Sections

ഹെക്സ്20 യ്ക്ക് ടെക്നോപാർക്കിൽ പുതിയ ലാബ്

Friday, Dec 19, 2025
Reported By Admin
Hex20 Opens New Advanced Satellite Lab at Technopark

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിർമ്മാണ കമ്പനിയായ ഹെക്സ്20, ടെക്നോപാർക്കിലെ നിള കെട്ടിടത്തിൽ പുതിയ ലാബ് തുറന്നു. കമ്പനിയുടെ ഉത്പാദനക്ഷമത, നവീകരണ സാധ്യത, സംഭരണ ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ ലാബ്. അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന ലാബിൻറെ വിസ്തീർണം നിലവിലുള്ള ലാബിൻറെ ഇരട്ടിയാണ്.

മത്സരാധിഷ്ഠിത ചെറുകിട ഉപഗ്രഹ നിർമ്മാണ മേഖലയിലെ ഗവേഷണം, പ്രോട്ടോടൈപ്പിംഗ് തുടങ്ങിയവയിൽ ഹെക്സ്20 സജീവ സാന്നിധ്യമാണ്. പുതിയ ലാബിലൂടെ ഉപഗ്രഹ നിർമ്മാണ പ്രക്രിയ വേഗത്തിലാക്കാനും ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നം നല്കാനും സാധിക്കും.

പുതിയ ലാബിലൂടെ കമ്പനിയുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും ആക്കം കൂട്ടാൻ കഴിഞ്ഞതായി ഹെക്സ്20 യുടെ സിഇഒ ഡോ. അമൽ ചന്ദ്രൻ പറഞ്ഞു. ചെറിയ ഉപഗ്രഹങ്ങളുടെ സാങ്കേതികവിദ്യയിലെ നവീകരണത്തിനും മികവിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത തെളിയിക്കാൻ പുതിയ സംരംഭത്തിലൂടെ സാധിക്കുന്നു.

അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനാകുന്നതിനൊപ്പം ഹെക്സ്20 ടീമിൻറെ കഴിവുകളെ വികസിപ്പിക്കാനുമാകും. പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങൾക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങൾ നല്കാൻ ഹെക്സ്20 യ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യ മേഖലയിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് 'നിള'. യുഎസ് വിക്ഷേപണ ദാതാവായ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷനുമായി (സ്പേസ് എക്സ്) പങ്കാളിത്തം സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പാണ് ഹെക്സ് 20.

ഓസ്ട്രേലിയ, യുഎഇ, തായ് വാൻ എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള ഹെക്സ്20 ഐഎസ്ആർഒ ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ആഭ്യന്തര നിർമ്മാണ ശൃംഖലയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

കമ്പനിയുടെ പ്രധാന പങ്കാളികൾ, ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.