- Trending Now:
തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ- ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായി ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിൻറെ ആഭിമുഖ്യത്തിൽ കോവളം ബീച്ചിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രകൃതിയിൽ നിന്ന് പ്രചോദനം, കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിയ്ക്കായി' എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനാചരണത്തിൻറെ പ്രമേയം. കേരള ടൂറിസത്തിൻറെ ഏറ്റവും വലിയ നിക്ഷേപം പ്രകൃതി സൗന്ദര്യമാണെന്നും അതിനാൽ ടൂറിസത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പരപൂരകങ്ങളായി മുന്നോട്ടു പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധങ്ങളെയും മഹാമാരികളെയും അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാതങ്ങൾ നിമിത്തം കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും സ്വന്തം നാട് ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരാകുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തെവിടെയോ ആണെന്ന് നമ്മൾ കരുതിയിരുന്ന 'ക്ലൈമറ്റ് റെഫ്യൂജീസ്' ഇപ്പോൾ നമ്മുടെ കുട്ടനാട്ടിലുമുണ്ട്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ആ പ്രദേശം വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. അവിടെ നിന്നും ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറാൻ തുടങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന കടൽക്ഷോഭങ്ങൾ നിമിത്തം മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കൂടുതലായി ദുരിതം അനുഭവിക്കേണ്ടി വരുന്നു. ചുഴലിക്കാറ്റുകളും ഉയർന്ന തിരമാലകളും അറബിക്കടലിൽ വർഷംതോറും വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം അതീവ പാരിസ്ഥിതിക ദുർബല പ്രദേശമാണ്. ഉത്തരവാദിത്ത ടൂറിസം മാതൃകയുടെ അടുത്ത ഘട്ടമായ സുസ്ഥിര ടൂറിസം പ്രവർത്തനങ്ങളെ പ്രകൃതി സംരക്ഷണത്തിൻറെ അടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്രായത്തിൽ തന്നെ ആഗോള കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിനെ പരാമർശിച്ച മന്ത്രി വിദ്യാർത്ഥികളും യുവജനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു.
വരുന്ന ഒരു വർഷക്കാലം സ്കൂൾ കുട്ടികളെ എൻഎസ്എസ്, എൻസിസി, ടൂറിസം ക്ലബ്ബ്, സ്റ്റുഡൻറ് പോലീസ്, സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ പാരിസ്ഥിതിക പ്രവർത്തനങ്ങളുമായും ടൂറിസം വകുപ്പിൻറെ പ്രവർത്തനങ്ങളുമായും സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ടൂറിസം വകുപ്പ് ഏറ്റവുമധികം മുൻഗണന നൽകുന്നതെന്ന് ടൂറിസം ഡയറക്ടർ അഞ്ജന എം പറഞ്ഞു. സംസ്ഥാനത്ത് സുസ്ഥിര ടൂറിസം വികസനം ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
തുടർന്ന് മന്ത്രി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് , ഹാർബർ വാർഡ് കൗൺസിലർ അഫ്ന സജീന എന്നിവർ പങ്കെടുത്തു.
ടൂറിസം ലൈഫ് ഗാർഡ്സിൻറെ നേതൃത്വത്തിൽ മോക്ഡ്രിൽ, വാളണ്ടിയർമാർ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത വാക്കത്തോൺ എന്നിവയും പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.