Sections

ഏലപ്പേനിനെ നിയന്ത്രിക്കാൻ ജൈവകീടനാശിനി; വാണിജ്യോൽപാദനത്തിനൊരുങ്ങി ഐഐഎസ്ആർ

Friday, Jun 27, 2025
Reported By Admin
ICAR-IISR Develops Eco-Friendly Bio-Insecticide to Control Cardamom Thrips

ഏലക്കായ്കളിൽ തവിട്ട് നിറത്തിൽ പാടുകൾ ഉണ്ടാക്കുന്ന ഏലപ്പേനുകളെ തടയാൻ ജൈവനിയന്ത്രണ മാർഗവുമായി കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐസിഎആർ -ഐഐഎസ്ആർ). ഏലപ്പേനുകളെ നിയന്ത്രിക്കാൻ കർഷകർ ഉപയോഗിക്കുന്ന രാസകീടനാശിനികൾക്ക് പകരം സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ജൈവകീടനാശിനിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനമാണ് ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നത്.

സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ഏലപ്പേനുകളിൽനിന്ന് (കാർഡമം ത്രിപ്സ്) വേർതിരിച്ചെടുത്ത 'ലെക്കാനിസിലിയം സാലിയോട്ടെ' എന്ന കുമിൾ ഉപയോഗിച്ചാണ് ജൈവകീടനാശിനി വികസിപ്പിച്ചിരിക്കുന്നത്. ഈ കുമിൾ ഏലപ്പേനുകളിൽ വളരുകയും അവയെ ഇല്ലാതാക്കുകയും ചെയ്യും. ഇടുക്കി, വയനാട് ജില്ലകളിൽ ഏലത്തോട്ടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇത് രാസകീടനാശിനികളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവക്ക് ചെടികളുടെ വളർച്ചയെ പരിപോഷിപ്പിക്കാനും മണ്ണിൽ നിന്നുള്ള പോഷക ലഭ്യത വർധിപ്പിക്കാനും കഴിയുമെന്ന അധിക ഗുണവുമുണ്ട്.

കേന്ദ്ര കീടനാശിനി ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ജൈവകീടനാശിനി, ചാണകവുമായി കലർത്തി മണ്ണിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയുന്ന തരി രൂപത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഏലത്തിന്റെ ചുവടിൽ മൂന്നോ നാലോ തവണ പ്രയോഗിക്കാം. സംയോജിത കീടനിയന്ത്രണ പദ്ധതികളിൽ ഉപയോഗിക്കുന്നതിനും അനുയോജ്യമാണ്. രാസകീടനാശിനികളുടെ ഉപയോഗം കുറക്കുന്നതിനും അതുവഴി സുഗന്ധവ്യഞ്ജനങ്ങളിലുണ്ടാകാവുന്ന കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് നിയന്ത്രിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമാക്കുന്നതിനും ഇതിലൂടെ സാധിക്കും.

ഇന്ത്യയിൽ 70,000 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്ന ഏലത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് പേൻ ആക്രമണം. കായ്കളെ നശിപ്പിക്കുകയും വിളവ് കുറക്കുകയും ചെയ്യുന്ന ഈ കീടം കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. രാസകീടനാശിനികൾക്ക് പകരമായി കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ജൈവ കീടനിയന്ത്രണ മാർഗത്തിന്റെ ഉപയോഗം ഏലം മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താനിടയുണ്ടെന്ന് ഐഐഎസ്ആർ ഡയറക്ടർ ഡോ. ആർ ദിനേശ് പറഞ്ഞു. ഡോ. സി എം സെന്തിൽ കുമാർ, ഡോ. ടി കെ. ജേക്കബ്, ഡോ. എസ് ദേവസഹായം എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ഈ സാങ്കേതികവിദ്യയുടെ വാണിജ്യോൽപാദനത്തിനും വിപണനത്തിനുമായുള്ള ലൈസൻസുകൾ ഐഐഎസ്ആർ നൽകുന്നുണ്ട്. താൽപര്യമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. ഐടിഎം-എബിഐ യൂണിറ്റ്, ഐസിഎആർ-ഐഐഎസ്ആർ, മേരിക്കുന്ന് പി.ഒ, കോഴിക്കോട് -673012, ഫോൺ: ‪+91 -495-2731410‬, ഇമെയിൽ: iisrbpd2019@gmail.com; iisritmu2020@gmail.com.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.