- Trending Now:
കൊച്ചി: ട്രാൻസ്യൂണിയൻ സിബിലിന്റെ ഷിഫ്റ്റിംഗ് ഗിയേഴ്സ് 2026 - ക്രെഡിറ്റ് ഡ്രൈവ്സ് ടുഡേസ് മൊബിലിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്തെ വാഹന വായ്പാ വിപണി പുതിയ വളർച്ചാ ഘട്ടത്തിലേക്ക് കടക്കുകയാണ്. 2019 ആദ്യ പകുതിക്കും 2026 ആദ്യ പകുതിക്കും ഇടയിൽ കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹനങ്ങളുടെ ശരാശരി വായ്പാ തുക 49 ശതമാനം വർധിച്ച് 8.2 ലക്ഷം രൂപയായി മാറി. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് മാസം വർധിച്ച് 62 മാസമായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉയർന്ന മൂല്യമുള്ള കാർ വായ്പകൾ എടുക്കുന്നവരിൽ 51 ശതമാനവും അർദ്ധ-നഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ്. ഇരുചക്ര വാഹന വായ്പകളിൽ 73 ശതമാനവും പാസഞ്ചർ വാഹന വായ്പകളിൽ 37 ശതമാനവും നൽകി എൻബിഎഫ്സികൾ വാഹന ധനകാര്യ മേഖലയിൽ മുന്നിട്ടുനിൽക്കുന്നു. പാസഞ്ചർ വാഹന വായ്പകളിൽ സ്വകാര്യ ബാങ്കുകളുടെ വിഹിതം 26 ശതമാനമാണ്. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ഇരുചക്ര വാഹന വായ്പകളുടെ കുടിശ്ശിക 1.76 ലക്ഷം കോടി രൂപയിലെത്തി.
ഇരുചക്ര വാഹന വായ്പകൾ ഇന്ന് വളരെ സാധാരണമായ ഒരു വായ്പാ മാർഗ്ഗമായി മാറിയിരിക്കുന്നു. 2026-ന്റെ ആദ്യ പകുതിയിൽ ഇരുചക്രവാഹന വായ്പകൾ എടുത്തവരിൽ 64 ശതമാനവും അർദ്ധ-നഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരും, 43 ശതമാനം പേർ 30 വയസോ അതിൽ താഴെയോ പ്രായമുള്ളവരുമാണ്. ആദ്യമായി വായ്പ എടുക്കുന്നവരേക്കാൾ രണ്ടു വർഷത്തിലധികം വായ്പാ ചരിത്രമുള്ളവരാണ് ഇപ്പോൾ കൂടുതലായി ഇരുചക്ര വാഹന വായ്പകൾ എടുക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സജീവമായ ഇരുചക്ര വാഹന വായ്പക്കാരുടെ എണ്ണം 2019-ലെ 1.7 കോടിയിൽ നിന്ന് 2026 ജൂണിൽ 3.3 കോടിയായി ഉയർന്നു.
എസ്.യു.വികളോടും മികച്ച ഫീച്ചറുകളുള്ള വാഹനങ്ങളോടുമുള്ള ഉപഭോക്താക്കളുടെ പ്രത്യേക താൽപ്പര്യമാണ് പാസഞ്ചർ വാഹന വിപണിയിൽ ഉയർന്ന മൂല്യമുള്ള വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് കാരണമാകുന്നത്. കാർ ഉടമകളാകുന്നവരിൽ പുതുതലമുറ യുവാക്കൾ എന്നിവരുടെ എണ്ണം കൂടുതലാണെന്നും, പഴയ കാറുകൾക്ക് പകരം പുതിയതും ഉയർന്ന മൂല്യമുള്ളതുമായ വാഹനങ്ങൾ വാങ്ങാൻ ആളുകൾ താല്പര്യം കാണിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യുവതലമുറയുടെ പഠനം, ജോലി, വരുമാനം എന്നിവയുമായി ഇരുചക്ര വാഹനങ്ങൾക്ക് വലിയ ബന്ധമുണ്ടെന്ന് ട്രാൻസ്യൂണിയൻ സിബിൽ എം.ഡിയും സി.ഇ.ഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു. അതേസമയം കാറുകൾ വാങ്ങുമ്പോൾ മികച്ച ഫീച്ചറുകളുള്ള വലിയ വാഹനങ്ങൾ തിരഞ്ഞെടുക്കാനാണ് ഉപഭോക്താക്കൾക്ക് കൂടുതൽ താല്പര്യം. ഉയർന്ന വായ്പാ തുകയും ദീർഘമായ തിരിച്ചടവ് കാലാവധിയും ഇത്തരം കാറുകൾ സ്വന്തമാക്കാൻ ആളുകളെ സഹായിക്കുന്നു. പുതിയ ഉപഭോക്താക്കൾ കൂടുതലായി എത്തുന്നതോടെ, വാഹന വിപണിയിലെ ഔപചാരിക വായ്പകളുടെ പങ്ക് കൂടുതൽ നിർണ്ണായകമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.