Sections

ഹൃദയം: ഈ സമയത്ത് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ മനസ്സ് കാണിച്ച നിര്‍മാതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ 

Saturday, Jan 22, 2022
Reported By Ambu Senan

ചിത്രം തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു

 

കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുമ്പോള്‍ എല്ലാ മേഖലയും വീണ്ടും അടച്ചുപൂട്ടലുകളുടെ ഭീഷണിയിലാണ്. ഏറെ നാള്‍ അടഞ്ഞു കിടന്ന തിയേറ്ററുകള്‍  2021 ഒക്ടോബര്‍ 25നാണു വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. എടുക്കുന്ന സകലമാന സിനിമകള്‍ എല്ലാം ഒടിടി റീലിസ് എന്ന സുരക്ഷിത മാര്‍ഗം തെരഞ്ഞെടുക്കുന്ന രീതി കോവിഡ് കാലത്ത് ഏറി വന്നു. മുതല്‍ മുടക്കും ചെറിയ ശതമാനം ലാഭം ഉറപ്പായും ലഭിക്കുമെന്നുള്ളത് കൊണ്ട് നിര്‍മ്മാതാക്കള്‍ക്കും ഒടിടി സിനിമ റിലീസ് ചെയ്യാന്‍ പറ്റുന്ന പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു.

ഒടിടി റിലീസ് ചെയ്യുന്നതിന്റെ പേരില്‍ മോഹന്‍ലാല്‍ ചിത്രമായ 'മരക്കാര്‍' തിയേറ്റര്‍ സംഘടനകളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ചിത്രം ഒടിടി റീലിസായിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനമാണ് തിയേറ്റര്‍ ഭാരവാഹികളെ ചൊടിപ്പിച്ചത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 'കുറുപ്പ്' തിയേറ്ററില്‍ റിലീസ് ചെയ്യുകയും ചിത്രത്തിന് ലഭിച്ച സ്വീകാര്യതയുമാണ് മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. കോവിഡ് ഭീഷണി ഒരുവിധം ഒതുങ്ങി നിന്ന സമയമായതിനാല്‍ തിയേറ്ററില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചു.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ഡിസംബര്‍ അവസാനത്തോടെ കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ പിടിമുറുക്കി തുടങ്ങിയിരിക്കുന്നു. ഇതിനിടയില്‍ പ്രഖ്യാപിച്ച പല ചിത്രങ്ങളും റീലിസ് മാറ്റി. രാജമൗലി സംവിധാനം ചെയ്ത 'ആര്‍ആര്‍ആര്‍' പോലുള്ള പാന്‍ ഇന്ത്യ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ റിലീസ് മാറ്റി. പുതിയ തിയതി പ്രഖ്യാപിച്ചിട്ടുമില്ല. ഇതിനിടയില്‍ കേരളത്തില്‍ കോവിഡ് അതിശക്തമായി പിടിമുറുക്കുകയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വരുകയും ചെയ്തു. ഇതിനിടയില്‍ പല പൊതുപരിപാടികളും മാറ്റിവെയ്ക്കുക ഉണ്ടായി. 

ജനുവരി 21നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായ 'ഹൃദയം' റിലീസ് ചെയ്തത്. ചിത്രം തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഈ കോവിഡ് സാഹചര്യത്തില്‍ ചിത്രം ഒടിടിയില്‍ റീലീസ് ചെയ്തിരുന്നെങ്കില്‍ വന്‍തുക തന്നെ ലാഭമായി ലഭിക്കുമായിരുന്നു. എന്നാല്‍ മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും നോബിള്‍ ബാബു തോമസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈ ഒരു പ്രതിസന്ധിയില്‍ വളരെ മികച്ചതും തീയേറ്റര്‍ മേഖലയ്ക്ക് ധൈര്യം പകരുന്നതുമാണ് ഈ തീരുമാനം. 

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ', ഹെലന്‍, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളാണ് വിശാഖ് സുബ്രഹ്മണ്യം മുന്‍പ് നിര്‍മിച്ചത്. ഇതില്‍ ഹെലന്‍ എന്ന ചിത്രത്തില്‍ നായകവേഷം കൈകാര്യം ചെയ്ത ആളാണ് നോബിള്‍ ബാബു തോമസ്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് നോബിള്‍. അരവിന്ദന്റെ അതിഥികള്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, എന്ന ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 

പ്രതിസന്ധികള്‍ നിരവധി മുന്നില്‍ ഉണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടും റിസ്‌ക് എടുക്കാന്‍ തയ്യാറായ ഈ യുവ നിര്‍മാതാക്കള്‍ക്ക് ഭാവി സിനിമാലോകത്ത് അര്‍ഹമായ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. 'ഹൃദയം' മികച്ച  പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു.            


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.