Sections

കേരള ബജറ്റ് 2026: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ക്ഷേമവും വികസനവും മുൻനിർത്തി വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്

Friday, Jun 19, 2026
Reported By Admin
Kerala Budget 2026: UDF Unveils Welfare and Growth Roadmap

തിരുവനന്തപുരം: മുഖ്യമന്ത്രി കൂടിയായ ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പുരോഗമിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും സാമൂഹിക ക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതായി ബജറ്റിൽ പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന പൊതുകടബാധ്യതയും നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്.

ബജറ്റ് അവതരണത്തിനിടെ കേരളം നേരിടുന്ന ധനകാര്യ വെല്ലുവിളികളെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനൊപ്പം സാമ്പത്തിക അച്ചടക്കവും വികസന കാഴ്ചപ്പാടും കൈകോർക്കുന്ന അഞ്ചുവർഷത്തെ വികസന റോഡ്മാപ്പാണ് ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകിയ ബജറ്റിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' സൗജന്യ യാത്രാപദ്ധതിക്കായി ?600 കോടി വകയിരുത്തി. സംസ്ഥാനത്തെ വ്യോമയാന-ലോജിസ്റ്റിക് മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ?200 കോടി അനുവദിച്ചതായും പ്രഖ്യാപിച്ചു.

യുവജന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സാങ്കേതികവിദ്യ അധിഷ്ഠിത തൊഴിൽ സൃഷ്ടി പദ്ധതികൾ നടപ്പാക്കുമെന്നും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും കൂടുതൽ പിന്തുണ നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കി. പുതുതലമുറ സംരംഭകർക്ക് ഇൻക്യുബേഷൻ സെന്റർ പ്രവർത്തനങ്ങൾക്കായി 10 കോടിയും ജെൻസികൾക്കായി സ്റ്റാർട്ടപ്പിന് വേണ്ടി 50 കോടിയും വകയിരുത്തി. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സുരക്ഷാ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തെ ദേശീയ-ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'കേരള നോളജ് വാലി' പദ്ധതിക്ക് ?100 കോടി വകയിരുത്തി. വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനും ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികൾക്കും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.

കാർഷിക മേഖലയ്ക്ക് ആശ്വാസമായി റബറിന്റെ താങ്ങുവില കിലോയ്ക്ക് ?200ൽ നിന്ന് ?250 ആയി ഉയർത്തുന്നതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാമൂഹിക ക്ഷേമ പദ്ധതികൾക്കും പെൻഷൻ വിതരണത്തിനും വൻതോതിൽ ധനവിനിയോഗം ഉറപ്പാക്കിയതായി ബജറ്റിൽ വ്യക്തമാക്കുന്നു.

സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ക്ഷേമവും വികസനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന പുതിയ വികസന മാതൃകയാണ് യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.