Sections

അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ശ്രദ്ധേയമായി കേരളം; മിഡിൽ ഈസ്റ്റ് വിപണിയിൽ ശക്തമായ സാന്നിധ്യം

Monday, Sep 21, 2026
Reported By Admin
Kerala Tourism Gains Global Attention at ATM 2026

തിരുവനന്തപുരം: ദുബായിൽ നടന്ന ലോകത്തെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം മേളകളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) കേരള ടൂറിസം അവതരണത്തിന് അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രതികരണം. ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥാണ് കേരള പ്രതിനിധി സംഘത്തെ നയിച്ചത്.

കേരളത്തിൻറെ സുപ്രധാന വിനോദസഞ്ചാര വിപണികളിലൊന്നായ യുഎഇയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് 2025-ൽ 26,255 ആയി ഉയർന്നിരുന്നു. ഗൾഫ് മേഖലയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം യുഎഇയിലെ ട്രാവൽ ട്രേഡ് മേഖലയുമായി സഹകരണം ദൃഢമാക്കാനും സംസ്ഥാനത്തിൻറെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താനും ഈ മേള അവസരമൊരുക്കി.

കേരളത്തിൻറെ നൂതനമായ വിനോദസഞ്ചാര പാക്കേജുകൾ ആഗോളതലത്തിലും പ്രത്യേകിച്ച് ഗൾഫ് വിപണിയിലും അവതരിപ്പിക്കാൻ എടിഎം മികച്ച വേദിയാണെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. കേരളവും യുഎഇയും തമ്മിൽ ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ആഗോളതലത്തിലെ പുതിയ ട്രെൻഡുകളും അവസരങ്ങളും നേരിട്ട് മനസ്സിലാക്കാൻ മേളയിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയുടെ ഭാഗമായി യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, മാലിദ്വീപ് ടൂറിസം, വ്യോമയാന മന്ത്രി അബ്ദുല്ല നിയാസ് എന്നിവരുമായും മന്ത്രി ചർച്ചകൾ നടത്തി.

സെപ്റ്റംബർ 17-ന് കോൺറാഡ് ദുബായിൽ സംഘടിപ്പിച്ച കേരള ടൂറിസം ബി2ബി മീറ്റിൽ കേരള ടൂറിസം സെക്രട്ടറി കെ ബിജു ഉൾപ്പെടെയുള്ള ഔദ്യോഗിക പ്രതിനിധികളും എട്ട് ട്രേഡ് പങ്കാളികളും പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇമ്മാദി വിഷ്ണു വർധൻ റെഡ്ഡി, വിസ നടപടികൾ സുഗമമാക്കുന്നതിനും കേരളവും യുഎഇയും തമ്മിലുള്ള വിനോദസഞ്ചാര ബന്ധം ശക്തിപ്പെടുത്തുന്നതിനും കോൺസുലേറ്റിൻറെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

ചാന്ദീസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, സിജിഎച്ച് എർത്ത്, കൈരളി ആയുർവേദിക് ഹെൽത്ത് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊണ്ടോടി ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, സാൻറാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ്, സോമതീരം ആയുർവേദ ഗ്രൂപ്പ്, ദി എലിഫൻറ് കോർട്ട്, ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്നുള്ള ട്രേഡ് പങ്കാളികളായി ബി2ബി സംഗമത്തിൽ അണിനിരന്നത്. ദുബായിൽ നിന്നുള്ള 60 ട്രാവൽ ബയർമാർ പങ്കെടുത്ത ഈ ബിസിനസ് കൂടിക്കാഴ്ച പുതിയ വാണിജ്യ പങ്കാളിത്തങ്ങൾ രൂപീകരിക്കാനും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും ഏറെ സഹായകമായി.

മേളയിൽ 69 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ കേരള ടൂറിസത്തിൻറെ പവലിയൻ സന്ദർശകരുടെ ശ്രദ്ധയാകർഷിച്ചു. 'ഗ്രീൻ പീസ് - യല്ല കേരള' എന്ന പ്രമേയത്തിൽ കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രകൃതിഭംഗിയും പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് പവലിയൻ രൂപകൽപ്പന ചെയ്തത്. കൈരളി ആയുർവേദിക് ഹീലിംഗ് വില്ലേജ്, ദി എലിഫൻറ് കോർട്ട് തേക്കടി, സോമതീരം ആയുർവേദ ഗ്രൂപ്പ്, ഇൻറർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, സാന്താമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്, ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് എന്നീ സ്ഥാപനങ്ങളും എക്സിബിറ്റേഴ്സായി പങ്കെടുത്തു. സുസ്ഥിര വളർച്ചയ്ക്കും ആഗോളതലത്തിൽ പുതിയ സഹകരണങ്ങൾ രൂപപ്പെടുത്തുന്നതിനും എടിഎം 2026 വഴിയൊരുക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.