- Trending Now:
കൊച്ചി: ആഗോളതലത്തിൽ പ്രശംസ നേടിയ പൈതൃക ടൂറിസം വിപുലീകരിച്ച് കാസർഗോഡ് മുതൽ കൊല്ലം വരെ വ്യാപിച്ചുകിടക്കുന്ന 33 സ്പൈസ് യാത്രാ പാതകൾ പ്രഖ്യാപിച്ച് കേരളം. യാത്രികരെ സംസ്ഥാനത്തിൻറെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്.
മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് ആഗോള സമുദ്ര വ്യാപാരത്തിൻറെയും സാംസ്കാരിക ഇടപെടലുകളുടെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടിലൂടെയാണ് ഈ യാത്ര. സംസ്ഥാനത്തിൻറെ വൈവിധ്യമാർന്ന സംസ്കാരത്തിൽ ഇഴചേർന്ന പ്രദേശങ്ങളും ചരിത്രവും രുചികളും അറിയാനും ആഴത്തിലുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിനുമായിട്ടാണ് സഞ്ചാരികളെ ക്ഷണിക്കുന്നത്.
കാസർകോട് ബേക്കലിൽ നിന്ന് ആരംഭിക്കുന്ന ഈ യാത്ര കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചരിത്രത്തിൻറെയും സാംസ്കാരിക ഇടപെടലുകളുടെയും മുദ്ര പതിപ്പിച്ച സ്ഥലങ്ങളിലേക്ക് 'സ്പൈസ് ജേർണീസ്' സന്ദർശകരെ കൊണ്ടുപോകും. ഇതിൽ ചരിത്രപ്രാധാന്യമുള്ള ഇടങ്ങൾ, തെരുവുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, തുറമുഖങ്ങൾ എന്നിവ ഉൾപ്പെടും.
വ്യത്യസ്ത പ്രദേശങ്ങളെ നിർവചിച്ച ചരിത്രത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി എട്ട് ക്ലസ്റ്ററുകളായിട്ടാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലാണ് 33 യാത്രാ പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
കാസർഗോഡ്-ബേക്കൽ ക്ലസ്റ്ററിന് രണ്ട് ഭാഗങ്ങളാണുള്ളത്. കുടക് തുളുനാട് സ്പൈസ് ട്രെയിൽ, കുടക് ബേക്കൽ സ്പൈസ് റൂട്ട് എന്നിവ. ഇതിൽ ചിലത് കർണാടകയുമായി അതിർത്തി പങ്കിടുന്നു.
കണ്ണൂർ-തലശ്ശേരി സർക്യൂട്ടിൽ മാപ്പിള പാചക സെഷൻ, തെയ്യം അനുഭവം, കൊളോണിയൽ പൈതൃക ഇടങ്ങൾ എന്നിവയുൾപ്പെടെയുള്ള അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കണ്ണൂർ-കോഴിക്കോട് എന്നിവയാണ് മലബാർ പ്രദേശത്തെ മറ്റു ക്ലസ്റ്ററുകൾ.
ആഗോള സുഗന്ധവ്യഞ്ജന തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ വളർച്ച വെളിപ്പെടുത്തുന്നതാണ് ഫോർട്ട് കൊച്ചി ക്ലസ്റ്ററിലേക്കുള്ള യാത്ര. കൊളോണിയൽ തെരുവുകളും ഘടനകളും വ്യാപാര, സാംസ്കാരിക ഇടങ്ങളും ഭക്ഷണാനുഭവവും ഇതിൽ ഉൾപ്പെടുന്നു.
എറണാകുളം-തൃശൂർ മുസിരിസ് ഹെറിറ്റേജ് വാക്ക് സ്പൈസ് റൂട്ട് പൈതൃക കഥകളാൽ നിറഞ്ഞതാണ്. ക്രിസ്തുമതത്തിനു മുമ്പുള്ള കാലഘട്ടത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മുതൽ പുരാതന തുറമുഖമായ മുസിരിസുമായുള്ള പ്രദേശത്തിൻറെ ജൂത ബന്ധം, പശ്ചിമേഷ്യയിൽ നിന്നും മെഡിറ്ററേനിയൻ ദേശങ്ങളിൽ നിന്നുമുള്ള വ്യാപാര കപ്പലുകൾ എന്നിവ ഇതിൻറെ ഭാഗമാണ്.
കായലുകൾ, കനാലുകൾ, ഉൾനാടൻ ജലപാതകൾ, അറബിക്കടൽ എന്നിവയാൽ ചുറ്റപ്പെട്ട വിശാലമായ പശ്ചാത്തലത്തിൽ പൈതൃകത്തിൻറെ സമ്പന്നമായ അനുഭവമാണ് ആലപ്പുഴയിൽ സന്ദർശകർക്ക് ലഭിക്കുക.
കൊല്ലത്ത് ചരിത്രപരമായും സാംസ്കാരികമായും വാണിജ്യപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളും തീരദേശത്തെയും കിഴക്കൻ മലയോരത്തെയും സാമൂഹിക, ജൈവവൈവിധ്യങ്ങളും ഉൾപ്പെടുന്നു.
രാജ്യങ്ങൾക്കിടയിൽ ചരിത്രം, സംസ്കാരം, സർഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇൻറർനാഷണൽ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വർക്കിന് കേരളം തുടക്കം കുറിച്ചു.
നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിൻറെയും സാംസ്കാരിക വിനിമയത്തിൻറെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഹെറിറ്റേജ് നെറ്റ് വർക്ക് സമ്മേളനത്തിൻറെ ഉദ്ഘാടന വേളയിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.