- Trending Now:
കൊച്ചി: കല്യാൺ ജുവലേഴ്സ് ഇന്ത്യ ലിമിറ്റഡ് ആദ്യ പ്രാദേശിക ആഭരണ ബ്രാൻഡായ 'അക്ഷയ തങ്ക മാളിഗൈ' (എടിഎം) അവതരിപ്പിച്ചു. തമിഴ്നാടിനെ ലക്ഷ്യമിട്ടുള്ള പുതിയ ബ്രാൻഡിൻറെ പേര്, ലോഗോ, വിപണിയെ ലക്ഷ്യമിടുന്ന പദ്ധതികൾ എന്നിവ കമ്പനി ഇതാദ്യമായി പ്രഖ്യാപിച്ചു. കല്യാൺ, കാൻഡെയർ എന്നിവയ്ക്ക് പുറമെ പ്രാദേശിക, ജനകീയ ആഭരണ ബ്രാൻഡ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് നേരത്തെ സൂചിപ്പിച്ചിരുന്നു.
എടിഎമ്മിൻറെ ആദ്യ ഷോറൂം ഓഗസ്റ്റ് 21-ന് ചെന്നൈയിലെ പ്രമുഖ ആഭരണ വിപണിയായ ടി. നഗറിലെ പനഗൽ പാർക്കിൽ പ്രവർത്തനമാരംഭിക്കും. ഇതിൻറെ ഭാഗമായുള്ള ടീസർ പ്രചാരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിശ്വാസവും പ്രാദേശിക താല്പര്യങ്ങളും നിർണായകമാകുന്ന ഈ മേഖലയിൽ, പുതിയ ബ്രാൻഡിന് വേഗത്തിൽ ജനപ്രീതി നേടുന്നതിനായി തമിഴ് ചലച്ചിത്ര താരം ശിവകാർത്തികേയനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
നിലവിലുള്ള കല്യാൺ, കാൻഡിയർ ബ്രാൻഡുകൾക്ക് പുറമെ, പ്രാദേശിക ആഭരണ ബ്രാൻഡുകളോട് താല്പര്യമുള്ള ഉപഭോക്താക്കളെക്കൂടി ലക്ഷ്യമിട്ടാണ് കല്യാൺ ജുവലേഴ്സ് പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നത്. വിപണി കൂടുതൽ വിപുലമാക്കാൻ ഇത് സഹായിക്കും.
കല്യാണിൻറെ പാൻഇന്ത്യൻ രീതികളിൽ നിന്ന് വ്യത്യസ്തമായി, തമിഴ്നാട്ടിലെ ഉപയോക്താക്കൾക്കായി പൂർണമായും രൂപകൽപ്പന ചെയ്തതാണ് 'അക്ഷയ തങ്ക മാളിഗൈ'. തമിഴ്നാട്ടിലെ ഉപഭോക്താക്കളുടെ അഭിരുചികൾക്ക് അനുസൃതമായി, പ്രാദേശിക ആവശ്യങ്ങൾക്കും വാങ്ങൽരീതികൾക്കും അനുയോജ്യമായ രൂപകൽപ്പനകളും ഭാരവും വിലയും അനുസരിച്ചായിരിക്കും ആഭരണങ്ങൾ ലഭ്യമാക്കുക. കല്യാണിൻറെ സ്വന്തം സ്റ്റോർ ശൃംഖലകളോട് മത്സരിക്കുന്നതിന് പകരം പ്രദേശത്തെ മറ്റ് പ്രമുഖ ആഭരണ ശൃംഖലകളോടാകും എടിഎം നേരിട്ട് മത്സരിക്കുക.
തദ്ദേശീയമായ അഭിരുചികൾക്ക് അനുസരിച്ച് രൂപപ്പെടുത്തിയ പ്രാദേശിക വിപണികൾ വിപുലമായ ദീർഘകാല വളർച്ചാസാധ്യതകൾ നല്കുമെന്ന വിശ്വാസമാണ് അക്ഷയ തങ്ക മാളിഗൈ പ്രതിഫലിപ്പിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ വിപണികളിലൊന്നാണ് തമിഴ്നാട് എന്നതാണ് ആദ്യ പ്രാദേശിക ബ്രാൻഡിനായി തമിഴ്നാട് തിരഞ്ഞെടുക്കാൻ കാരണം. തമിഴ് പാരമ്പര്യവും തനിമയും കല്യാൺ ജൂവലേഴ്സിൻറെ സോഴ്സിംഗ് കഴിവുകളും ഗുണമേന്മയും ഉപയോക്താക്കൾക്ക് മുൻതൂക്കം നല്കുന്ന സമീപനവുമായി സംയോജിപ്പിച്ച്, ഫ്രാഞ്ചൈസി മാതൃകയിലൂടെ സംസ്ഥാനത്തുടനീളം മികച്ച വളർച്ച കൈവരിക്കാൻ എടിഎമ്മിന് സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ഈ പദ്ധതി വിജയകരമാക്കിയ ശേഷം മറ്റ് വിപണികളിലേക്കും സമാനമായ പ്രാദേശിക ബ്രാൻഡുകൾ കൊണ്ടുവരുന്നതിനെക്കുറിച്ച് കല്യാൺ ജൂവലേഴ്സ് ആലോചിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.