- Trending Now:
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സഹായകമാകുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ്. സ്റ്റാർട്ടപ്പ് മേഖലയ്ക്ക് മാത്രമായി 79 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
ജെൻസി- ന്യൂ ജെൻ ടെക്നോളജി മേഖലയുടെ വികസനം മുന്നിൽക്കണ്ട് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ഹബ്ബുകൾ, ഗവേഷണ കേന്ദ്രങ്ങൾ, എഐ, റോബോട്ടിക്സ്, ഐഒടി, ഡാറ്റ സയൻസ്, വിആർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാർട്ട് വ്യവസായങ്ങൾ എന്നിവയ്ക്ക് 50 കോടി രൂപയാണ് വകയിരുത്തിയത്.
സംരംഭകർക്കുള്ള ഇൻകുബേഷൻ സെൻററുകൾ ആധുനികവൽക്കരിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി 10 കോടി രൂപ വകയിരുത്തി.
സ്പേസ് ഇക്കണോമിയുമായി ബന്ധപ്പെട്ട് സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ/വിക്ഷേപണ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നല്കുന്നതിനും സ്പേസ് പാർക്കിൻറെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അഞ്ച് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇത് സ്പെയ്സ്ടെക് സ്റ്റാർട്ടപ്പുകൾക്കും ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്കും ഗുണം ചെയ്യും.
മലയാളഭാഷാ കംപ്യൂട്ടിംഗിനും പ്രാദേശിക എഐ മോഡലുകൾ വികസിപ്പിക്കുന്നതിനുമായി 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് ഭാഷാപരമായ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങളൊരുക്കും.
പ്രമുഖ ഗവേഷണ സ്ഥാപനങ്ങളേയും സ്റ്റാർട്ടപ്പുകളേയും ബന്ധിപ്പിക്കുന്ന റിസർച്ച് പാർക്കുകളും സെൻറർ ഓഫ് എക്സലൻസുകളും സ്ഥാപിക്കാൻ 100 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. ഇത് ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഗുണകരമാകും.
പതിനായിരം പുതിയ എംഎസ്എംഇ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുള്ള 'കേരള എംഎസ്എംഇ ഗ്രോത്ത് സ്കീമിന്' 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംരംഭകർക്ക് റിവോൾവിംഗ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട് എന്നിവ ലഭ്യമാകുന്നതിനൊപ്പം ടെക്നോ-മെൻറർമാർ, മാനേജ്മെൻറ്-മെൻറർമാർ എന്നിവർക്കും ഇത് ഗുണകരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.