- Trending Now:
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബോൾ ടൂർണമന്റായ കേരള പ്രീമിയർ ലീഗിൽ ഇടം പിടിക്കുന്ന ആദ്യ സൂപ്പർ ലീഗ് കേരള ക്ലബ് ആയി കാലിക്കറ്റ് എഫ് സി മാറി.
സീസൺ ഫുട്ബോളിന് അപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ മേഖലയിൽ ചുവടുറപ്പിക്കാനുള്ള സിഎഫ് സിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്.
യുവതാരങ്ങളെ കണ്ടെത്തുന്നതിനും അവർക്ക് കൂടുതൽ മത്സരപരിചയം നൽകുന്നതിനുമുള്ള മികച്ച വേദിയായാണ് കെ.പി.എല്ലിനെ സിഎഫ് സി വിലയിരുത്തുന്നത്. താഴെത്തട്ടിലുള്ള പ്രതിഭകളെ വാർത്തെടുക്കാനും അവരെ സൂപ്പർ ലീഗ് പോലുള്ള വലിയ വേദികളിലേക്ക് ഉയർത്തിക്കൊണ്ടുവരാനും പുതിയ നീക്കത്തിലൂടെ സാധിക്കും.
പ്രൊഫഷണൽ ഫുട്ബോളിന്റെ ആവാസവ്യവസ്ഥ ഒരുക്കിയെടുക്കുന്നതിനാണ് പ്രഥമപരിഗണന നൽകുന്നതെന്ന് രണ്ട് വർഷം മുമ്പ് കാലിക്കറ്റ് എഫ് സിയുടെ ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നുവെന്ന് ക്ലബ് ഉടമയും ഐബിഎസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. നമ്മുടെ യുവതാരങ്ങൾക്ക് മികച്ച പ്രൊഫഷണൽ ഫുട്ബോൾ കളിക്കാനും മനസിലാക്കാനുമുള്ള സാഹചര്യം ഇതിലൂടെ ലഭിക്കും. യുവതാരങ്ങളെ തിരിച്ചറിയാനും അവരെ മികച്ച രീതിയിൽ പാകപ്പെടുത്താനും കെ.പി.എൽ അനുയോജ്യമായ ഇടമാണ്. ഈ നീക്കം വരും വർഷങ്ങളിൽ കൂടുതൽ സൂപ്പർ ലീഗ് ക്ലബ്ബുകളെ കെ.പി.എല്ലിലേക്ക് ആകർഷിക്കുമെന്നും അതുവഴി കേരളത്തിലെ ലീഗ് ഫുട്ബോളിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുമെന്നും പ്രതീക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യ പരിശീലകൻ ബിബി തോമസിന്റെ മേൽനോട്ടത്തിലും മാർഗ്ഗനിർദ്ദേശത്തിലുമായിരിക്കും കെ.പി.എൽ ടീമിനായുള്ള പരിശീലന പരിപാടികൾ നടക്കുന്നത്. ടീമിന്റെ തയ്യാറെടുപ്പുകൾക്ക് സഹപരിശീലകൻ ഹുസൈൻ പി.എ നേരിട്ട് നേതൃത്വം നൽകും. ടീമിലെ കളിക്കാരുടെ വിശദാംശങ്ങൾ ക്ലബ്ബ് ഉടൻ പുറത്തുവിടും.
കേരള പോലീസ്, കെ.എസ്.ഇ.ബി, ഗോകുലം കേരള എഫ്.സി തുടങ്ങി 14 പ്രമുഖ ടീമുകൾ അണിനിരക്കുന്ന കേരള പ്രീമിയർ ലീഗ് മാർച്ച് ആദ്യവാരമാണ് ആരംഭിക്കുന്നത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമാണ് വടക്കൻ മേഖലയിലെ കെപിഎൽ മത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാകാൻ ലക്ഷ്യമിടുന്ന കാലിക്കറ്റ് എഫ്.സി, കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി സ്വന്തമായി മികച്ച പരിശീലന കേന്ദ്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.