Sections

ടൂറിസം മേഖലയിൽ  കേരളത്തിൻറെ മത്സരം അന്താരാഷ്ട്ര രാജ്യങ്ങളുമായി: സുമൻ ബില്ല

Friday, Jun 05, 2026
Reported By Admin
Kerala Must Compete with Global Tourism Hubs: Suman Billa

തിരുവനന്തപുരം: കേരളത്തിൻറെ ടൂറിസം മേഖല ഇനി മത്സരിക്കേണ്ടത് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോടല്ല, മറിച്ച് പ്രമുഖ അന്താരാഷ്ട്ര വിനോദസഞ്ചാര രാജ്യങ്ങളോടാണെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ത്രിദിന ജി.ടി.എം 2026 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം തത്ത്വങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിൽ ലോകത്ത് മറ്റൊരു വിനോദസഞ്ചാര കേന്ദ്രവും കേരളവുമായി താരതമ്യം ചെയ്യാൻ പോലുമാകില്ല. എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിൽ കേരളം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിൻറെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ കുറഞ്ഞത് പത്ത് ലോകോത്തര ടൂറിസം കേന്ദ്രങ്ങളെങ്കിലും സൃഷ്ടിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഏഷ്യയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷൻ രാജ്യങ്ങളായ
തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവയുമായാണ് കേരളം മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിൻറെ കയ്യൊപ്പുള്ള ടൂറിസം ഉൽപ്പന്നങ്ങൾ വികസിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിന് വിമാനത്താവള കണക്റ്റിവിറ്റി, ഗതാഗത സൗകര്യങ്ങൾ, ശുചിത്വം, ട്രാഫിക് മാനേജ്മെൻറ്, കുടിവെള്ള ലഭ്യത എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ സംസ്ഥാനം തയ്യാറാകണം.

ടൂറിസത്തിൻറെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കിടയിലും ഉത്തരവാദിത്ത ടൂറിസത്തിൻറെ പാരമ്പര്യവും മൂല്യങ്ങളും കൈവിട്ടുപോകരുത്. വിനോദസഞ്ചാരികൾക്ക് കേവലം താമസസൗകര്യങ്ങൾ നല്കുന്നതിനപ്പുറം അവർക്ക് അർത്ഥവത്തായ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ നമുക്ക് സാധിക്കണം. ഇന്നത്തെ സഞ്ചാരികൾ വെറും കാഴ്ചകൾക്കപ്പുറം പ്രാദേശിക സംസ്കാരവും ഭക്ഷണരീതികളും അടുത്തറിയുന്ന അനുഭവവേദ്യമായ യാത്രകളാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യ ഇതുവരെ സ്മാരകങ്ങളുടെയും ഹോട്ടലുകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് അറിയപ്പെട്ടിരുന്നത്. ഈ രീതി മാറി സഞ്ചാരികളെ ആകർഷിക്കുന്ന സാംസ്കാരികവും പാചകരീതികൾ ഉൾക്കൊള്ളുന്നതുമായ സവിശേഷ യാത്രാനുഭവങ്ങൾ സൃഷ്ടിക്കാൻ കേരളത്തിലെ ടൂറിസം മേഖല മുന്നിട്ടിറങ്ങണം. ചെറുകിട ടൂറിസം സംരംഭകർക്ക് അന്താരാഷ്ട്ര ബയർമാരുമായും ആഗോള ശൃംഖലകളുമായും നേരിട്ട് ബന്ധപ്പെടാൻ ജി.ടി.എം പോലുള്ള ട്രാവൽ മാർട്ടുകൾ വലിയ സഹായമാകുമെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു.

ദേശീയ തലത്തിൽ ഇന്ത്യൻ ടൂറിസം മേഖല കൈവരിച്ച മുന്നേറ്റങ്ങളും സുമൻ ബില്ല വിവരിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും രാജ്യത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഊർജ്ജമാണ് പകർന്നിട്ടുള്ളത്. വിമാനത്താവളങ്ങളുടെ എണ്ണം എഴുപത്തിയഞ്ചിൽ നിന്നും നൂറ്റമ്പതിലധികമായി ഉയർന്നതും ദേശീയപാതകളുടെ വികസനവുമെല്ലാം യാത്രകൾ കൂടുതൽ എളുപ്പമാക്കി.

അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് വർദ്ധിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യക്കാരുടെ വിദേശയാത്രകൾ ഉയർന്നതിനാൽ, ടൂറിസം രംഗത്ത് ഇന്ത്യ ഇപ്പോൾ വിദേശനാണ്യം കൂടുതൽ ചിലവഴിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ടൂറിസം മേഖല വെറും പ്രചാരണങ്ങളിൽ മാത്രം ഒതുങ്ങാതെ ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ത്യൻ ആഭ്യന്തര ടൂറിസം ലോകത്തിലെ തന്നെ ഏറ്റവും വലിയ വിജയഗാഥയാണെന്നും, വൻതോതിൽ തൊഴിലവസരങ്ങളും പ്രാദേശിക വികസനവും ഉറപ്പാക്കാൻ ടൂറിസം മേഖലയ്ക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.