Sections

പരാതിക്കാരെ കൈകാര്യം ചെയ്യുന്നതും ഒരു കലതന്നെയാണ്; സംരംഭത്തില്‍ ഇതും പ്രധാനം !!!

Friday, Sep 09, 2022
Reported By Jeena S Jayan
business , Business Guide

എത്ര കരുതലോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താലും എത്ര മികച്ച ഉല്‍പന്നങ്ങള്‍/സേവനങ്ങള്‍ നല്‍കിയാലും അസംതൃപ്തരായ കുറച്ചു ഉപഭോക്താക്കളെങ്കിലും ഇല്ലാതിരിക്കില്ല

 


ഒരു സംരംഭത്തിന്റെ തുടക്കകാലം മുതല്‍ തന്നെ വിവിധങ്ങളായ പരാതികളും പ്രശ്‌നങ്ങളും ഉണ്ടാകാം.ഇത് വിവേകത്തോടെയും ബുദ്ധിപൂര്‍വ്വവും കൈകാര്യം ചെയ്യുക എന്നതാണ് മികച്ച സംരംഭകന്റെ പ്രധാന കഴിവ്.നമ്മള്‍ എത്ര കരുതലോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താലും എത്ര മികച്ച ഉല്‍പന്നങ്ങള്‍/സേവനങ്ങള്‍ നല്‍കിയാലും അസംതൃപ്തരായ കുറച്ചു ഉപഭോക്താക്കളെങ്കിലും ഇല്ലാതിരിക്കില്ല.പരാതിക്കാരില്‍ പല തരക്കാരുണ്ട്. അതു കൊണ്ട് തന്നെ ഇവരെ കൈകാര്യം ചെയ്യാനും വ്യത്യസ്ഥ രീതികളുണ്ട്.

പരാതിക്കാരെ നമുക്ക് പൊതുവില്‍ പലതതരത്തില്‍ തരംതിരിക്കാം.പ്രധാനമായും 

കംപ്ലെയിനേഴ്‌സ്

ഇത്തരം വിഭാഗത്തിലുള്ളവര്‍ അങ്ങേയറ്റം നെഗറ്റീവ് മനോഭാവം ഉള്ളവരായിരിക്കും.ഇവര്‍ അവരുടെ വാശിയിലും കാഴ്ച്ചപ്പാടിലും ഉറച്ചു നില്‍ക്കുന്നവരും മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാത്തവരുമായിരിക്കും. ഇവര്‍  ബഹളം വെക്കുന്നവരും അവരുടെ ഭാഗത്ത് നിന്നുണ്ടായ കേടുപാടുകള്‍ക്ക് പോലും കമ്പനിയെ/സ്ഥാപനത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരും ആയിരിക്കും.ഇവര്‍ നിങ്ങള്‍ പറയുന്ന ഒരു എക്‌സ്‌ക്യൂസുകളും അംഗീകരിക്കുക പോയിട്ട് ഒന്ന് ചെവി കൊടുത്ത് കേള്‍ക്കാന്‍ പോലും തയ്യാറാവില്ല.വേണ്ടി വന്നാല്‍ ഒരു കയ്യാങ്കളിക്ക് വരെ തയ്യാറായിട്ടാകും ഇവര്‍ വരുന്നത്.ഇവരോട് തര്‍ക്കിക്കാനോ തിരിച്ചു ബഹളം വെക്കാനോ മുതിരുന്നത് ബുദ്ധിയല്ല.

ഇവരെ അങ്ങേയറ്റം നയപരമായി തന്നെ കൈകാര്യം ചെയ്യണം.ആദ്യം ഇവരെ കംഫര്‍ട്ടബിള്‍ ആക്കി ഇരുത്തുക. കുടിക്കാന്‍ വെള്ളം കൊടുത്ത് ഒന്ന് തണുപ്പിക്കുക.പിന്നെ കാര്യങ്ങള്‍ ചോദിച്ചറിയുക. അവര്‍ക്ക് പറയാനുള്ളതെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുക.ഇടക്ക് കയറി സംസാരിക്കാതെ അവരുടെ ഉള്ളിലെ ദേഷ്യം മുഴുവന്‍ പറഞ്ഞു തീര്‍ക്കാന്‍ അനുവദിക്കുക.

അവര്‍ പറയുന്ന കാര്യങ്ങള്‍ എഴുതിയെടുക്കുക.അതോട് കൂടി അവരുടെ ഉള്ള് ശൂന്യമാകും.അവര്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് കാര്യങ്ങള്‍ ഒന്ന് വിലയിരുത്തുക. സംഗതികള്‍ അവരുടെ കാഴ്ച്ചപ്പാടിലൂടെ ഒന്ന് കാണാന്‍ ശ്രമിക്കുക.

അവരുടെ ഭാഗത്ത് ന്യായമുണ്ടോ എന്ന് പരിശോധിക്കുക.ഇനി നിങ്ങള്‍ സംസാരിച്ചു തുടങ്ങുക.ആദ്യമേ അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുക.അവരുടെ വിഷമം മനസ്സിലാക്കിയിട്ടെന്ന വിധം വളരെ empathetic ആയി സംസാരിക്കുക.പിന്നെ വളരെ സൗമ്യമായി അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക.അനാവശ്യമായി തര്‍ക്കിക്കാന്‍ നില്‍ക്കാതെ നല്ല രീതിയില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുക.

മാന്യതയും മര്യാദക്കാരും

ഇവര്‍ വളരെ പോസിറ്റിവ് ആയിരിക്കും.വളരെ മര്യാദയുള്ളവരും മാന്യമായി സംസാരിക്കുന്നവരുമായിരിക്കും.ഇവര്‍ ഒരു പ്രശ്‌നത്തിനോ സംഘര്‍ഷത്തിനോ താല്‍പര്യമുള്ളവരാവില്ല.

ഇവര്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ അംഗീകരിക്കാന്‍ തയ്യാറാകും.അതേ സമയം അവരുടെ അവകാശങ്ങളില്‍ അവര്‍ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറാകില്ല.ഇവരെയും പിണക്കുന്നത് ബുദ്ധിയല്ല. പിണക്കിയാല്‍ ഇവര്‍ Complainersനേക്കാള്‍ അപകടകാരികളായിത്തീരും.ഇവരെയും കംഫര്‍ട്ടബിള്‍ ആക്കി ഇരുത്തി വെള്ളമോ ചായ/കോഫിയോ കൊടുത്ത ശേഷം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുക.Complainersനെ അപേക്ഷിച്ച് ഇവര്‍ ചോദ്യങ്ങള്‍ അല്‍പം കൂടി ഇഷ്ടപ്പെടുന്നവരായിരിക്കും.
കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനോടൊപ്പം തന്നെ അവരുടെ അഭിപ്രായനിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുക.

അവരുടെ ഫീഡ്ബാക്ക് നമുക്ക് വളരെ വിലപ്പെട്ടതാണ് എന്ന തോന്നല്‍ ഉണ്ടാക്കുക. പിന്നെ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പ്രശ്‌നം രമ്യമായി പരിഹരിക്കുക.

ഇഗോ രാജാക്കന്മാര്‍ അഥവാ എക്‌സ്‌പേര്‍ട്ട്‌സ്

ഇത്തരക്കാര്‍ എല്ലാ കാര്യങ്ങളെയും കുറിച്ചും അറിയുന്നവരോ അല്ലെങ്കില്‍ അറിയും എന്ന് നടിക്കുന്നവരോ ആയിരിക്കും.ഇവര്‍ ഈഗോയുടെ വന്മരങ്ങളായിരിക്കും. ഇവര്‍ എന്തിലും ഒരുതരം മത്സരബുദ്ധി പ്രകടിപ്പിക്കുന്നവരും പിടി വാശിക്കാരുമായിരിക്കും.നമ്മുടെ ഇന്‍ഡസ്ട്രിയെക്കുറിച്ച് നമ്മേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം എന്ന മട്ടിലായിരിക്കും അവരുടെ സംസാരം. എന്നെ ആരും ഇങ്ങോട്ട് പഠിപ്പിക്കേണ്ട എന്ന ഒരു ശ്രുതി അവരുടെ സംസാരത്തിലും മറ്റുമുണ്ടാകും.അവര്‍ക്കറിയാത്ത കാര്യം നമ്മള്‍ പറഞ്ഞു കൊടുത്താലും അത് സത്യമാണെന്ന് ബോധ്യപ്പെട്ടാലും അവര്‍ അത് സമ്മതിച്ചു തരില്ല.

 ഇവര്‍ അല്‍പം ഗവേഷണ ബുദ്ധിയുള്ളവരുമായിരിക്കും. കുറേ കാര്യങ്ങള്‍ ഇവര്‍ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും മനസ്സിലാക്കിയിട്ടുണ്ടാകും.ഇവരോട് സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.നമ്മള്‍ പറയുന്ന ശരികളെക്കാള്‍ നമ്മുടെ വായില്‍ നിന്ന് അറിയാതെ പുറത്തു വരുന്ന തെറ്റുകളെ പിടിച്ചെടുക്കാന്‍ ഇവര്‍ക്ക് അപാരമായ കഴിവുണ്ടായിരിക്കും.അതിനാല്‍ നമുക്ക് വലിയ അറിവോ ഉറപ്പോ ഇല്ലാത്ത കാര്യങ്ങള്‍ ഇവരോട് പറയരുത്.ഇവരെയും മുഴുവന്‍ പറയാന്‍ അനുവദിക്കുക. അവര്‍ എന്ത് അബദ്ധം പറഞ്ഞാലും ശാന്തമായി കേട്ടിരിക്കുക. ഇവരുടെ സംസാരത്തില്‍ നിന്ന് തന്നെ ഇവര്‍ ശരിക്കും എക്‌സ്പര്‍ട്ട് ആണോ അതൊ വെറുതെ ഷോ കാണിക്കുകയാണോ എന്ന് നമുക്ക് മനസ്സിലാകും.നമ്മള്‍ സംശയങ്ങള്‍ ചോദിക്കുന്നത് ഇവര്‍ക്ക് വലിയ ഇഷ്ടമാണ്. അതു കൊണ്ട് ഇടക്ക് സംശയങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ചോദിക്കാം.എല്ലം കേട്ടുകഴിഞ്ഞാല്‍ നമുക്ക് സംസാരിച്ചു തുടങ്ങാം.വളരെ സൗമ്യമായ രീതിയില്‍ കാര്യങ്ങളുടെ ശരിയായ വശം അവരെ പറഞ്ഞു മനസ്സിലാക്കുക.അവര്‍ പറഞ്ഞ അബദ്ധങ്ങള്‍ അവരെ തിരുത്തുകയാണ് എന്ന് തോന്നാത്ത വിധം വസ്തുതകളുടെ പിന്‍ബലത്തോടെ തിരുത്തിക്കൊടുക്കുക.എന്നിട്ട് ഒരു തീരുമാനം മുമ്പോട്ട് വെക്കുന്നതിന് പകരം അവര്‍ക്ക് രണ്ടോ മൂന്നോ ഓപ്ഷനുകള്‍ നല്‍കുക. അതില്‍ ഏറ്റവും നല്ലത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് വിട്ടു നല്‍കുക.

അതൃപ്തരായവര്‍

അങ്ങേയറ്റം നെഗറ്റിവിറ്റി ഉള്ളവരും ഒരിക്കലും തൃപ്തിപ്പെടാത്തവരും ആയിരിക്കും.ഇവര്‍ എന്തിനേയും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവരും എല്ലാത്തിലും കുറവുകള്‍ മാത്രം കണ്ടെത്തുന്നവരുമായിരിക്കും.ഇവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി സംതൃപ്തരാക്കുക എന്നത് വളരെ പ്രയാസകരമായിരിക്കും.നിങ്ങള്‍ പോസ്റ്റിറ്റിവ് ആയി എന്തു പറഞ്ഞാലും ഇവര്‍ അതില്‍ എന്തെങ്കിലും ഒരു നെഗറ്റീവ് കണ്ടെത്തി അതിനെ ഖണ്ഢിച്ചുകൊണ്ടേയിരിക്കും.ഇവരുടെ നെഗറ്റിവിറ്റിയെ നമ്മുടെ പോസ്റ്റിവിറ്റി കൊണ്ട് കീഴ്‌പ്പെടുത്തുക എന്നത് മാത്രമാണ് ഏക പോംവഴി.

അതിന് നല്ല ക്ഷമയും വാക്പാടവവും ഇച്ഛാശക്തിയും വേണം.അവര്‍ നെഗറ്റീവ് ആയി എന്ത് പറഞ്ഞാലും അതിന്റെ പോസ്റ്റിറ്റിവ് വശം പറഞ്ഞു മനസ്സിലാക്കി അവരെ നമ്മുടെ വഴിക്ക് കൊണ്ടു വരണം.നാം അവര്‍ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ തോറ്റ് പിന്മാറുകയോ ചെയ്താല്‍ അതവരുടെ നെഗറ്റിവിറ്റിക്ക് ഒരു വളമായിത്തീരും.


തീരുമാനങ്ങളെടുക്കാന്‍ ശേഷിയില്ലാത്തവര്‍

ഇവര്‍ക്ക് പൊതുവെ കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയുമുണ്ടാകില്ല.അതു കൊണ്ട് തന്നെ ഇവര്‍ക്ക് ഒരു നല്ല തീരുമാനം എടുക്കാനും കഴിയില്ല.ഇവര്‍ എല്ലാവര്‍ക്കും തലയാട്ടിക്കൊടുത്ത്, എല്ലാവരെയും തൃപ്തിപ്പെടുത്തി, ആരെയും പിണക്കാതെ മുമ്പോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.ഇവര്‍ക്ക് ആരുടെയെങ്കിലും പിന്തുണയില്ലാതെ എന്തെങ്കിലും പ്രവര്‍ത്തിക്കുവാനോ തീരുമാനങ്ങളെടുക്കുവാനോ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനോ കഴിയില്ല.ഇവരെ പ്രശ്‌നപരിഹാരത്തിനും തീരുമാനങ്ങളെടുക്കാനും സഹായിക്കുക എന്നതാണ് നമ്മുടെ ജോലി.അവരുടെ പ്രശ്‌നങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കി ഏറ്റവും ഉചിതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ഒരു തീരുമാനം എടുക്കാന്‍ ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുക.അതേ സമയം നമ്മുടെതായ തീരുമാനങ്ങള്‍ അവരുടെ തലയില്‍ കെട്ടി വെക്കാതിരിക്കുകയും ചെയ്യുക.ഇവിടെ ഒരു നല്ല മാര്‍ഗ്ഗനിര്‍ദ്ദേശകന്റെ റോളാണ് നാം എടുത്തണിയേണ്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.