Sections

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി

Saturday, Mar 07, 2026
Reported By Admin
M A Baby Praises Growing Cultural Impact of Kochi Biennale

കൊച്ചി: ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന കരുത്തുറ്റ സാംസ്കാരിക ശക്തിയായി കൊച്ചി - മുസിരിസ് ബിനാലെ വളർന്നു കഴിഞ്ഞുവെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ഓരോ പതിപ്പ് കഴിയുന്തോറും കൂടുതൽ തീവ്രതയുള്ള സാംസ്കാരിക വിരുന്നായി ഈ കലാമേള പരിണമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി ബിനാലെ ആറാം പതിപ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2012-ൽ ബിനാലെ ആരംഭിച്ചത് മുതൽ താൻ ഇതിന്റെ ഭാഗമാണെന്നും ഒരു വ്യാഴവട്ട കാലത്തിനപ്പുറം ബിനാലെയുടെ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ആറാം പതിപ്പിലേക്ക് എത്തുമ്പോൾ ബിനാലെ മറ്റൊരു തലത്തിലേക്ക് ഉയർന്നു കഴിഞ്ഞു. ബിനാലെ കലാസൃഷ്ടികൾ സന്ദർശകരെ സ്വജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കാനും ദാർശനികമായി കാര്യങ്ങളെ നോക്കിക്കാണാനും പ്രേരിപ്പിക്കുന്നു. ഓരോ കലാപ്രതിഷ്ഠയും പെയിന്റിംഗും കാഴ്ചക്കാരനിൽ സ്വാധീനമുണ്ടാക്കുന്നു.

കല സ്വയം സംസാരിക്കുമെന്നും ഓരോ സൃഷ്ടിയെയും അമിതമായി വിവരിക്കേണ്ട ആവശ്യമില്ലെന്നും പ്രശസ്ത കലാകാരൻ എ. രാമചന്ദ്രന്റെ വാക്കുകൾ കടമെടുത്ത് അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കും ആഗോള കലാസമൂഹത്തിനും അഭിമാനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

മനുഷ്യവംശം ഭൂമിയിൽ തുടരണമെങ്കിൽ കലയും സാഹിത്യവും തഴച്ചുവളരേണ്ടതുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്നത് കലയും സംസ്കാരവുമാണെന്ന് പിന്നാലെയുടെ ഫണ്ടിങ്ങിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അന്തരിച്ച കലാകാരൻ വിവിയൻ സുന്ദരം 2012-ലെ ആദ്യ പതിപ്പിൽ നൽകിയ വ്യക്തിപരമായ സംഭാവനകളെക്കുറിച്ച് എം എ ബേബി അനുസ്മരിച്ചു. ഇത്തരം രാജ്യാന്തര കലാമാമാങ്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ഭീമമായ ബജറ്റുകളിലാണ് നടക്കുന്നത്. എന്നാൽ കൊച്ചി ബിനാലെ വളരെ പരിമിതമായ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുദീർഘമായ പ്രദർശനം സംഘടിപ്പിക്കാമെന്ന് തെളിയിച്ചു.

ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ആക്രമണങ്ങൾ അനീതിയുടേതാണെന്ന് എം.എ. ബേബി പറഞ്ഞു. ബിനാലെ പോലുള്ള സാംസ്കാരിക സംഗമങ്ങൾ യുദ്ധങ്ങൾക്കെതിരെയുള്ള പ്രതിരോധ കേന്ദ്രങ്ങളായും സമാധാനത്തിനായുള്ള വേദികളായും മാറേണ്ടതുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യാത്രാനിയന്ത്രണങ്ങൾ കാരണം രണ്ട് പാക്കിസ്ഥാനി കലാകാരന്മാർക്ക് ബിനാലെയിൽ പങ്കെടുക്കാൻ കഴിയാതെ പോയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.