- Trending Now:
തിരുവനന്തപുരം: ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾക്ക് കൂടൂതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) ജർമ്മനിയിലെ ബാഡൻ-വുട്ടംബർഗിലെ നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി കോവളത്ത് നടന്ന ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2025 ൽ ധാരാണാപത്രം ഒപ്പിട്ടു.
'ദി കേരള ഫ്യൂച്ചർ ഫോറം' എന്ന മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വച്ചാണ് കെഎസ്യുഎം സിഇഒ അനൂപ് അംബികയും ജർമ്മനിയിലെ കാൾസ്രൂഹ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മേധാവി തോമസ് ന്യൂമാനും ചേർന്ന് കരാർ ഒപ്പിട്ടത്.
ജർമ്മനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകൾ ചേർന്നുള്ള കൂട്ടായ്മയാണ് നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി. ഒരു ബില്യൺ യൂറോയ്ക്ക് മുകളിൽ മൂല്യമുള്ള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടും ഇവർക്കുണ്ട്.
ഈ സഹകരണത്തിലൂടെ ജർമ്മനിയിലും കേരളത്തിലുമായി ഏകദേശം 300 സ്റ്റാർട്ടപ്പുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ഉൾപ്പെടെയുള്ള വിവിധ പിന്തുണകൾ ഈ സഹകരണത്തിലൂടെ ലഭ്യമാകും.
സർക്കാരിൻറെയും കേരളത്തിലെയും ജർമ്മനിയിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻറെയും പങ്കാളിത്തത്തോടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും വർക്കിംഗ് ഗ്രൂപ്പും രൂപീകരിച്ച് പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകും.
കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കഴിവുള്ളവരെ കണ്ടെത്തി സുസ്ഥിരമായ പ്രതിഭാ ശൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിൻറെ പ്രധാന സവിശേഷത. ഇത് കേരളത്തിൻറെ വ്യവസായ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
രാജ്യത്തെ ഡീപ്-ടെക് ഗവേഷണ-നവീകരണ രംഗത്ത് നേതൃത്വം നൽകാൻ ഈ ധാരണാപാത്രം കേരളത്തിന് വലിയ അവസരമൊരുക്കുന്നതായി അനൂപ് അംബിക പറഞ്ഞു. ജർമ്മനിയിലും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുമുള്ള സ്റ്റാർപ്പ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണത്തിന് ഈ പങ്കാളിത്തം വഴിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് സർവകലാശാലയിലെ ട്രേസസ് മേധാവി ഡോ. റുബീന സേൺ-ബ്രൂവർ, കേരളത്തിലെയും തിരുവനന്തപുരം ഗൊയ്ഥെ-സെൻട്രത്തിലെയും ജർമ്മൻ കോൺസൽ ഡോ. സയ്യിദ് ഇബ്രാഹിം, ജർമ്മനിയിലെ ഹാൻഡ്സ് ഓൺ സൊല്യൂഷൻ സിഇഒ ബെർണാർഡ് ക്രിഗർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭവന-നിർമ്മാണ മേഖലകളിൽ നവീകരണം പ്രോത്സാഹിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനും ഐഐടി പാലക്കാട് ടെക്നോളജി ഐ-ഹബ് ഫൗണ്ടേഷനും ചേർന്ന് മറ്റൊരു ധാരണാപത്രവും ഒപ്പുവച്ചു. കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ഹബ്ബ്, എൻറർപ്രണർ ഇൻ റെസിഡൻസ് എന്നീ പദ്ധതികളിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
ഹഡിൽ ഗ്ലോബൽ 2025 ൻറെ സമാപന ചടങ്ങിലാണ് ഇത് സംബന്ധിച്ച ധാരണാപത്രം അനൂപ് അംബികയും ഐടിപിഐഎഫ് സിഇഒ സായിശ്യാം നാരായണും ചേർന്ന് കൈമാറിയത്. സ്റ്റാർട്ടപ്പ് ടിഎൻ സിഇഒയും മിഷൻ ഡയറക്ടറുമായ ശിവരാജ രാമനാഥൻ, ബെംഗളൂരുവിലെ സി-ഡാക് എക്സിക്യുട്ടീവ് ഡയറക്ടർ ഡി സുദർശൻ, കേരള സർക്കാർ ഹൈ പവർ ഐടി കമ്മിറ്റിയിലെ ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ് പ്രജീത് പ്രഭാകരൻ എന്നിവർ സന്നിഹിതരായിരുന്നു.
ഫെലോഷിപ്പ്, മെൻറർഷിപ്പ്, ഇൻക്യുബേഷൻ, സാമ്പത്തിക സഹായം എന്നിവയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുകയാണ് ഇതിൻറെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.