Sections

കാഷ്യൂ കോൺക്ലേവ് 2025 ലോകവിപണിയിൽ കേരള കാഷ്യൂബ്രാൻഡിങ് സാധ്യമാക്കണം: മന്ത്രി പി രാജീവ്

Wednesday, Oct 15, 2025
Reported By Admin
Kerala Cashew to Go Global, Says Minister P. Rajeev

ലോകവിപണിയിൽ കേരള കാഷ്യൂബ്രാൻഡിങ് സാധ്യമാക്കണമെന്ന് വ്യവസായ, നിയമ, കശുവണ്ടി, കയർ വകുപ്പ് മന്ത്രി പി രാജീവ്. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കാഷ്യൂ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കമ്പോളങ്ങളിൽ കേരളത്തിന്റെ ഉത്പ്പന്നങ്ങൾക്കുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. പരമ്പരാഗത തൊഴിൽമേഖലകളുടെ പുനരുജ്ജീവനത്തിന് സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യവ്യവസായങ്ങൾക്ക് സർക്കാർ ആനുകൂല്യംനൽകുന്നത്. കശുവണ്ടിമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമ്പത്തികസഹായം ഉൾപ്പടെ അനുവദിച്ചു. സ്ത്രീകൾക്ക് മെച്ചപ്പെട്ട തൊഴിൽസാഹചര്യം ഒരുക്കുന്നതിന് അഞ്ച് കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഷെല്ലിങ് ആധുനികവത്കരണത്തിനും യന്ത്രവത്ക്കരണത്തിനും പ്രത്യേകം തുക വകയിരുത്തി. കശുവണ്ടി വ്യവസായമേഖലയിലെ പ്രശ്നങ്ങൾപഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു. തൊഴിലാളി-തൊഴിൽഉടമ ബന്ധം ഊഷ്മളമായി നിലനിർത്തണം. കാലാനുസൃതമാറ്റം പരമ്പരാഗത തൊഴിൽ മേഖലയിൽ അനിവാര്യമാണ്. തൊഴിലാളികളുടെ തൊഴിൽ ലഭ്യത കുറയാതെയുള്ള ആധുനികവത്കരണം നടപ്പാക്കണം. തൊഴിൽ അന്തരീക്ഷത്തിലും മാറ്റം ഉണ്ടാകണം. ഇതിനൊക്കെ നിർണായകമായ സംഭാവന നൽകാൻ കോൺക്ലേവിന് ആകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കശുവണ്ടി വ്യവസായമേഖല നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ കാര്യക്ഷമമായി നടത്തുകയാണ് അധ്യക്ഷനായ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ നാലര വർഷത്തിൽ 257 കോടിയുടെ വായ്പാസഹായം നൽകി. 100 കോടി രൂപ കേരള ബാങ്കിൽ നിന്നും പ്രത്യേക ഗ്യാരന്റിയും ഉറപ്പാക്കി. 50 കോടി രൂപയുടെ ഒറ്റത്തവണ വായ്പയ്ക്കും ഗ്യാരന്റി നൽകി. കാഷ്യൂ പുനരുജ്ജീവനപദ്ധതിഇനത്തിൽ 30 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനസാധ്യത കശുവണ്ടിമേഖലയുടെ കയറ്റുമതി, ഇറക്കുമതി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

കെ-സ്റ്റോർവഴി കശുവണ്ടിഉൽപ്പന്നങ്ങളുടെ വിതരണംസാധ്യമാക്കുന്നതിന് വ്യവസായം-പൊതുവിതരണ വകുപ്പുകളുമായുള്ള ധാരണപത്രംപ്രഖ്യാപനം മന്ത്രിമാർ നിർവഹിച്ചു. എം മുകേഷ് എം.എൽ.എ, വ്യവസായ-വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടർ എൻ ദേവിദാസ്, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, ക്യാപ്ക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ സുഭഗൻ, കേരള ക്യാഷു ബോർഡ് സി.എം.ഡി എ അലക്സാണ്ടർ, കശുമാവ് കൃഷിവികസന ഏജൻസി ചെയർമാൻ സിരീഷ് കേശവൻ, ഷോപ്സ് ആൻഡ് കൊമേർഷ്യൽ എക്സാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ കെ രാജഗോപാൽ, വിവിധ ബോർഡുകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ, അംഗങ്ങൾ, കശുവണ്ടി വ്യവസായ പ്രതിനിധികൾ, തൊഴിലുടമകൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.