- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്ക്-ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാർട്ടപ്പും സ്വകാര്യ മേഖലയിൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം നിർമ്മിച്ച സ്ഥാപനവുമായ ഹെക്സ്20 യെ ഛിന്നഗ്രഹ പര്യവേഷണ പേടകം വികസിപ്പിക്കുന്നതിനായി യുഎഇ ബഹിരാകാശ ഏജൻസി തിരഞ്ഞെടുത്തു. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സ്വകാര്യ കമ്പനിയായി ഇതോടെ ഹെക്സ്20 മാറി.
കമ്പനി വികസിപ്പിച്ച ഛിന്നഗ്രഹ പര്യവേഷണ പേടകത്തിൻറെ പ്രധാന ഘടനയും അടിസ്ഥാന സംവിധാനങ്ങളും സോഫ്റ്റ് വെയറും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് മുന്നിൽ അവതരിപ്പിച്ചു.
ഛിന്നഗ്രഹ പര്യവേഷണ പേടകം നിർമ്മിക്കുന്നതിനായി ടെക്നോളജി ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും (ടിഐഐ) യുഎഇ ബഹിരാകാശ ഏജൻസിയും ചേർന്ന് 2024 നവംബറിൽ നടത്തിയ ഡിസൈൻ വർക്ക്ഷോപ്പിന് ശേഷമാണ് ഹെക്സ്20 യെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരം ടെക്നോപാർക്കിൽ എഞ്ചിനീയറിംഗ് വിഭാഗവും മസ്ദാർ സിറ്റിയിൽ യുഎഇ പ്രവർത്തന കേന്ദ്രവുമുള്ള ഹെക്സ്20 ഈ ബൃഹത്തായ ഗ്രഹാന്തര ദൗത്യത്തിൽ തങ്ങളുടെ ബഹിരാകാശ എഞ്ചിനീയറിംഗ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.
ബഹിരാകാശത്തിൻറെ വിദൂര മേഖലകളിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന നൂതനമായ ഓൺ-ബോർഡ് കമ്പ്യൂട്ടറും പവർ സിസ്റ്റവും ഹെക്സ്20 വികസിപ്പിച്ചിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ടും ദൗത്യത്തിൻറെ ആവശ്യകതകൾ നിറവേറ്റിക്കൊണ്ടും 15 മാസത്തിനുള്ളിലാണ് കമ്പനി ഈ സേവനം പൂർത്തിയാക്കിയത്.
ഈ നേട്ടം വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങൾക്കായി ബഹിരാകാശ പേടക സംവിധാനങ്ങൾ എത്തിക്കുന്നതിൽ ഹെക്സ്20യുടെ കഴിവുകൾ എടുത്തുകാണിക്കുന്നുവെന്ന് ഹെക്സ്20 സിഇഒ അമൽ ചന്ദ്രൻ പറഞ്ഞു. ടിഐഐയുടെ പ്രൊപ്പൽഷൻ ആൻഡ് സ്പേസ് റിസർച്ച് സെൻറർ, യുഎഇ സ്പേസ് ഏജൻസി, ഹെക്സ്20, ഖലീഫ യൂണിവേഴ്സിറ്റി, യുഎഇ യൂണിവേഴ്സിറ്റിയുടെ നാഷണൽ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെൻറർ എന്നിവർ സംയുക്തമായാണ് അബുദാബിയിൽ വെച്ച് പര്യവേഷണ പേടകം കൂട്ടിയോജിപ്പിച്ചത്. എംബിആർ എക്സ്പ്ലോററുമായി സംയോജിപ്പിക്കുന്നതിനായി ഇത് കൊളറാഡോയിലേക്ക് കൊണ്ടുപോകും. 2028 മാർച്ചിൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിട്ടുള്ള എംബിആർ എക്സ്പ്ലോറർ എട്ട് വർഷത്തിനുള്ളിൽ ഏകദേശം അഞ്ച് ബില്യൺ കിലോമീറ്റർ സഞ്ചരിക്കും. ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയുടെ ഗുരുത്വാകർഷണ സഹായത്തോടെയുള്ള സഞ്ചാരപാതയിലൂടെ ഇത് പ്രധാന ഛിന്നഗ്രഹ വലയത്തിലേക്ക് പ്രവേശിക്കും. അവിടെ ആറ് ഛിന്നഗ്രഹങ്ങളെ പിന്നിട്ട ശേഷം അന്തിമ ലക്ഷ്യസ്ഥാനമായ 269 ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംബിആർ എക്സ്പ്ലോറർ 269 ജസ്റ്റിഷ്യയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ പേടകം വേർപെടുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യും.
269 ജസ്റ്റിഷ്യയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിലൂടെ സൗരയൂഥത്തിൻറെ രൂപീകരണകാലത്ത് ജൈവ വസ്തുക്കളുടെയും ജലത്തിൻറെയും മറ്റ് അസ്ഥിര പദാർത്ഥങ്ങളുടെയും വിതരണത്തെക്കുറിച്ചുള്ള തെളിവുകൾ നൽകാനായേക്കും.
എംബിആർ എക്സ്പ്ലോറർ ദൗത്യ നിയന്ത്രണ കേന്ദ്രവുമായി ബന്ധത്തിൽ തുടരുമ്പോൾ പേടകം അതിൻറെ ഓൺബോർഡ് പ്രോഗ്രാം ഭൂമിയിലെ ഓപ്പറേറ്റർമാരുടെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി നിർവഹിക്കണം. സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ സ്വയം നിയന്ത്രണ ശേഷി ഹെക്സ്20 വികസിപ്പിച്ചെടുത്ത ഒരു സുപ്രധാന കഴിവാണ്. ഭൂമിയിലെ വിവിധ നിരീക്ഷണ ആവശ്യങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം.
അമേരിക്ക, യുഎഇ, തായ് വാൻ എന്നിവിടങ്ങളിൽ ഹെക്സ്20 യ്ക്ക് സാന്നിധ്യമുണ്ട്. പേലോഡ്-അഗ്നോസ്റ്റിക് ആയ സാറ്റലൈറ്റ് പ്ലാറ്റ് ഫോമുകൾ നിർമ്മിക്കുന്ന കമ്പനി 'സാറ്റലൈറ്റ് മിഷൻ-ആസ്-എ-സർവീസ്', ഭ്രമണപഥത്തിലെ പരീക്ഷണങ്ങൾക്കുള്ള പേലോഡ് ഹോസ്റ്റിംഗ് സൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.