Sections

ആന്റിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഐഎംഎ രംഗത്ത്

Wednesday, Aug 27, 2025
Reported By Soumya
IMA warns against misuse of antibiotics for cold

കാലാവസ്ഥാനുസൃതമായി ഉണ്ടാകുന്ന ജലദോഷത്തിനും ചുമക്കും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനെതിരെ ഐ.എം.എ രംഗത്ത്. ജലദോഷത്തിനും ചുമക്കുമൊപ്പം രോഗികൾക്ക് ഓക്കാനം, ഛർദി, പനി, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കുന്ന പനിയും മൂന്നാഴ്ച നീണ്ട് നിൽക്കുന്ന ചുമയുമുണ്ടെങ്കിൽ ഇത് സാധാരണയായി H3N2 ഇൻഫ്ലുവെൻസ A വൈറസാകുമെന്ന് നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു. ഇത്തരം ജലദോഷ ചുമകൾക്ക് രോഗലക്ഷണത്തിന് മാത്രം മരുന്ന് നൽകിയാൽ മതിയെന്നാണ് ഐ.എം.എ നിർദേശിക്കുന്നത്. ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നതിന് മുമ്പ് രോഗം ബാക്ടീരിയ അണുബാധ മൂലം ഉണ്ടായതാണോ അല്ലയോ എന്ന് കണ്ടെത്തിയിരിക്കണം.

നിലവിൽ എല്ലാ പ്രശ്നങ്ങൾക്കും ആളുകൾ അസിത്രോമൈസിനും അമോക്സിക്ലാവും പോലുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുന്നു. അത് വേണമോ എന്ന് ചിന്തിക്കുന്നില്ലെന്ന് മാത്രമല്ല, രോഗം ഭേദമാകുന്നതുവരെ മാത്രമാണ് കഴിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ കാര്യത്തിൽ രോഗം ഭേദമാകുന്നതിലപ്പുറം, ഡോക്ടർമാർ നിർദേശിച്ച സൈക്കിൾ പൂർത്തിയാക്കുക എന്നത് പ്രധാനമാണ്. അഞ്ചു ദിവസത്തേക്ക് എഴുതിയ മരുന്ന് മൂന്ന് ദിവസം കൊണ്ട് നിർത്തരുത് എന്നർഥം. രോഗം ഭേദമായാലും അഞ്ചു ദിവസം പൂർത്തിയാക്കി കഴിക്കണം. ഇങ്ങനെ സൈക്കിൾ പൂർത്തിയാക്കാതെ കഴിച്ചാൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള രോഗാണുക്കൾ വളരും. അങ്ങനെയാകുമ്പോൾ, യഥാർഥത്തിൽ ആന്റിബയോട്ടിക്കുകൾ നൽകേണ്ടി വരുന്ന രോഗത്തിന് ഈ മരുന്നുകൾ പ്രവർത്തിക്കാതാവും. -ഐ.എം.എ വ്യക്തമാക്കി.ആന്റിബയോട്ടിക്കുകൾ നിർദേശിക്കേണ്ടതില്ലാത്ത രോഗലക്ഷണങ്ങൾക്ക് പോലും പല ഡോക്ടർമാരും നിരവധി ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നുണ്ട്. 70 ശതമാനത്തോളം വയറിളക്ക രോഗങ്ങളും വൈറസ് മൂലമുണ്ടാകുന്നതാണ് എന്നിരിക്കെ ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്നു.

അമോക്സിലിൻ, നോർഫ്ലോക്സാസിൻ, സിപ്രോ ഫ്ലോക്സാസിൻ, ഒഫ്ലോക്സാസിൻ, ലിവോ ഫ്ലോക്സാസിൻ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ. ഇവ വയറിളക്കത്തിനും മൂത്രനാളിയിലെ അണുബാധക്കും വ്യപകമായി നിർദേശിക്കുന്നു -ഐ.എം.എ ചൂണ്ടിക്കാട്ടി.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.