Sections

വ്യാപാരികളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; പുതിയ നിബന്ധനകളില്‍ ആശങ്ക അറിയിക്കും

Friday, Aug 06, 2021
Reported By Ambu Senan
shops

പുതിയ ഉത്തരവ് അപ്രായോഗികമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു

കൊച്ചി : ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു തേടി വ്യാപാരികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അതേസമയം നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

പുതിയ ഉത്തരവ് പ്രകാരം കടകളില്‍ എത്തുന്നവര്‍ കോവിഡ് വാക്സിന്‍ എടുത്തതിന്റെയോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കാണിക്കണമെന്ന നിര്‍ദേശത്തില്‍ വ്യാപാരികള്‍ കോടതിയില്‍ ആശങ്ക അറിയിക്കും. ഇത്തരത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്തി കടകളില്‍ സാധനം നല്‍കുക അപ്രായോഗികമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

കടകളില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കടകളില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കോവിഡ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തതിന്റെ രേഖ, അല്ലെങ്കില്‍ കോവിഡ് വന്നു പോയിട്ട് ഒരു മാസം ആയവര്‍ എന്നിങ്ങനെ പുതിയ നിബന്ധനകള്‍ അഭികാമ്യം എന്നാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചതെങ്കിലും ഉത്തരവ് ഇറങ്ങിയപ്പോള്‍ അഭികാമ്യം എന്ന വാക്ക് അതില്‍ ഉണ്ടായിരുന്നില്ല. അതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.