Sections

കേരള ട്രാവൽ മാർട്ട് ഈ മാസം 24 ന് ആരംഭിക്കും ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം

Monday, Sep 21, 2026
Reported By Admin
KTM 2026 Becomes Kerala’s Biggest Tourism Mart

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ട് (കെ.ടി.എം 2026) റെക്കോർഡ് രജിസ്ട്രേഷനുമായി ചരിത്രത്തിലെ ഏറ്റവും വലിയ മാർട്ടായി മാറും. മാർട്ടിൽ പങ്കെടുക്കുന്നതിനുള്ള ബയർ രജിസ്ട്രേഷൻ 3000 കടന്നു.

സെപ്റ്റംബർ 24-ന് ബോൾഗാട്ടിയിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ മാർട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. ടൂറിസം മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങിൽ എക്സൈസ്-സഹകരണ മന്ത്രി എം ലിജു മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടനത്തിനു ശേഷം സെപ്റ്റംബർ 25 മുതൽ 27 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലുമാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ നടക്കുക.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വർഷം തോറും 20 ടൂറിസം ഡെസ്റ്റിനേഷനുകളാണ് വികസിപ്പിക്കുന്നത്. ടൂറിസം വ്യവസായപങ്കാളികളുമായി സഹകരിച്ചാണ് പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നത്. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യവികസനം സർക്കാർ നടത്തും. ഫോർട്ട്കൊച്ചിയിൽ മാത്രം 100 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

രജിസ്റ്റർ ചെയ്ത ബയർമാരിൽ 1500 ഓളം പേർ നേരിട്ടെത്തുമെന്ന സ്ഥിരീകരണം നൽകിയിട്ടുണ്ട്. ഇതിൽ 1200 പേർ ഹോസ്റ്റഡ് ബയർമാരും 300 പേർ നോൺ ഹോസ്റ്റഡ് ബയർമാരുമാണ്. ടൂറിസം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലും മികച്ച പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേളയിൽ 383 സെല്ലർമാരാണ് സ്റ്റാൾ ബുക്കിംഗ് പൂർത്തിയാക്കിയത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 15 സ്റ്റാളുകളും മാർട്ടിലുണ്ടാകും. ബിസിനസ് ചർച്ചകൾക്കും വിപണന സാധ്യതകൾക്കുമായി ഇതിനകം 45,000 ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിലേക്കുള്ള വലിയ തോതിലുള്ള നിക്ഷേപ-വാണിജ്യ സാധ്യതകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ഹൈബി ഈഡൻ എംപി, എംഎൽഎ മാരായ ടി ജെ വിനോദ്, ദീപക് ജോയ്, കേരള ടൂറിസം അഡി. ഡയറക്ടർ(ജനറൽ) സുമിത് കുമാർ താക്കൂർ ഐഎഎസ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥൻ, മുൻ പ്രസിഡന്റ് ബേബി മാത്യൂ, ട്രഷറർ ജിബ്രാൻ ആസിഫ് തുടങ്ങിയവർ പങ്കെടുത്തു. കെടിഎം പ്രദർശന സ്ഥലങ്ങളായ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകൾ സന്ദർശിച്ച മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി.
ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ വിപുലമായ പങ്കാളിത്തവും ഇത്തവണത്തെ കെ.ടി.എമ്മിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ആകെ 138 മാധ്യമ പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 71 അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും 67 ദേശീയ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.

വാണിജ്യ കൂടിക്കാഴ്ചകൾ, ടൂറിസം നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഇക്കുറി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെയാണ് പോസ്റ്റ്-മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂർ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമപ്രവർത്തകർക്കായുള്ള ടൂർ പരിപാടി മാർട്ടിന് മുൻപായിത്തന്നെ നടത്തുന്നതായിരിക്കും.

പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാർട്ടിന്റെ മറ്റൊരു പ്രധാന സവിശേഷത. രജിസ്ട്രേഷൻ, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകൾ, സെമിനാറുകൾ തുടങ്ങി മാർട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റലാക്കും. ഇതിനായി പുതിയ സോഫ്റ്റ്വെയറും മൊബൈൽ ആപ്പുമായിരിക്കും ഉപയോഗിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.