Sections

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മിൽമ

Tuesday, Aug 04, 2026
Reported By Admin
Milma Clarifies Sabarimala Ghee Quality, Denies Allegations

മിൽമയിൽനിന്ന് കൊണ്ടുപോയത് മികച്ച ഗുണമേൻമയുള്ള നെയ്യ്: മിൽമ ചെയർമാൻ


തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നും ഗുണനിലവാരമുള്ള നെയ്യ് തന്നെയാണ് നൽകിയതെന്നും മിൽമ ചെയർമാൻ കെ.എസ് മണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിലും പരിശുദ്ധിയിലും കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല.

ശബരിമലയിലേക്കുള്ള നെയ്യ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശബരിമല ഗോഡൗണിൽ സ്വീകരിക്കുകയും ഉൽപന്നത്തിൻറെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തി സന്നിധാനത്തേക്ക് അയക്കുകയും ചെയ്യുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യത്യാസം സംഭവിച്ചതായി ദേവസ്വം ബോർഡ് മിൽമയെ ഇതുവരെ അറിയിച്ചിട്ടില്ല. നെയ്യ് കൈമാറ്റത്തിൻറെ തുക മുഴുവനായും ദേവസ്വം ബോർഡ് മിൽമയ്ക്ക് ഇതിനകം നൽകുകയും ചെയ്തു.

മിൽമയിൽനിന്ന് ശബരിമലയിലേക്ക് കൊണ്ടുപോയത് മികച്ച ഗുണമേൻമയുള്ള ഒറിജിനൽ പ്രീമിയം നെയ്യ് ആണെന്ന് മിൽമ ചെയർമാൻ പറഞ്ഞു. മിൽമ ഡെയറിയിൽ നിന്ന് 15 കിലോ ടിന്നുകളിലാക്കി പൂർണമായി സീൽ ചെയ്താണ് നെയ്യ് അയച്ചത്. കൃത്യമായ പാക്കിംഗും സീലിംഗും ചെയ്ത ഈ ടിന്നുകളിൽ കൃത്രിമം കാണിക്കാൻ സാധിക്കില്ല. ഉപഭോക്താക്കളുടെ വിശ്വാസവും ക്ഷീരകർഷകരോടുള്ള പ്രതിബദ്ധതയും മിൽമയുടെ വളർച്ചയിൽ പ്രധാനപ്പെട്ടതാണ്. മിൽമയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിൽമ എംഡി ആസിഫ് കെ യൂസഫും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മിൽമയുടെ എല്ലാ ഡയറികളിലും നൂതനമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നെയ്യിൻറെയും മറ്റ് ഉൽപന്നങ്ങളുടെയും ഉൽപാദന, പാക്കിംഗ് പ്രക്രിയ നടത്തുന്നത്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നൽകുന്നതിൽ മിൽമയ്ക്ക് പ്രതിബദ്ധതയുണ്ട്. അത് നിലനിർത്തുന്നത് മിൽമയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

മിൽമ നെയ്യിനു പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചു എന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് വളരെ ഗൗരവമുള്ളതായിട്ടാണ് മിൽമ കാണുന്നത്. ഏതെങ്കിലും വിധത്തിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മിൽമ അറിയിച്ചു.

മിൽമയുടെ നെയ്യ് വേണ്ട എന്ന് ദേവസ്വം ബോർഡ് തീരുമാനമെടുത്തതായി വന്ന മാധ്യമവാർത്ത വാസ്തവവിരുദ്ധമാണ്. മിൽമയുടെ നെയ്യ് വേണ്ട എന്ന് ദേവസ്വം ബോർഡ് പറഞ്ഞിട്ടില്ല. ബോർഡ് അങ്ങനെയൊരു തീരുമാനമെടുക്കുകയോ അത്തരമൊരു അറിയിപ്പ് ദേവസ്വം ബോർഡിൽ നിന്ന് മിൽമയ്ക്ക് ലഭിക്കുകയോ ചെയ്തിട്ടില്ല. ഭക്തരിൽ നിന്നും ദിവസവും ലഭിക്കുന്ന നെയ്യ് ശബരിമലയിലെ ദൈനംദിന

ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നും അതിനാൽ ഇപ്പോൾ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രതികരിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽപെട്ടിരുന്നു.

ക്ഷീരകർഷകർക്ക് തൊഴിലും ഉപജീവനവും നൽകി ക്ഷേമപ്രവർത്തനങ്ങളിലൂടെ അവരോടൊപ്പം നിലകൊള്ളുകയും സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് മിൽമ മുന്നോട്ടു പോകുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.