Sections

'ഹഡിൽ ഗ്ലോബൽ 2026':  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

Wednesday, Oct 14, 2026
Reported By Admin
Huddle Global 2026 to Begin in Kovalam on November 12

  • ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്-സൈഡ് സ്റ്റാർട്ടപ്പ് സംഗമത്തിന് നവംബർ 12 ന് കോവളത്ത് തുടക്കം

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്-സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബൽ 2026 ന് തുടക്കം കുറിച്ച് വാർഷിക റിപ്പോർട്ടിൻറെ കവർ പേജ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.

കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ് യുഎം) നേതൃത്വത്തിൽ നവംബർ 12 മുതൽ 14 വരെ കോവളത്ത് നടക്കുന്ന പരിപാടിയിൽ അത്യാധുനിക സ്റ്റാർട്ടപ്പുകളും വൻകിട നിക്ഷേപകരും അണിനിരക്കും. കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ വലിയ ചലനം സൃഷ്ടിക്കുന്ന ഹഡിൽ ഗ്ലോബലിൻറെ എട്ടാം പതിപ്പിനാണ് ഇത്തവണ കോവളം സാക്ഷ്യം വഹിക്കുന്നത്.

സ്റ്റാർട്ടപ്പ് മേഖലയിലെ തുടക്കക്കാർ, സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർക്ക് ഒത്തുചേരാനും ആശയങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റാനുമുള്ള അത്യപൂർവ വേദികളിൽ ഒന്നാണിത്. പുതു സംരംഭകരെ തേടിയെത്തുന്ന നിക്ഷേപകരുമായുള്ള ചർച്ചകൾക്കൊപ്പം പുതുമയാർന്ന ആശയങ്ങളും ഉത്പന്നങ്ങളും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാർട്ടപ്പുകളുടെ സംഗമവേദിയായ ഹഡിൽ ഗ്ലോബലിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം.

കേരളത്തിൻറെ കരുത്തുറ്റ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഹഡിൽ ഗ്ലോബലിലൂടെ സാധ്യമാകും. കേരളത്തെ സ്റ്റാർട്ടപ്പ് മേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കുക, നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വൻതോതിൽ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവ ഹഡിൽ ഗ്ലോബലിൻറെ പ്രധാന ലക്ഷ്യങ്ങളാണ്.

കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ നേർച്ചിത്രമായ ഹഡിലിൽ ലോകമെമ്പാടുമുള്ള 150 ലധികം നിക്ഷേപകർ, ഇന്ത്യയിലും വിദേശത്തുമുള്ള 4000 ത്തിലധികം സ്റ്റാർട്ടപ്പുകൾ, 300 ലധികം മെൻറർമാർ, 200 ലധികം എച്ച്എൻഐ കൾ, 200 ലധികം കോർപറേറ്റുകൾ, 300 ലധികം പ്രഭാഷകർ, നയരൂപകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

ഹഡിൽ സ്പീഡ് ഡേറ്റിംഗ്, പ്രോഡക്ട് ലോഞ്ചിംഗ്, മെൻറർ മാച്ച്മേക്കിംഗ്, ഹഡിൽ ക്രോസ് സെൽ, പ്രോഡക്ട് എക്സ്പോ, ജിസിസി റൗണ്ട് ടേബിൾ, മെൻറർ കണക്ട്, 500 ലധികം ഇൻവെസ്റ്റർ- സ്റ്റാർട്ടപ്പ് കണക്ട് തുടങ്ങിയവ ഇത്തവണത്തെ ഹഡിലിനെ ആകർഷകമാക്കും.

നിർമ്മിത ബുദ്ധി (എഐ), ഫിൻടെക്, ബ്ലോക്ക്ചെയിൻ, ഹെൽത്ത്ടെക്, ലൈഫ് സയൻസസ്, ഓഗ്മെൻറഡ്/വെർച്വൽ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണൻസ്, ഇൻറർനെറ്റ് ഓഫ് തിംഗ്സ് എന്നിവയുൾപ്പെടെയുള്ള ഭാവി മേഖലകളെ ഹഡിൽ ഗ്ലോബൽ ഉയർത്തിക്കാട്ടും. ഈ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ മികച്ച ആശയങ്ങൾ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചർച്ചകൾ, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകൾ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭ്യമാകും.

കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകളുടെ പ്രദർശനവും ഇതിനോടനുബന്ധിച്ചുണ്ടാകും.

ആഗോളതലത്തിലുള്ള നിർണായക വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്ത ഹ്യൂമനോയിഡ് റോബോട്ടുകൾ, സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾ, സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ, സ്മാർട്ട് സിറ്റി സാങ്കേതികവിദ്യകൾ എന്നിവ ഇതിൻറെ ഭാഗമായി പ്രദർശിപ്പിക്കും.

രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://www.huddleglobal.co.in/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.