- Trending Now:
ഗ്രാമീണ ജനതയുടെ വൈദ്യുതോർജ ആവശ്യങ്ങൾക്കായി വികസിപ്പിച്ച ഹൈബ്രിഡ് ഹരിതോർജ മൈക്രോഗ്രിഡിന്റെ തദ്ദേശീയ സാങ്കേതികവിദ്യ ഇലക്ട്രോണിക്സ്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം സെക്രട്ടറി ശ്രീ അൽകേഷ് കുമാർ ശർമ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
നാഷണൽ മിഷൻ ഓൺ പവർ ഇലക്ട്രോണിക്സ് ടെക്നോളജി (നാംപെറ്റ്) പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരം സി-ഡാക് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിൽ (ഇആർസി) ഉദ്ഘാടനം ചെയ്തത്.
സി-ഡാക്കിലൂടെ നവീനമായ സാങ്കേതികവിദ്യാ വികസനവും വിന്യാസവും യാഥാർഥ്യമാക്കുന്നതിന് ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയം മുൻഗണന നൽകുകയും വലിയ തോതിലുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവരുന്നതായി സദസ്സിനെ അഭിസംബോധന ചെയ്ത ശ്രീ അൽകേഷ് കുമാർ ശർമ പറഞ്ഞു. വിശ്വസനീയമായ ഹരിതോർജാധിഷ്ഠിത മൈക്രോഗ്രിഡ്, ഇആർസിയിലെ മൃഗാശുപത്രി സംവിധാനങ്ങളിൽ ഊർജസംബന്ധമായ പരിഹാരങ്ങൾ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട പ്രവർത്തനത്തിലും കാര്യക്ഷമമായ സാങ്കേതികവിദ്യയിലും സംവിധാനങ്ങളുടെ വികസനത്തിലും നമ്മുടെ ശ്രമങ്ങൾ കേന്ദ്രീകരിക്കണം. വിപുലമായ വിന്യാസങ്ങളിലൂടെ വിദൂര സമൂഹങ്ങളിലേക്ക് സാങ്കേതികവിദ്യ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിലയിരുത്തലിനായി വനം വകുപ്പ് നൽകുന്ന മുൻകൈയും പിന്തുണയും പ്രശംസനീയമാണെന്ന് ശ്രീ അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. ''വന്യമൃഗങ്ങളുടെ പുനരധിവാസത്തിലും ഹരിത സാങ്കേതികവിദ്യ ഇവിടെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അത്തരം നൂതന സാങ്കേതികവിദ്യകൾ സമൂഹത്തിലേക്ക്, പ്രത്യേകിച്ച് യുവതലമുറയിലേക്കും സ്കൂൾ കുട്ടികളിലേക്കും പ്രചരിപ്പിക്കുന്നതിന് ഈ സംവിധാനം ഉപയോഗിക്കും''- അദ്ദേഹം പറഞ്ഞു.
മൈക്രോഗ്രിഡ്: തദ്ദേശീയവും സ്വയം നിയന്ത്രിതവുമായ ഊർജ്ജ സംവിധാനമാണ് പുനരുൽപ്പാദക ഊർജ മൈക്രോഗ്രിഡ്. പുനരുൽപ്പാദക ഊർജ മൈക്രോഗ്രിഡിന്റെ പ്രധാന നിർമ്മാണ ബ്ലോക്കുകളിൽ തദ്ദേശീയവും സുസ്ഥിരവുമായ രീതിയിൽ ഊർജം ഉൽപ്പാദിപ്പിക്കാനും സംഭരിക്കാനും കൈകാര്യം ചെയ്യാനും വിതരണം ചെയ്യാനും സഹായിക്കുന്ന വിവിധ ഘടകങ്ങളും സംവിധാനങ്ങളും സാങ്കേതികവിദ്യയും ഉൾപ്പെടുന്നു. ഒരു മൈക്രോഗ്രിഡിന്റെ ഓഫ്-ഗ്രിഡ് പ്രവർത്തന രീതിയിൽ, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനും അതുവഴി പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും പുനരുപയോഗ ഊർജത്തിന്റെ ഉപയോഗത്തിന് മുൻഗണന നൽകുന്നതിനുമായി ഇത് നിർദ്ദിഷ്ട പ്രദേശത്തോ സമൂഹത്തിലോ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
ഇആർസിയിൽ നടപ്പാക്കിയ മൈക്രോഗ്രിഡ് പദ്ധതിയിൽ സിലിക്കൺ കാർബൈഡ് ഉപയോഗിച്ച് സവിശേഷമായ 25 കിലോവാട്ട് പവർ കണ്ടീഷനിംഗ് യൂണിറ്റ് (പിസിയു) സാങ്കേതികവിദ്യ, 50 കിലോ ഹെർട്സിൽ പ്രവർത്തിക്കുന്ന വൈഡ് ബാൻഡ് ഗ്യാപ്പ് (ഡബ്ല്യുബിജി) സെമികണ്ടക്ടർ ഉപകരണം തുടങ്ങിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളുമുണ്ട്. സി- ഡാക് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഡോ. ഓം കൃഷൻ സിംഗ്, മന്ത്രാലയത്തിലെ മറ്റുദ്യോഗസ്ഥർ, തിരുവനന്തപുരം സി-ഡാക്, കേരള വനംവകുപ്പ് എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.