- Trending Now:
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക് പോർട്ടലിലെ ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കേരള ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തി. കേസ് പരിഗണിച്ച ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, പ്രഥമദൃഷ്ട്യാ ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതര കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ സമാന സ്വഭാവത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കരുതെന്ന് കോടതി കർശന നിർദേശം നൽകി.
സ്പാർക് ഡാറ്റയുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ വ്യക്തിഗത വിവരങ്ങളിൽനിന്ന് ഫോൺ നമ്പറുകൾ ശേഖരിച്ച് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചതായാണ് ആരോപണം. വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് ലഭിച്ചതെന്നും ആർക്കും ലഭ്യമാകുന്ന വിവരമാണെങ്കിൽ സ്പാർക്കിലെ ഡാറ്റയ്ക്ക് എന്ത് സംരക്ഷണമാണുള്ളതെന്നും കോടതി ചോദിച്ചു.
സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് സന്ദേശങ്ങൾ അയച്ചതെന്ന സർക്കാർ വാദം കോടതി തള്ളി. സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്കും സന്ദേശങ്ങൾ ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നതുവരെ സമാന സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് എഴുത്തുപരമായി ഉറപ്പ് നൽകാനും കോടതി നിർദേശിച്ചു.
കോടതിയുടെ പരാമർശങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ രംഗത്ത് കടുത്ത പ്രതികരണമാണ് ഉയർന്നത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. സ്പ്രിങ്ക്ലർ സംഭവത്തിനുശേഷം വീണ്ടും ഒരു ഡാറ്റ മോഷണ ആരോപണം ഉയരുകയാണെന്നും, ബഹുമാനത്തോടെ 'ഓണറബിൾ ചീഫ് മിനിസ്റ്റർ' എന്ന് വിളിച്ച ആളെ ഇനി 'തീഫ് മിനിസ്റ്റർ' എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. സ്വന്തം ജീവനക്കാരുടെ ഡാറ്റ പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്നും, വ്യക്തികളുടെ അനുമതിയില്ലാതെ ഔദ്യോഗിക വിവരങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചത് ഗുരുതര നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തിഗത ഡാറ്റ ശേഖരിച്ച ഉദ്ദേശ്യത്തിനുള്ളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമതത്വം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും, ജനങ്ങളെ നിയമത്തിന്റെ കീഴിൽ കൊണ്ടുവരേണ്ട സർക്കാർ തന്നെ നിയമലംഘനത്തിന്റെ പ്രതീകമാകുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. കേസ് വീണ്ടും പരിഗണിക്കപ്പെടുന്നതോടെ നിയമപരമായും രാഷ്ട്രീയപരമായും വിവാദം കൂടുതൽ രൂക്ഷമാകുമെന്നാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.