Sections

മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നം 'ന്യൂട്രിലെവൽ' പുറത്തിറക്കി

Thursday, Feb 26, 2026
Reported By Admin
Milma Launches ‘Nutrilevel’ Protein Drink

  • 'ന്യൂട്രിലെവൽ' വിപണനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു
  • 'കഫേ മോക്ക', 'കോൾഡ് കോഫി' മിൽക്ക് ഷേക്കുകളും പുറത്തിറക്കി

തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മിൽമ. മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നമായ 'ന്യൂട്രിലെവൽ' പുറത്തിറക്കി. ന്യൂട്രിലെവൽ-ൻറെ വിപണനോദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മിൽമ ചെയർമാൻ കെ. എസ്. മണി യ്ക്ക് നല്കി നിർവഹിച്ചു. മിൽമയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോൾഡ് കോഫി എന്നീ മിൽക്ക്ഷേക്കുകളും ചടങ്ങിൽ പുറത്തിറക്കി.

2030-ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മിൽമ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മിൽമ അതിൻറെ ലാഭത്തിൻറെ 85 ശതമാനം ക്ഷീരകർഷകരുടെ ക്ഷേമത്തിനായി ക്ഷീര സഹകരണ സംഘങ്ങൾ വഴി ചെലവഴിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേൻമാ യേറിയതുമായ ഉത്പന്നമാണ് 'ന്യൂട്രിലെവൽ'. സ്പോർട്സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലർത്തുന്നവർ, പ്രായമായവർ, വളർച്ചയുടെ ഘട്ടത്തിലുള്ള കുട്ടികൾ, ശാരീരികമായി ദുർബലരായവർ, രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹരോഗികൾ തുടങ്ങിയവർക്ക് ഏറെ പ്രയോജനകരമാകുമിത്. 14 ഗ്രാം പ്രോട്ടീൻ അടങ്ങിയ ഈ പാനീയം പേശികളുടെ സംരക്ഷണത്തിന് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിന് പകരമായി 'മീൽസ് റീപ്ലെയ്സർ' എന്ന വിധത്തിൽ ഇത് ഉപയോഗിക്കാനാകും. പാലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് പുറമെ കൃത്യമായ തോതിൽ കൊഴുപ്പ്, പ്രോട്ടീൻ, ലാക്ട്രോസ്, ഫ്രക്ട്രോസ്, വൈറ്റമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഒരു വർഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനാകും. ആറുമാസത്തെ പഠനത്തിന് ശേഷമാണ് ഉത്പന്നം വാണിജ്യ രീതിയിൽ പുറത്തിറക്കുന്നത്.

യുവതലമുറയെ ലക്ഷ്യം വെച്ച് മിൽമ പുറത്തിറക്കുന്ന 'കഫേ മോക്ക', 'കോൾഡ് കോഫി' എന്നീ മിൽക്ക് ഷേക്കുകൾ റെഡി ടു ഡ്രിങ്ക് വിപണിയിലെ മിൽമയുടെ മറ്റൊരു ചുവടുവെപ്പാണ്. ആകർഷകമായ ടിന്നുകളിൽ ലഭ്യമാകുന്ന ഇവയ്ക്ക് വിദേശ വിപണികളിലും ആവശ്യക്കാരേറെയാണ്. സാധാരണ ഫ്ളേവേർഡ് മിൽക്കുകളേക്കാൾ കട്ടികൂടിയതും രുചികരവുമായ ഈ പാനീയങ്ങൾ പുതിയ കാലത്തെ രീതികൾക്കനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ന്യൂട്രിലെവൽ 200 മില്ലി പാക്കറ്റിലും കോൾഡ് കോഫിയും കഫേ മോക്കയും 180 മില്ലി ബോട്ടിലുകളിലും ലഭ്യമാണ്.

മിൽമയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ആരോഗ്യകരമായ പ്രോട്ടീൻ പാനീയമായ ന്യൂട്രിലെവൽ വിപണിയിലെത്തിക്കുന്നതെന്ന് മിൽമ ചെയർമാൻ കെ. എസ്. മണി പറഞ്ഞു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വൈവിധ്യവൽക്കരണത്തിൻറെ ഭാഗമായി മിൽമ നൂതന ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത്. പ്രമേഹ രോഗികൾക്കും ഫിറ്റ്നസ് ശ്രദ്ധിക്കുന്ന ആളുകൾക്കും ന്യൂട്രിലെവൽ പ്രയോജനകരമാണ്. ആരോഗ്യ മേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഇതിലൂടെ സാധിക്കും. മിൽമയ്ക്ക് ഒരു പൊൻ തൂവൽ കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിൽമ എംഡി ആസിഫ് കെ. യൂസഫ് സ്വാഗതം ആശംസിച്ചു. മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (എംആർസിഎംപിയു) എംഡി കെ.സി. ജെയിംസ് ചടങ്ങിൽ ഉത്പന്ന വിവരണം നടത്തി. മിൽമ മലബാർ യൂണിയനുകൾക്ക് കീഴിലുള്ള ക്ഷീരസംഘങ്ങളിൽ നിന്ന് ശേഖരിക്കുന്ന അണുഗുണനിലവാരം ഉറപ്പുവരുത്തിയ പാലാണ് 'ന്യൂട്രിലെവൽ' നായി ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ടി. ആർ. സി. എം. പി. യു ചെയർപേഴ്സൺ മണി വിശ്വനാഥ്, ഇ. ആർ. സി. എം. പി. യു ചെയർമാൻ വത്സലൻ പിള്ള സി. എൻ എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ ഉത്പന്നങ്ങൾ മിൽമയുടെ തനിമയേയും വിപണിയിലേക്കെത്തിക്കുന്ന ഉത്പന്ന വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മണി വിശ്വനാഥ് പറഞ്ഞു.

'ന്യൂട്രിലെവൽ' ഉത്പന്നം നിർമ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കിയ അമേരിക്കയിലെ ഓറോവില്ലി ഹോസ്പിറ്റലേയും തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലേയും ചീഫ് എൻഡോക്രൈനോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. ഗോപിനാഥ് എസ്. സുനിലിനെ ചടങ്ങിൽ അനുമോദിച്ചു.

ടിആർസിഎംപിയു എംഡി രാരരാജ് .ആർ, ഇആർസിഎംപിയു എംഡി വിൽസൺ .ജെ പുറവക്കാട്ട്, മിൽമ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ എന്നിവരും പങ്കെടുത്തു. മിൽമ മാർക്കറ്റിംഗ് മേധാവി മുരുകൻ വി എസ് നന്ദി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.