Sections

സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ദേശീയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ അവാർഡ്

Monday, Nov 27, 2023
Reported By Admin
National Digital Transformation Award to Kerala Health Department

ആരോഗ്യ മേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് 2023 കേരളത്തിന്. ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നിവയുടെ ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ആശാധാര പദ്ധതിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിനാണ് അവാർഡ് ലഭിച്ചത്. ഗാവ്കണക്റ്റും ഐ-ലൂജ് മീഡിയയും ഐടിവകുപ്പും ചേർന്ന് ലഡാക്കിൽ വച്ച് സംഘടിപ്പിച്ച പന്ത്രണ്ടാമത് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിജിറ്റൽ ഹെൽത്ത് നടപ്പിലാക്കാൻ പദ്ധതിയാവിഷ്ക്കരിച്ചു. 599 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ഓൺലൈൻ ഒപി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും യാഥാർത്ഥ്യമാക്കി. ജീവിതശൈലീ രോഗനിർണയത്തിന് ഇ ഹെൽത്ത് ശൈലീ ആപ്പ് സജ്ജമാക്കി. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട് നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനമൊരുക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയി ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി സേവനം ഓൺലൈനിലാണ്. ഇതുകൂടാതെയാണ് ആശാധാരയ്ക്കായി പുതിയ പോർട്ടൽ വികസിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആശാധാര പദ്ധതിയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഏകോപനത്തിനുമായി ആരോഗ്യ വകുപ്പിന് വേണ്ടി സി ഡിറ്റ് ആണ് ആശാധാര പോർട്ടൽ വികസിപ്പിച്ചത്. രണ്ടായിരം പേർ നിലവിൽ ആശാധാര വഴി രജിസ്റ്റർ ചെയ്ത് ചികിത്സ തേടുന്നുണ്ട്. ഇവരുടെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ആശുപത്രികൾക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും ഇത് ജില്ലാ, സംസ്ഥാന തലങ്ങളിൽ പരിശോധിച്ച് മരുന്നുകൾ സംഭരിക്കുന്നതിനും, ഭരണപരമായ തീരുമാനങ്ങൾക്കും അശാധാര പോർട്ടൽ സഹായിക്കുന്നു.

കേരളത്തിൽ ആശാധാര പദ്ധതി വഴി 96 കേന്ദ്രങ്ങളിലായാണ് ഹീമോഫീലിയ ചികിത്സ നൽകി വരുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള കേന്ദ്രങ്ങളിലാണ് നിലവിൽ ചികിത്സാ സൗകര്യങ്ങളുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക ആശാധാര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കുറവുള്ളവർക്ക് ഫാക്ടർ നൽകുന്നതിന് പുറമെ, ശരീരത്തിൽ ഇൻഹിബിറ്റർ (ഫാക്ടറിനോട് പ്രതിപ്രവർത്തനമുണ്ടായി ഫാക്ടർ ചികിത്സ ഫലിക്കാത്ത സാഹചര്യം) അളവ് പരിശോധിക്കാനും തുടർന്ന് വേണ്ട ആളുകൾക്ക് എപിസിസി, മോണോക്ലോണൽ ആന്റിബോഡി ചികിത്സകളും നിലവിൽ നൽകി വരുന്നുണ്ട്. ഇതുകൂടാതെ പ്രത്യേക ഫിസിയോതെറാപ്പി സൗകര്യവും ജില്ലാതലത്തിൽ നിലവിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.