Sections

സാഹസിക വിനോദസഞ്ചാര രംഗത്ത് ഗോവയെ പിന്നിലാക്കി കേരളം മുന്നേറ്റത്തിൽ

Monday, Sep 28, 2026
Reported By Admin
Kerala Emerges as a Major Adventure Tourism Hub in India

കൊച്ചി: ഇന്ത്യയിലെ സാഹസിക വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഗോവയെ പിന്തള്ളി കേരളം മുന്നിലെത്തിയതായി കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്. കൊച്ചികേരള ട്രാവൽ മാർട്ടിൽ (കെടിഎം-2026) സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് അഡ്വഞ്ചർ ടൂറിസത്തിന്റെ ഹബ്ബ് ഗോവയായിരുന്നു. എന്നാലിപ്പോൾ കേരളം ഗോവയെ മറികടന്നിരിക്കുന്നു. സഞ്ചാരികൾക്കിടയിൽ സാഹസിക വിനോദസഞ്ചാരം എന്നാൽ കേരളം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളാണ് കരയിലും വെള്ളത്തിലും ആകാശത്തുമുള്ള വിവിധ സാഹസിക വിനോദങ്ങൾക്ക് കേരളത്തെ അനുയോജ്യമാക്കുന്നത്. ട്രെക്കിംഗിന് അനുയോജ്യമായ പശ്ചിമഘട്ട മലനിരകൾ, 44 നദികൾ, നിരവധി ജലാശയങ്ങൾ, ഡാമുകൾ, 600 കിലോമീറ്റർ നീളമുള്ള കടൽതീരം എന്നിവ കേരളത്തിന്റെ സ്വാഭാവിക മികവാണ്.

സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് 2012 ൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി രൂപീകരിച്ചത്. ഇതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വാഗമൺ, വയനാട്, ഇടുക്കി തുടങ്ങിയ കേന്ദ്രങ്ങളെ കരയോടനുബന്ധിച്ചുള്ള സാഹസിക വിനോദങ്ങൾക്കായി വികസിപ്പിച്ചെടുത്തു. കോവളം, വർക്കല, പയ്യമ്പലം, കോഴിക്കോട്, ബേക്കൽ തുടങ്ങിയ തീരദേശങ്ങൾ വാട്ടർ സ്പോർട്സ് കേന്ദ്രങ്ങളായും ഉയർന്നുവന്നു. കൊല്ലത്തെ പരവൂർ കയാക്കിംഗിന്റെ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാഹസിക വിനോദസഞ്ചാര നയത്തിൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. സുരക്ഷ ഉറപ്പാക്കാൻ കർശന മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി 2017-ൽ വിദഗ്ധ സമിതി രൂപീകരിച്ച് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി. 2019 ൽ നിയമനിർമ്മാണത്തിലൂടെ സമഗ്രമായ അഡ്വഞ്ചർ ടൂറിസം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. നിലവിൽ 150 ഓളം സാഹസിക വിനോദസഞ്ചാര യൂണിറ്റുകളെ രജിസ്ട്രേഷൻ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാർഗ്ഗരേഖകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ടൂറിസം വകുപ്പ് രണ്ട് വർഷത്തേക്കുള്ള രജിസ്ട്രേഷൻ നൽകുന്നു. ആഗോളതലത്തിലുള്ള പരിപാടികളിലൂടെ കേരളത്തിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കൊടുക്കാൻ സംസ്ഥാനം ശ്രമിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വൈറ്റ്-വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ 'മലബാർ റിവർ ഫെസ്റ്റിവൽ' ഇതിനകം 12 പതിപ്പുകൾ പൂർത്തിയാക്കി. സാഹസിക വിനോദസഞ്ചാര കലണ്ടറിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായിത് മാറി. കഴിഞ്ഞ വർഷം അമേരിക്ക, കാനഡ, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ന്യൂസിലാൻഡ് തുടങ്ങിയ 20 രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പ് ഒരു കയാക്കിംഗ് പരിശീലന കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വാഗമണ്ണിലെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ, വയനാട്ടിലെ മൗണ്ടൻ ടെറൈൻ ബൈക്കിംഗ് ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളും കേരളത്തിന്റെ സാഹസിക വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകിയിട്ടുണ്ട്.

കേരളം എല്ലാത്തരം വിനോദങ്ങൾക്കും അനുയോജ്യമാണ്. ഫെഡറേഷൻ എയറോനോട്ടിക് ഇന്റർനാഷണലിന്റെ അംഗീകാരത്തോടെ വാഗമണ്ണിൽ രണ്ട് തവണ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുണ്ട്. പൈലറ്റുമാർ ഒരേ സ്ഥലത്തുനിന്ന് പറന്നുയരുകയും അവിടെത്തന്നെ തിരിച്ചിറങ്ങുകയും ചെയ്യുന്ന 'ടോപ്പ്-ലാൻഡിംഗ്'മത്സരമാണ് ഇതിന്റെ പ്രധാന ആകർഷണം. വർക്കലയിൽ രണ്ട് തവണ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത് സാഹസിക കായിക വിനോദങ്ങൾക്കുള്ള കേന്ദ്രമെന്ന നിലയിൽ കേരളത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലാവസ്ഥയിലും കാറ്റിന്റെ ഗതിയിലുമുണ്ടാകുന്ന മാറ്റങ്ങൾ പാരാഗ്ലൈഡിംഗിനെയും വേലിയേറ്റ-വേലിയിറക്കങ്ങളിലെ വ്യത്യാസങ്ങൾ സർഫിംഗിനെയും ബാധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർശനമായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ ഇത്തരം പ്രവർത്തനങ്ങൾ കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനവും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവുമാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇത് പരിഹരിക്കാൻ കിറ്റ്സുമായി സഹകരിച്ച് വിദഗ്ധ പരിശീലനം നൽകി വരുന്നെന്നും അദ്ദേഹം പറഞ്ഞു..

കാഴ്ചകൾ കാണുന്നതിനേക്കാൾ അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന സഞ്ചാരികളുടെ പുതിയ രീതി കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകുന്നുവെന്ന് കേരള ഡെസ്റ്റിനേഷൻസ് കമ്പനി ഇൻബൗണ്ട് മാനേജർ മിഥുൻ സി.എൻ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.