Sections

ദുബായിലെ ആഗോള വിപണി അവസരങ്ങളിലേക്ക് ടെക് സംരംഭകരെ ക്ഷണിച്ച് ടെക്‌നോപാർക്കിൽ റോഡ്‌ഷോ

Tuesday, Oct 13, 2026
Reported By Admin
Destination Expand North Star Roadshow Held at Technopark

തിരുവനന്തപുരം: ഇന്ത്യൻ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് ആഗോള നിക്ഷേപം നേടാനും യുഎഇയിലെ ബിസിനസ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിനുമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ' സെൻട്രൽ ' ടെക്നോപാർക്കിൽ പ്രത്യേക റോഡ്ഷോ സംഘടിപ്പിച്ചു.

ഡിസംബർ 7 മുതൽ 11 വരെ ദുബായ് വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന ജിടെക്സ് ഗ്ലോബൽ 2026 ൻറെ ഭാഗമായി സംഘടിപ്പിക്കുന്ന 'എക്സ്പാൻഡ് നോർത്ത് സ്റ്റാർ' പരിപാടിയിലേക്ക് ഇന്ത്യൻ ടെക്നോളജി സംരംഭകരെ എത്തിക്കുകയാണ് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' പദ്ധതിയുടെ ലക്ഷ്യം. ദുബായിലെ നിക്ഷേപകർ, ഉപഭോക്താക്കൾ, വ്യവസായ പ്രമുഖർ, ആഗോള ടെക്നോളജി കമ്പനികൾ എന്നിവരുമായി ബന്ധപ്പെടുന്നതിന് ഇതിലൂടെ അവസരമുണ്ടാകും. എക്സ്പാൻഡ് നോർത്ത് സ്റ്റാർ പ്രദർശനം ഡിസംബർ 8 മുതൽ 10 വരെ ദുബായ് എക്സ്പോ സിറ്റിയിൽ നടക്കും.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ സാങ്കേതിക സംരംഭകർ, വ്യവസായ പ്രമുഖർ, ഇൻക്യുബേറ്ററുകൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.

ദുബായിലെ സാങ്കേതിക-ബിസിനസ് മേഖലകളെക്കുറിച്ച് മനസിലാക്കുന്നതിനായി നടന്ന ഈ റോഡ്ഷോയിൽ നിരവധി ടെക്നോളജി സംരംഭകർ പങ്കെടുത്തു.

സെൻട്രൽ ചീഫ് എക്സിക്യുട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുള്ളയും എക്സ്പാൻഡ് നോർത്ത് സ്റ്റാർ സീനിയർ സെയിൽസ് മാനേജർ ജൂലിയൻ ആൻഡേഴ്സൺ ഓൺലൈനായും പങ്കെടുത്ത് സംരംഭകരുമായി സംവദിച്ചു.

സംസ്ഥാന സർക്കാരിൻറെ ഹൈ പവർ ഐടി കമ്മിറ്റി ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ്റ് ശ്രീനാഥ് ജ്ഞാനേശ്വർ, സെൻട്രൽ ബിസിനസ് ഹെഡ് ഡോവ ഡെഖൈദി, സെൻട്രൽ ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഹെഡ് അബീർ അൽ അലാവി, സെൻട്രൽ പാർട്ണർഷിപ്പ് മാനേജർ ആയിഷ സുഹ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇൻഫോപാർക്ക്, സൈബർപാർക്ക്, ടെക്നോപാർക്ക്, സ്റ്റാർട്ടപ്പ് ടി.എൻ, കർണാടക ഡിജിറ്റൽ ഇക്കോണമി മിഷൻ (കെ.ഡി.ഇ.എം), ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്), ജി-ടെക്, വേൾഡ് ട്രേഡ് സെൻറർ (തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, കൊച്ചി) തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളവും ജിസിസി രാജ്യങ്ങളും തമ്മിൽ ചരിത്രപരമായ വ്യാപാര-വാണിജ്യ ബന്ധമുണ്ടെന്ന് റഫീസ് റഹ്മത്തുള്ള പറഞ്ഞു. ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് നിക്ഷേപക സംഗമങ്ങളിലൊന്നായ എക്സ്പാൻഡ് നോർത്ത് സ്റ്റാറിനെക്കുറിച്ച് ദക്ഷിണേന്ത്യയിലെ ടെക്നോളജി സംരംഭകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ നഗരങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.

കേരള സ്റ്റാർട്ടപ്പ് മിഷൻ എല്ലാ വർഷവും 30 മുതൽ 35 വരെ കമ്പനികളെ ജിടെക്സിൽ പങ്കെടുപ്പിക്കുന്നുണ്ടെന്നും ഇതിലുടെ നിക്ഷേപവും ധനസമാഹരണവുമായി ബന്ധപ്പെട്ട മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷം മുമ്പ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പിന് എക്സ്പാൻഡ് നോർത്ത് സ്റ്റാറിലൂടെ ദശലക്ഷക്കണക്കിന് ഡോളറിൻറെ നിക്ഷേപം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബായ് വിപണിയിൽ ശരിയായ രീതിയിൽ പ്രവേശിക്കാനും നിക്ഷേപകരുമായി ബന്ധപ്പെടാനും സെൻട്രൽ സംരംഭകരെ സഹായിക്കും. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കുന്ന 100 കമ്പനികൾക്കായി പ്രത്യേകമായി ആസൂത്രണം ചെയ്ത പരിപാടികളും സന്ദർശനക്രമവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വലിയ പ്രതിഭാശേഷിയുള്ളതിനാൽ ഇവിടുത്തെ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും നിരവധി അവസരങ്ങളുണ്ടെന്ന് ഇവിടുത്തെ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും നിരവധി അവസരങ്ങളുണ്ടെന്ന് അബീർ അൽ അലാവി പറഞ്ഞു. എക്സ്പാൻഡ് നോർത്ത് സ്റ്റാർ അന്താരാഷ്ട്ര വിപണികളിലേക്ക് കടക്കാനുള്ള പ്രധാന വാതിലാണെന്നും അവർ വ്യക്തമാക്കി.

ഒരു കമ്പനിയുടെ ബിസിനസ് മാതൃകയും യുഎഇയിൽ സംരംഭകർ കൈവരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും മനസിലാക്കി ആവശ്യമായ പിന്തുണ നൽകാൻ സെൻട്രലിന് കഴിയുമെന്ന് ഡോവ ഡെഖൈദി പറഞ്ഞു. സന്ദർശനത്തിൻറെ പ്രായോഗിക വശങ്ങൾ ആസൂത്രണം ചെയ്യാനും ബിസിനസ് ആരംഭിക്കുന്നതിനുള്ള ആവശ്യകതകൾ മനസിലാക്കാനും യുഎഇയിൽ പ്രവർത്തനം തുടങ്ങുന്നതിനുള്ള സഹായം നൽകാനും സ്ഥാപനം തയ്യാറാണെന്നും അവർ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 സംരംഭകർക്ക് ദുബായിൽ ഏഴ് ദിവസത്തെ പ്രത്യേക ബിസിനസ് സന്ദർശന പരിപാടി ഒരുക്കും. എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ജൈടെക്സ് ഗ്ലോബൽ എന്നിവയെ മുൻനിർത്തിയുള്ള ഈ അവസരത്തിലൂടെ നിക്ഷേപകർ, ആഗോള ഉപഭോക്താക്കൾ, വ്യവസായ പങ്കാളികൾ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാൻ സ്റ്റാർട്ടപ്പുകൾക്ക് സാധിക്കും.

ദുബായ് വേൾഡ് ട്രേഡ് സെൻറർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി ബിസിനസ് ഹബ്ബായ സെൻട്രൽ, എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2026-ൻറെ ഇക്കോസിസ്റ്റം പാർട്ണർ കൂടിയാണ്. ആധുനിക ഓഫീസ് സൗകര്യങ്ങൾ, ബിസിനസ് പിന്തുണ, ആഗോള ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനുള്ള അവസരങ്ങൾ എന്നിവയെല്ലാം സെൻട്രൽ ലഭ്യമാക്കുന്നു.

കേരളത്തിൽ ഉടൻ തന്നെ ഓഫീസ് തുറക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് സെൻട്രൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.