Sections

കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളിൽ പുത്തനുണവർവ് പകർന്ന് ഹെൽത്തി കിഡ്‌സ് പദ്ധതി

Thursday, Jun 15, 2023
Reported By admin
kerala

അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത ബോധന പരിശീലന പദ്ധതിയാണ് ഹെൽത്തി കിഡ്‌സ്


കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളിൽ പുത്തനുണവർവ് പകർന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ഹെൽത്തി കിഡ്‌സ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാറശാല ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹെൽത്തി കിഡ്‌സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതായി മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. വിദ്യാഭ്യാസമേഖലയിലും കായികമേഖലയിലും ഒരു പോലെ സുപ്രാധനമായ ചുവടുവെയ്പ്പിനാണ് പദ്ധതിയിലൂടെ തുടക്കമാകുന്നതെന്നും കാലത്തിനനുസരിച്ച് കായികരംഗത്ത് പുതിയ തലമുറയെ വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത ബോധന പരിശീലന പദ്ധതിയാണ് ഹെൽത്തി കിഡ്‌സ്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച പദ്ധതി ലോവർ പ്രൈമറി തലത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സ്വയം നിയന്ത്രിതമായി ജീവിത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തി ലഭിക്കുന്നതിനൊപ്പം, സഹകരണത്തിൽ അധിഷ്ഠിതമായ സ്വഭാവ സവിശേഷത കൈവരിച്ചുകൊണ്ട് ഉത്തമ പൗരൻമാരായി വളരാനുള്ള ഊർജ്ജവും പദ്ധതി പ്രദാനം ചെയ്യുന്നു.

പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് കായികവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനവും ആവശ്യമായ കായിക ഉപകരണങ്ങളും ലഭ്യമാക്കിയാണ് സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. പ്രൈമറി വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള കായികവിദ്യാഭ്യാസ പീരീഡുകകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രീ പ്രൈമറി, ലോവർ പ്രൈമറി സ്‌കൂളുകളിലെ എല്ലാ വിഭാഗം കുട്ടികളുടെയും കായികക്ഷമത മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം ഉയർത്തുന്നതിനും സ്‌പോർട്‌സ് മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വൈജ്ഞാനിക , സഹവൈജ്ഞാനിക മേഖലയിൽ വിമുഖത കാണിക്കുന്ന കുട്ടികളുടെ യഥാർത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞ് സുഗമമായ പഠന സാഹചര്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും പദ്ധതി സഹായകരമായിരിക്കും.

3.90 കോടി രൂപ ചെലവിൽ പാറശാല ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർമിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമവും വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർവഹിച്ചു. ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത എന്നിവരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.