- Trending Now:
കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം മൂലമുള്ള ധന ഞെരുക്കമുണ്ടെങ്കിലും കേരളം ആത്മവിശ്വാസത്തോടെ കുതിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ ധനവകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സമാനതകളില്ലാത്ത വികസന ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരിന് മുന്നിലുള്ള പ്രധാന പ്രതിബന്ധം കേന്ദ്രം ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധമാണ്. സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം തുടർച്ചയായി നിഷേധിക്കപ്പെടുകയാണ്. ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് കടമെടുക്കാൻ അനുമതിയുള്ളത്. എന്നാൽ കഴിഞ്ഞ വർഷം കേന്ദ്രം കടമെടുത്തതാകട്ടെ 6.8 ശതമാനവും. മൂന്നു ശതമാനം കടമെടുക്കാൻ അർഹതയുള്ള സംസ്ഥാനത്തിന് അർഹതപ്പെട്ട കട പരിധിയിൽ വെട്ടിക്കുറവ് വരുത്തിയതിനുശേഷം അനുവദിച്ചതാകട്ടെ 2.5 ശതമാനവും.
രാജ്യത്തെ വരുമാനത്തിന്റെ 64 ശതമാനവും കേന്ദ്രമാണ് ശേഖരിക്കുന്നത്. ചെലവാക്കുന്നത് 34 ശതമാനം മാത്രവും. 66 ശതമാനം ചെലവുകളും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. സംസ്ഥാനങ്ങളുടെ ചെലവ് ചെയ്യാനുള്ള പരിധി കുറക്കുന്ന കേന്ദ്ര നടപടി ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. ഇതാണ് ധന ഞെരുക്കത്തിന് കാരണം. എങ്കിലും കേരളം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കേരളത്തെ ലോകത്തെ ഹബ്ബാക്കി മാറ്റും. സംസ്ഥാനത്ത് പ്രായമേറിയവരുടെ ജനസംഖ്യ വർധിക്കുന്ന പശ്ചാത്തലത്തിൽ കെയർ എക്കണോമി ശക്തിപ്പെടുത്തും.
വിഴിഞ്ഞം തുറമുഖം പോലെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് കൂടുതൽ നിക്ഷേപം നടത്തും. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കും. കേരളത്തിന്റെ ഭാവി വളർച്ചയിലെ ഏറ്റവും പ്രധാന നിക്ഷേപ പരിപാടിയാണ് കേരളീയം. തിരിഞ്ഞു നോട്ടത്തിന്റെയും പഠനത്തിന്റെയും വേദിയാണിത്. കേരളീയം സെമിനാറിൽ ഉയർന്നുവന്ന വിദഗ്ധ നിർദേശങ്ങിൽ ചർച്ച തുടരും. അറിവിനെ അടിസ്ഥാനമാക്കിയുള്ള കുതിച്ചു ചാട്ടത്തിനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ദൈനംദിന ജീവിത നിലവാരം അളക്കുന്ന എല്ലാ പഠനങ്ങളിലും കേരളം മുന്നിലാണ്. മൂന്ന് ലക്ഷം വീടുകൾ കൂടി നിർമിച്ചാൽ എല്ലാവർക്കും വീടുള്ള ലോകത്തിലെ അപൂർവ പ്രദേശമായി കേരളം മാറും- മന്ത്രി പറഞ്ഞു.
വ്യവസായ കേരളത്തിന്റ വളർച്ചയുടെ കഥയുമായി കേരളീയം 'ചരിത്ര മതിൽ'... Read More
കേരളത്തിലെ സാമ്പത്തികരംഗം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രകുമാർ അഗർവാൾ വിഷയാവതരണം നടത്തി. കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ കേരള സമ്പദ്ഘടന വളരെ ആഴത്തിലുള്ള പരിവർത്തനത്തിന് വിധേയമായിട്ടുണ്ടെന്ന് മുൻ ധനമന്ത്രി. ടി.എം. തോമസ് ഐസക് പറഞ്ഞു. 1956 ൽ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 25 ശതമാനം താഴെയായിരുന്നുവെങ്കിൽ ഇപ്പോൾ 60 ശതമാനം മുകളിലാണ്. കേരളം ഇന്ന് ദരിദ്ര സംസ്ഥാനമല്ല, ഇന്ത്യയിൽ താരതമ്യേന മികച്ച വരുമാനമുള്ള സംസ്ഥാനമാണ്. മനുഷ്യവിഭവ ശേഷിയിൽ നാം നടത്തിയ നിക്ഷേപത്തിന്റെ നേട്ടമായിരുന്നു ഗൾഫ് കുടിയേറ്റവും അതിൽ നിന്ന് ലഭിച്ച വരുമാനവുമെന്നും അദ്ദേഹം പറഞ്ഞു.
സേവനമേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യവികസന രംഗത്തെ ധനക്കമ്മിയും വിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മയുമാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ. അധികാരവികേന്ദ്രീകരണവും കിഫ്ബിയും വിജ്ഞാനസമ്പദ് വ്യവസ്ഥയുമാണ് ഇവക്ക് പരിഹാരം. പശ്ചാത്തല സൗകര്യ രംഗത്തെ നിക്ഷേപത്തിലെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
നവകേരളം കെട്ടിപ്പടുക്കുമ്പോൾ അടിസ്ഥാനപരമായി പരിഗണിക്കേണ്ട രണ്ടു വിഷയങ്ങൾ പരിസ്ഥിതി വിഷയങ്ങളും സാമ്പത്തിക സുസ്ഥിരതയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫെല്ലോയും സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. എം.എ. ഉമ്മൻ പറഞ്ഞു.
രാഷ്ട്രീയം സമ്പദ് വ്യവസ്ഥയെ കീഴടക്കിയതായി മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ പറഞ്ഞു. 65 വർഷമായി കേരളം തന്നെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി എമിറേറ്റ്സ് പ്രൊഫസർ റോബിൻ ജെഫി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ലോകം മുഴുവൻ ചർച്ച ചെയ്ത കേരള അനുഭവം സൃഷ്ടിക്കപ്പെട്ടത് ഏതെങ്കിലും ഒരു കൂട്ടം നയങ്ങൾ കൊണ്ടു മാത്രല്ല. കേരളം എന്തുകൊണ്ട് സവിശേഷമായി എന്ന് ചോദിച്ചാൽ രാഷ്ട്രീയം, സ്ത്രീകൾ, ക്ഷേമം എന്നിവ ചേർന്ന ഫോർമുല മൂലമാണെന്ന് താൻ പറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതൽക്കൂട്ടാവും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്... Read More
ബഹുസ്വരവും കൂടുതൽ ജനാധിപത്യപരവും സർഗാത്മകമായ പ്രാദേശിക സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതുമായ ജ്ഞാനസമ്പദ് വ്യവസ്ഥയാണ് നവകേരളത്തിൽ വികസിപ്പിച്ചെടുക്കേണ്ടതെന്ന് ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സ് പ്രൊഫസർ പാട്രിക് ഹെല്ലർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പൊതുകടത്തിന്റെ സുസ്ഥിരതയിൽ കേരളം ശ്രീലങ്കൻ വഴിക്ക് പോകുമെന്ന ആഖ്യാനം തെറ്റാണന്നും കാപെക്സ് ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം ശക്തിപ്പെടുത്തിയും സംസ്ഥാനത്തെ മനുഷ്യ മൂലധന രൂപീകരണം നിലനിർത്തിയും ഉയർന്ന കടവും കമ്മിയും സാധൂകരിക്കാനാവുമെന്ന് ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി പ്രൊഫസർ ഡോ. ലേഖ എസ്. ചക്രബർത്തി പറഞ്ഞു.
സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ ഉൽപാദന മേഖലക്ക് വലിയ പ്രാധാന്യമുണ്ടെന്നും ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് കാർഷികമേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കണമെന്നും അവ ശേഖരിക്കാനായി സഹകരണമേഖലയെ ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം. ആർ. രാമകുമാർ പറഞ്ഞു. പരമ്പരാഗതമായി തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനത്ത് ഇപ്പോഴും അത് തുടരുകയാണെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് പ്രൊഫസർ പ്രൊഫ. വിനോജ് എബ്രഹാം പറഞ്ഞു. സംസ്ഥാനങ്ങളിലെ സാമ്പത്തിക വികസനം അളക്കുന്നതിലെ ദേശീയ സ്ഥിതിവിവരക്കണക്ക് മാനദണ്ഡങ്ങളിലെ ആശങ്കകളാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പി.സി. മോഹനൻ പങ്കുവെച്ചത്. 1300 പേർ പങ്കെടുത്ത പരിപാടി നാലു മണിക്കൂറോളം നീണ്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.