Sections

വിദ്യാർത്ഥികളുടെ ആശയങ്ങൾക്ക് ചിറക് നൽകി കെഡിസ്‌കിന്റെ യങ് ഇന്നവേറ്റീവ് പ്രോഗ്രാം

Thursday, Jan 19, 2023
Reported By admin
kdisk

നിരവധി കണ്ടുപിടിത്തങ്ങളാണ് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്


തിരുവനന്തപുരം: ലോകം അതിവേഗം പുരോഗമിക്കുമ്പോൾ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ സംരംഭമായ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) രൂപീകരിച്ച വൈ ഐ പി എന്നറിയപ്പെടുന്ന യങ് ഇന്നവേറ്റീവ് പ്രോഗ്രാം. ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്ന മുദ്രവാക്യം ഉയർത്തി വിദ്യാർത്ഥികളിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തി നാടിന്റെ സർവ്വ മേഖലയിലും വികസനം ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ഇതിനോടകം ഒട്ടനവധി വിദ്യാർത്ഥികൾ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആരോഗ്യം, കൃഷി, ഊർജ സംരക്ഷണം, ആയുർവേദം, തുടങ്ങി നിത്യജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന നിരവധി കണ്ടുപിടിത്തങ്ങളാണ് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ വിദ്യാർത്ഥികൾ കാഴ്ചവെച്ചത്.

കേരളത്തിലെ കർഷകർ നേരിട്ട വലിയ പ്രതിസന്ധിയായിരുന്ന കുളവാഴ പ്രശ്നത്തെ ക്രിയാത്മകമായി പരിഹരിച്ചിരിക്കുകയാണ് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ പങ്കെടുത്ത ഗവേഷക വിദ്യാർത്ഥി അനൂപ് കുമാറും സംഘവും. കുളവാഴയിൽ നിന്നും സമൂഹത്തിന് ഉപകാരപ്രദമാകുന്ന പല വസ്തുക്കളും ഉല്പാദിപ്പിച്ചും, അത് വില്പന നടത്തിയുമാണ് ആലപ്പുഴ സനാതന ധർമ്മ കോളജിലെ ഗവേഷക വിദ്യാർത്ഥി ഇത് സാധ്യമാക്കിയത്. വളരെയധികം കായികാധ്വാനം ആവശ്യമായുള്ള ഒരു തൊഴിൽ മേഖലയാണ് കൃഷി. ആ കാർഷിക മേഖലയെ കുറച്ചുകൂടി ലളിതമാക്കുവാൻ വേണ്ടിയാണ് ഒന്നിൽകൂടുതൽ ആവശ്യങ്ങൾക്കായി കർഷകർക്ക് ഉപയോഗിക്കുവാൻ കഴിയുന്ന മൾട്ടി പർപ്പസ് അഗ്രി വെഹിക്കിൾ എന്ന ആശയവുമായി കോഴിക്കോട് ജില്ലയിലെ സികെജി മെമ്മോറിയൽ എച്ച്.എസ് എസിലെ പ്ലസ്ടു വിദ്യാർത്ഥി അദ്വൈത് വൈ.ഐ.പി പ്ലാറ്റ്ഫോമിലെത്തിയത്.

'ദൈനംദിന ജീവിത പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളർത്താമെന്ന് കാണിച്ച് തരികയാണ് കെ ഡിസ്ക് ആവിഷ്കരിച്ച വൈഐപി. സ്വന്തമായി ആശയങ്ങളുള്ള 13- 37 വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ ടീമുകൾക്കാണ് കെ ഡിസ്ക് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ അവസരം ലഭിക്കുക' - കെഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പിവി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആശയങ്ങൾ അവതരിപ്പിക്കുവാനും, നിർദ്ദേശകരെ തിരഞ്ഞെടുക്കാനുമൊക്കെ വൈ.ഐ.പി പ്ലാറ്റ്ഫോമിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രോജെക്ടിന് ജില്ലാതലത്തിൽ 25000 രൂപയും സംസ്ഥാന തലത്തിൽ 50000 രൂപയുമാണ് സമ്മാനമായി നൽകുന്നത്.പ്രോജക്ടിനുള്ള ഫണ്ടിംഗ് ഇതിനു പുറമെയാണ്. സ്ക്കൂൾതലത്തിലെ പരിപാടി കെ-ഡിസ്ക്കും പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് വൈ ഐ പി ശാസ്ത്രപഥം എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് വിദ്യാർത്ഥികൾക്ക് ഐഡിയകൾ സമർപ്പിക്കാം. വിവരങ്ങൾക്ക് https://yip.kerala.gov.in/ സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.