Sections

50 കോടി നിക്ഷേപമുള്ള ഹോട്ടലുകൾക്ക് സ്റ്റാർട്ടപ്പ് മാതൃകയിൽ ധനസഹായം നൽകും-ധനമന്ത്രി കെ എൻ ബാലഗോപാൽ വിഷൻ 2031 ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്തു

Sunday, Oct 26, 2025
Reported By Admin
Kerala to Support Hotels with Startup-Style Funding

ഇടുക്കി: സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകൾക്ക് സ്റ്റാർട്ടപ്പ് മാതൃകയിൽ ധനസഹായം നൽകാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള ടൂറിസം വകുപ്പ് കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച 'ലോകം കൊതിക്കും കേരളം' വിഷൻ 2031 സംസ്ഥാനതല ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിഷൻ 2031 നയരേഖ അവതരിപ്പിച്ചു.

നിർമ്മിത ബുദ്ധി നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റത്തെ അനുകൂലമായി മാറ്റാൻ കേരളത്തിലെ ടൂറിസം മേഖല സ്വയം സജ്ജമാകണമെന്ന് ധനമന്ത്രി പറഞ്ഞു. സമൂഹത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിർമ്മിതബുദ്ധി നമ്മുടെ നിത്യജീവിതത്തെയും തൊഴിലിനെയും വലിയ തോതിൽ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുകയാണ്. ഈ ഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം ഇല്ലാത്ത കല, പാചകം തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾക്ക് വലിയ സാധ്യത കൈവരികയാണ്. ഇത് സ്വായത്തമാക്കി സ്വയം സജ്ജമാകാൻ ഏറ്റവും പറ്റിയ മേഖല ടൂറിസമാണെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റിൽ അനുവദിച്ചതിനേക്കാൾ 20 ശതമാനം കൂടുതൽ ഫണ്ട് അനുവദിച്ചത് ടൂറിസം വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള ധനശേഷിയുള്ള ആഭ്യന്തര വിനോദസഞ്ചാരികളെ കൂടുതലായി ഉപയോഗപ്പെടുത്തണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ ഒഴിഞ്ഞ കിടക്കുകയാണ്. നിലവിലെ ചട്ടങ്ങളിൽ ഭേദഗതി അനുവദിക്കുകയാണെങ്കിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് ഇവിടെ പഠിക്കാൻ വരാൻ സാധിക്കും. ഇത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യടൂറിസത്തിന്റെ ഹബ്ബായി മാറാൻ കേരളത്തിന് ഇതിനായുള്ള നടപടികളെടുക്കും. തീർത്ഥാടക ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സംസ്ഥാനസർക്കാർ നൽകുന്നത്. ഓരോ സീസണിലും ശബരിമല റോഡുകൾക്കായി മാത്രം 250 കോടി രൂപയാണ് അനുവദിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂസ് ടൂറിസം, പ്രമുഖ ഡെസ്റ്റിനേഷനുകളിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററുകൾ തുടങ്ങിയവയും കേരളത്തിന്റെ ഭാവി സാധ്യതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗരേഖ നടപ്പാക്കുവാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ടൂറിസം രംഗത്തെ വളർച്ച സംസ്ഥാനത്തിന്റെ ജിഡിപി കുതിപ്പിനും വഴിയൊരുക്കി. ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് കുതിപ്പേകാൻ വിഷൻ 2031 സെമിനാർ ഈ ജില്ലയിൽ നടക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 9 വർഷത്തെ ടൂറിസം രംഗത്തെ വികസന നേട്ടങ്ങൾ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു. ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു.

ദേവികുളം എംഎൽഎ എ രാജ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചൻ നീറണാക്കുന്നേൽ, വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം സി വി വർഗീസ്, കെടിഐഎൽ ചെയർമാൻ സജീഷ് എസ് കെ, കേരള ടൂറിസം അഡി. ഡയറക്ടർ(ജനറൽ) ശ്രീധന്യ സുരേഷ്, തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികൾ, കേരള ട്രാവൽ മാർട്ട് ഭാരവാഹികൾ, ടൂറിസം രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.