Sections

തീർത്ഥാടന-പൈതൃക ടൂറിസം: ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹമെന്ന് എസ്കെഎച്ച്എഫ്

Sunday, Jun 21, 2026
Reported By Admin
Kerala Budget 2026: Tourism Industry Welcomes Pilgrimage Focus

തിരുവനന്തപുരം: തീർത്ഥാടന-പൈതൃക ടൂറിസത്തിന് ബജറ്റിൽ പ്രാധാന്യം നൽകിയതിനെ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്) സെക്രട്ടറി ജനറൽ പ്രസാദ് മഞ്ഞളി സ്വാഗതം ചെയ്തു. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുത്തൻ ഊർജ്ജം പകരുന്നതാണ് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കാനുള്ള നിർദേശം പ്രശംസനീയമാണ്. വർഷം മുഴുവൻ സന്ദർശകരെ ആകർഷിക്കാനും കേരളത്തിലുടനീളമുള്ള ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്താനും തീർത്ഥാടന ടൂറിസത്തിന് വലിയ സാധ്യതകളുണ്ട്.

ലോകപ്രശസ്തമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വികസനം സംസ്ഥാനത്തിൻറെ ദീർഘകാല തീർത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ആത്മീയ, സാംസ്കാരിക, പൈതൃക ടൂറിസം കേന്ദ്രമെന്ന നിലയിൽ തിരുവനന്തപുരത്തിൻറെ പ്രാധാന്യം കൂടുതൽ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റിലെ ടൂറിസം പ്രഖ്യാപനങ്ങളെ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് (ജിടിഎം) സിഇഒ സിജി നായരും പ്രകീർത്തിച്ചു. ജിടിഎം 2026 ലെ ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി നടത്തിയ നിരവധി ഉറപ്പുകൾ പുതുക്കിയ ബജറ്റ് നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം അടിസ്ഥാന സൗകര്യ വികസനം, മാരിടൈം ടൂറിസം, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ, സുസ്ഥിര ഗതാഗതം, പൈതൃക സംരക്ഷണം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുളള സർക്കാരിൻറെ ശ്രമങ്ങൾ വ്യക്തമാക്കുന്നതാണ്. അതേസമയം മറ്റ് ആഭ്യന്തര-അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കാൻ കേരളത്തിന് കൂടുതൽ മാർക്കറ്റിംഗ് ക്യാമ്പെയ്നുകൾ വേണം. ടൂറിസ്റ്റുകളുടെ വരവ് വർധിപ്പിക്കാനും കേരളത്തിൻറെ ടൂറിസം ബ്രാൻഡ് ശക്തിപ്പെടുത്താനുമുള്ള പ്രചാരണങ്ങൾക്കായി കൂടുതൽ വിഹിതം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.