Sections

നഖം കടിക്കുന്നത് ശീലമായവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Wednesday, Apr 24, 2024
Reported By Soumya
Health issues faced by the nail biters

കുട്ടികൾമുതൽ മുതിർന്നവർ വരെ, നഖം കടിക്കുന്ന ശീലക്കാർക്ക് പ്രായപരിധി ഇല്ല. ഈ ദുശ്ശീലത്തെയാണ് ഒണീക്കോഫാജിയ എന്നു പറയുന്നത്. ഡോക്ടർമാരുടെ ഭാഷയിൽ ഈ നഖംകടിക്കൽ ശീലം ഒരു ബിഹേവിയറൽ ഡിസോർഡർ ആണ്. അതേസമയം സ്ഥിരമായി നഖം കടിക്കുന്നത് ഒരു മാനസിക വൈകല്യമാകാമെന്നും ഡോക്ടർമാർ പറയുന്നു.

ടെൻഷൻ ഉണ്ടാകുമ്പോഴും ഏതെങ്കിലും കാര്യത്തെക്കുറിച്ച് ഗാഢമായി ചിന്തിക്കുമ്പോഴോ ചിലർ നഖം കടിക്കാറുണ്ട്. ആകാംഷ, മാനസിക സമ്മർദ്ദം, ടെൻഷൻ, ആശയക്കുഴപ്പം, മടുപ്പ്, വിരസത തുടങ്ങിയവ ഈ നഖംകടി ശീലത്തിലേക്ക് നയിച്ചേക്കും. നഖം കടിക്കുന്ന ശീലമുള്ള ആളുകൾ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നാണ് മനശാസ്ത്രം പറയുന്നത്. സ്ഥലമോ സമയമോ നോക്കാതെ നഖം കടി ശീലമാക്കിയവർ സ്വന്തം വ്യക്തിത്വത്തിന്റെ ഇമേജ് തന്നെയാണ് നശിപ്പിക്കുന്നത്. ഇത്തരക്കാർക്ക് മനോധൈര്യം വളരെക്കുറവുമായിരിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉള്ളം കയ്യിലുള്ളതിനേക്കാൾ രണ്ടിരട്ടി അഴുക്കാണ് നഖങ്ങൾക്കുള്ളിലുണ്ടാവുന്നത്. നഖം കടിക്കുന്നതിലൂടെ ഈ അഴുക്കും നഖത്തിനുള്ളിലെ ബാക്ടീരിയകളും വയറിനുള്ളിലെത്തുകയും അത് മറ്റ് പല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഉപബോധ മനസിൽ നിന്നാണ് ഇത്തരം ശീലങ്ങൾ ഉണ്ടാകുന്നതെന്നതിനാൽ ശീലം ഉപേക്ഷിക്കുക എന്നത് അൽപ്പം ശ്രമകരവുമാണ്.

നഖം കടി ഒരു ശീലമാകുന്നതിനു മുൻപ് നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

  • വിരലുകളിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യത നഖം കടിയിലൂടെ വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് വിരലിന്റെ അഗ്രചർമ്മങ്ങളെ പ്രശ്നത്തിലാക്കുന്നു. നഖം വായിൽ വെച്ച് കടിക്കുമ്പോൾ ഉമിനീർ നിങ്ങളുടെ തൊലിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് അണുബാധക്ക് കാരണമാകുകയും ചെയ്യും.
  • നഖത്തിന് പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് നഖം കടിക്കുമ്പോൾ. നിങ്ങളുടെ നഖത്തിന് മാട്രിക്സ് എന്ന് പറയുന്ന ഒരു പാളിയുണ്ട്. നഖം കടിക്കുന്നതിലൂടെ മാട്രിക്സിന് കേട് പാട് സംഭവിക്കുന്നു. ഇത് നഖത്തിന് വിവിധ തരത്തിലുള്ള വൈകല്യവും നഖം പൊട്ടിപ്പോവുന്നതിനും കാരണമാകുന്നു.
  • നഖവും വിരലും ചേരുന്ന ഭാഗത്തായി മുറിവുണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വേദന, നഖത്തിനടിഭാഗത്തായി വീക്കം, എന്നിവയെല്ലാം ഉണ്ടാവുന്നു.
  • വയറിന് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവാനും നഖം കടി കാരണമാകും. നഖത്തിൽ നമ്മൾ കാണാതെ തന്നെ നിരവധി ബാക്ടീരിയകൾ വയറിന് പണി തരും. ഇത് വയറിന്റെ ആരോഗ്യത്തെയും ഇല്ലാതാക്കുന്നു.
  • ദന്തസംരക്ഷണവും നഖം കടിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. കാരണം നഖം കടിക്കുന്നതിലൂടെ വളഞ്ഞ പല്ലുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല്ലുകളുടെ ആരോഗ്യത്തിനും പല്ലിന് മോണക്കും കേട്പാട് സംഭവിക്കാതിരിക്കാനും നഖം കടി ഒഴിവാക്കുന്നതാണ് നല്ലത്.
  • അരിമ്പാറ പോലുള്ള പ്രശ്നങ്ങൾ പകരാൻ നഖം കടി കാരണമാകും. വിരലിൽ അരിമ്പാറ ഉണ്ടെങ്കിൽ അത് ചുണ്ടിലേക്കും മറ്റും പകരാൻ നഖം കടി കാരണമാകുന്നു.
  • വായ് നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. എന്നാൽ അതിന്റെ പ്രധാന കാരണം ഒരു പക്ഷേ നഖം കടിക്കുന്നതായിരിക്കും. നഖം കടിക്കുന്നതിലൂടെ വായ്നാറ്റം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.