Sections

കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ കേരളത്തിൽ ഔട്ട്‌ലറ്റുകൾ തുറന്നു; എതിർത്ത് മിൽമ

Saturday, Apr 15, 2023
Reported By Admin
Milma

മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുത്പ്പന്നങ്ങളും വിൽക്കാൻ ഔട്ട്ലറ്റുകൾ തുടങ്ങി


കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ കേരളത്തിൽ രണ്ടിടത്ത് ഔട്ടലറ്റുകൾ തുടങ്ങയതിൽ പ്രതിഷേധിച്ച് മിൽമ. കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷന് കീഴിലുള്ള നന്ദിനി, മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുത്പ്പന്നങ്ങളും വിൽക്കാൻ ഔട്ട്ലറ്റുകൾ തുടങ്ങിയതാണ് മിൽമയെ പ്രകോപിപ്പിച്ചത്. കർണാടകയുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ലെങ്കിൽ കർണാടകയിൽ നിന്ന് പാൽ വാങ്ങുന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് മിൽമ ചെയർമാൻ എം എസ് മണി പറഞ്ഞു.

മുൻപ് കർണാടകയിൽ പാൽ വിൽപ്പന തുടങ്ങാൻ അമൂൽ നീക്കം നടത്തിയപ്പോൾ കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ എതിർപ്പുയർത്തിയിരുന്നു. അതേ ഫെഡറേഷൻ കേരളത്തിൽ നേരിട്ട് പാൽ വിൽക്കാൻ എത്തുന്നതിന്റെ ന്യായമാണ് മിൽമ ചോദ്യം ചെയ്യുന്നത്. കർണാടകയെ എതിർപ്പ് അറിയിച്ച മിൽമ, കേന്ദ്ര ക്ഷീര വികസന ബോർഡിലും പരാതി ഉന്നയിച്ചിട്ടുണ്ട്.

അമൂൽ മാതൃകയിൽ ക്ഷീരകർഷകരുടെ സഹകരണ പ്രസ്ഥാനങ്ങളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും വിപണി നിയന്ത്രിക്കുന്നത്. പരസ്പര സഹകരണത്തോടെ പ്രവർത്തിച്ചുവരുന്ന മിൽക് മാർക്കറ്റിംഗ് ഫെഡറേഷനുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വിപണി വ്യാപിപ്പിക്കുവാൻ നീക്കം നടത്തിയതോടെയാണ് തർക്കം ഉണ്ടാകുന്നത്. ഉത്പാദന ചിലവ് കുറവായതിനാൽ മറ്റ് ഫെഡറെഷനുകൾക്ക് കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് പാലും പാൽ ഉത്പന്നങ്ങളും വിൽക്കുവാൻ സാധിക്കും. ഇത് പാൽ ഉപയോഗിച്ച് മൂല്യ വർധിത ഉത്പ്പന്നങ്ങളിലൂടെ മികച്ച വരുമാനം കണ്ടെത്തുന്ന മിൽമയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതിനാലാണ് മിൽമ എതിർപ്പുമായി രംഗത്തെത്തുന്നത്. കർഷകരെ അണിനിരത്തി കർണാടകയുടെ നീക്കം ചെറുക്കുന്ന കാര്യവും മിൽമയുടെ പരിഗണനയിലുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.