Sections

കെല്ലിനെ രാജ്യത്തെ മികച്ച സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്

Tuesday, Nov 08, 2022
Reported By MANU KILIMANOOR

കെല്ലിന്റെ പുതിയ കോര്‍പ്പറേറ്റ് കാര്യാലയം മാമലയില്‍  

സംസ്ഥാന വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയോട് ചേര്‍ന്ന് വ്യവസായ പാര്‍ക്ക് സര്‍ക്കാരിന്റെ പരിഗണയിലുണ്ടെന്ന് പി രാജീവ് പറഞ്ഞു. കെല്ലിന്റെ പുതിയ കോര്‍പ്പറേറ്റ് കാര്യാലയം മാമലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെല്ലിനെ രാജ്യത്തെ മികച്ച സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.കെല്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഓഡിറ്റ് കമ്മിറ്റിയും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്ന പതിവ് ഇനിയുണ്ടാകില്ലെന്നും കമ്പനികള്‍ക്ക് ഉല്‍പാദനക്ഷമത കൂട്ടി ലാഭമുണ്ടാക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കമ്പനികള്‍ വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടതാണെന്നും പി. രാജീവ് പറഞ്ഞു. കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ കെല്‍ വികസിപ്പിച്ച ഇന്റലിജന്റ് ട്രാന്‍സ്‌ഫോര്‍മര്‍ മോണിട്ടറിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നേരില്‍ കണ്ട് മനസ്സിലാക്കി.കോര്‍പ്പറേറ്റ് കാര്യാലയം മാമലയിലേക്ക് മാറ്റുന്നതിലൂടെ വാടകയിനത്തിലും മറ്റിനങ്ങളിലുമായി പ്രതിവര്‍ഷം ഏതാണ്ട് 12 ലക്ഷം രൂപ ലാഭിക്കാനാകുമെന്ന് കെല്‍ മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗീസ് പറഞ്ഞു. കമ്പനിയുടെ വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി പുതിയ ഉത്പന്നങ്ങള്‍ കെല്‍ വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വൈദ്യുതി ബോര്‍ഡിന് വേണ്ടി ഉത്പാദനച്ചിലവ് കുറഞ്ഞ ഉന്നത നിലവാരമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ വികസിപ്പിച്ചെടുത്തിലൂടെ ബോര്‍ഡില്‍ നിന്നും കമ്പനിക്ക് 50 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കെഎസ്ആര്‍ടിസി ബസ്, ജലഗതാഗത വകുപ്പ് ബോട്ട്, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയിലെ ഡീസല്‍ എഞ്ചിനുകള്‍ മാറ്റി ഇലക്ട്രിക് വാഹനങ്ങളാക്കുന്ന പദ്ധതിക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ടെന്നും ഷാജി എം. വര്‍ഗീസ് പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കൂടുതല്‍ ഐഒടി അധിഷ്ഠിത പദ്ധതികളും കമ്പനിയുടെ പരിഗണനയിലുണ്ടെന്നും കെല്‍ എംഡി പറഞ്ഞു.പി.വി. ശ്രീനിജിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ സി.ആര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ബിജു വി. ജോണ്‍, സിഐറ്റിയു കെല്‍ പ്രസിഡന്റ് എ.ബി. സാബു, കെല്‍ ചെയര്‍മാന്‍ പി.കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പനമ്പിള്ളി നഗര്‍ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലായിരുന്നു കെല്ലിന്റെ കോര്‍പ്പറേറ്റ് കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.