയവും സംസ്കാരവും പ്രമേയമാക്കുന്നു. കലാപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ കേൾക്കുന്ന സ്ത്രീകളുടെ പാട്ടുകൾക്കൊപ്പം നീല ചുവരുകളുള്ള മുറിയിൽ ഏഴ് വലിയ പുതപ്പുകളും പെയിന്റിംഗുകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഏഴ് ഭൂഖണ്ഡങ്ങളെയും സംഗീതത്തിലെ ഏഴ് സ്വരങ്ങളെയും ഈ പുതപ്പുകൾ ബന്ധിപ്പിക്കുന്നു.

കുട്ടിക്കാലം മുതൽ അമ്മയിൽ നിന്ന് പഠിച്ച തുന്നൽ വിദ്യയാണ് തന്റെ കലയുടെ അടിസ്ഥാനമെന്ന് ഹോണോലുലുവിൽ ജനിച്ച ഭാഷാ ചക്രവർത്തി പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങളുടെ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹവായ്, ഇറ്റലി, ജർമ്മനി, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽ വെച്ച് തുന്നിയ ഭാഗങ്ങൾ ഇവിടെയെത്തിച്ച് യോജിപ്പിക്കുകയായിരുന്നു.

അലബാമയിലെ ആഫ്രിക്കൻ-അമേരിക്കൻ വംശജരിൽ നിന്നും കർണാടകയിലെ സിദ്ധി വിഭാഗത്തിൽപ്പെട്ട സ്ത്രീകളിൽ നിന്നും താൻ തുന്നൽ കലയെക്കുറിച്ച് കൂടുതൽ പഠിച്ചുവെന്ന് അവർ വ്യക്തമാക്കി. തുന്നലിനൊപ്പം പാട്ടുപാടിയും വിശേഷങ്ങൾ പങ്കുവെച്ചും സൃഷ്ടിക്കുന്ന പുതപ്പുകൾ അതിജീവനത്തിന്റെയും കരുത്തിന്റെയും കരുതലിന്റെയും അടയാളങ്ങളാണ്. കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർക്കുന്നത് മുറിവുകൾ ഉണക്കുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനും തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ബാക്കിയായ തുണിത്തരങ്ങളിൽ നിന്ന് നിർമ്മിച്ച പേപ്പറുകളിലാണ് ചുവരിലെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

അലബാമയിലും കർണാടകയിലും കൊച്ചിയിലും റെക്കോർഡ് ചെയ്ത ഗാനങ്ങൾ ഈ പ്രദർശനത്തിന് പശ്ചാത്തലമൊരുക്കുന്നുണ്ട്. സ്ത്രീകൾക്ക് സമൂഹം നൽകുന്ന സ്ഥാനം, പ്രകൃതിയുമായുള്ള ബന്ധം, അധികാരത്തിനും ലിംഗ വ്യത്യാസങ്ങൾക്കും ഇടയിൽ സമഭായത്തിന്റെ സംഭാഷണം നടത്താനുള്ള സ്ത്രീകളുടെ കഴിവിനെയും ഈ കലാപ്രതിഷ്ഠ പ്രതിനിധാനം ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.