Sections

പ്രകൃതി, ജലം, ജീവജാലങ്ങൾ- ശ്രദ്ധേയമായി ജൂലിയാൻ ട്യൂബ്കെയുടെ ബിനാലെ റെസിഡൻസി

Wednesday, Feb 25, 2026
Reported By Admin
Julian Charrière’s Climate Installation at Kochi Biennale

കൊച്ചി: മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷൻ റെസിഡൻസി ആർട്ടിസ്റ്റ് ജൂലിയാൻ ട്യൂബ്കെ തയ്യാറാക്കിയ ഇൻസ്റ്റലേഷൻ ശ്രദ്ധേയമാകുന്നു. പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യൻ ഇന്ന് അതിനെ ചൂഷണം ചെയ്യുന്ന കാഴ്ചയാണ് ചുറ്റുമുള്ളതെന്നും വനനശീകരണവും കുന്നിടിക്കലും തണ്ണീർത്തടങ്ങൾ നികത്തുന്നതുമെല്ലാം മട്ടാഞ്ചേരി ബസാർ റോഡിലെ ദേവസി ജോസ് ആൻഡ് സൺസിൽ പ്രദർശിപ്പിച്ചിരിക്കുന്ന 'വെതറിംഗ് വിത്ത് മീ' എന്ന കലാപ്രതിഷ്ഠയിലൂടെ ജൂലിയാൻ വിളിച്ചു പറയുകയാണ്.

പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് ബെർലിൻ സ്വദേശിയായ ജൂലിയാൻ തന്റെ സൃഷ്ടികളിലൂടെ പരിശോധിക്കുന്നത്. കൊച്ചിക്ക് സമാനമായ ഒരു തുറമുഖ നഗരത്തിൽ വളർന്ന തനിക്ക് ജലത്തിന്റെയും കാലാവസ്ഥയുടെയും സ്വാധീനം വ്യക്തമായി അറിയാമെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജൂലിയാൻ പറഞ്ഞു. ജലം എന്നത് മനുഷ്യശരീരത്തിലൂടെയും വായുവിലൂടെയും മഴയിലൂടെയും പുഴകളിലൂടെയും സമുദ്രങ്ങളിലൂടെയും അത് നിരന്തരം ചംക്രമണം ചെയ്ത് സകല ജീവജാലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നുവെന്നും അവർ വിശദീകരിച്ചു.

2019-ലെ മൺസൂൺ കാലത്താണ് ജൂലിയാൻ കൊച്ചിയിൽ ഈ കലാസൃഷ്ടിയെക്കുറിച്ചുളള അന്വേഷണം ആരംഭിച്ചത്. കൊച്ചിയിലെ കായൽ മേഖലകൾ സന്ദർശിച്ച് വിവിധ ജനവിഭാഗങ്ങളുമായി സംവദിച്ച് 2018-ലെ മഹാപ്രളയം ജനജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്നത് അവർ പഠനവിഷയമാക്കി. 2020-ൽ പ്രദർശനം നടത്താൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അത് മാറ്റിവച്ചു. പിന്നീട് കൊച്ചിയിലെ ജിത്ത് ജോസഫുമായി ചേർന്നുള്ള നിരന്തരമായ ഇടപെടലുകളിലൂടെ 2025 ഡിസംബറിലാണ് ഈ പ്രദർശനം പൂർണ്ണരൂപത്തിൽ ഒരുക്കിയത്.

ശരീരത്തിലെ നാഡീവ്യൂഹങ്ങളെയും പൈപ്പ് ലൈനുകളെയും ഓർമ്മിപ്പിക്കുന്ന ചെമ്പ് പൈപ്പുകളുടെ ശൃംഖലയാണ് കലാപ്രതിഷ്ഠയുടെ പ്രധാന ഭാഗം. ഇതിലെ പൈപ്പുകളിലൂടെ കായലിന്റെയും പക്ഷികളുടെയും ശബ്ദങ്ങളും പ്രളയത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള ജനങ്ങളുടെ സംഭാഷണങ്ങളും കേൾക്കാൻ സാധിക്കും. കായലിൽ നിന്നുള്ള പൊക്കാളി മണ്ണും ഇൻസ്റ്റലേഷന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട്. ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന പൊക്കാളി കൃഷിരീതിയും അതിലെ പാരിസ്ഥിതിക പ്രാധാന്യവും കലാകാരി തന്റെ സൃഷ്ടിയിൽ അടയാളപ്പെടുത്തുന്നു.

പ്രകൃതി വിഭവങ്ങളുടെ പുനരുജ്ജീവന ശേഷിയെയും മനുഷ്യബന്ധങ്ങളെയും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതിലൂടെ കൊച്ചിയിലെ ജനങ്ങൾക്ക് ജലവുമായുള്ള വൈകാരിക ബന്ധം പങ്കുവെക്കാനാണ് ജൂലിയാൻ ഇതിലൂടെ ശ്രമിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.